Connect with us

Kozhikode

മുജാഹിദ് പണ്ഡിതസഭ: അബ്ദുറഹ്‌മാൻ സലഫിയും ഹുസൈൻ മടവൂരും പുറത്ത്

Published

|

Last Updated

കോഴിക്കോട് | പുനഃസംഘടിപ്പിക്കപ്പെട്ട ഔദ്യോഗിക മുജാഹിദ് വിഭാഗത്തിന്റെ പണ്ഡിത സഭയിൽ നിന്ന് അബ്ദുർറഹ്‌മാൻ സലഫി പുറത്ത്.
ഔദ്യോഗിക വിഭാഗത്തിലെ ഇരു ചേരികൾ തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന പോരിനൊടുവിലാണ് സലഫിയെ ഇത്തവണ ക്ലീൻ ഔട്ടാക്കിയത്. ഹുസൈൻ മടവൂരിനും പുതിയ പണ്ഡിത സഭയിൽ സ്ഥാനമില്ല.
നേരത്തേ ഔദ്യോഗിക മുജാഹിദ് വിഭാഗത്തെ നിയന്ത്രിച്ചിരുന്നത് അബ്ദുർറഹ്‌മാൻ സലഫിയായിരുന്നു. പിന്നീട് സ്വന്തം പേരിലുള്ള ഗ്രൂപ്പ് വിട്ട് ഹുസൈൻ മടവൂർ കടന്നു വന്നതോടെയാണ് അഭിപ്രായ വ്യത്യാസങ്ങൾ രൂപപ്പെട്ടത്.
മടവൂരിന്റെ വരവ് സലഫിക്കും ഒപ്പമുള്ളവർക്കും ഇഷ്ടമായില്ല. അവർക്ക് മെമ്പർഷിപ്പ് കൊടുക്കരുതെന്നാവശ്യപ്പെട്ട് സലഫിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തു.
സ്റ്റേ ഉത്തരവിനെത്തുടർന്ന് ഹുസൈൻ മടവൂരിനും മറ്റും ഇപ്പോഴും കേരള നദ്‌വത്തുൽ മുജാഹിദിന്റെ മെമ്പർഷിപ്പ് എടുക്കാനാവുന്നില്ല.
എന്നാൽ, ഔദ്യോഗിക പക്ഷത്തിന്റെ നേതാക്കളായ ടി പി അബ്ദുല്ലക്കോയ മദനിയും മറ്റും സലഫിയുടെ ഈ നീക്കത്തെ എതിർത്തു. എന്നാൽ, അപ്പോഴും പണ്ഡിതസഭയുടെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന സലഫിക്ക് തന്നെയായിരുന്നു കമ്മിറ്റിയിൽ മേധാവിത്വം.

ഇത്തവണ സലഫിയെ വെട്ടിനിരത്താനുള്ള ശ്രമങ്ങളാണ് പുനഃസംഘടനയിലൂടെ ഫലം കണ്ടത്. രണ്ട് ജില്ലകളിൽ മാത്രമേ നിലവിൽ സലഫിക്ക് ആധിപത്യമുള്ളൂവെന്നാണ് അറിയുന്നത്.
കഴിഞ്ഞ കമ്മിറ്റിയിൽ ട്രഷററായിരുന്ന പി പി ഉണ്ണീൻകുട്ടി മൗലവിയും പുറത്തായിട്ടുണ്ട്. നേരത്തേ, ജനറൽ സെക്രട്ടറിയായിരുന്ന ഹംസ ബാഖവിയെ എക്‌സിക്യൂട്ടീവ് അംഗമാക്കി മാറ്റി.
മുജാഹിദ് വിഭാഗങ്ങൾ ഐക്യപ്പെട്ട ശേഷം പിന്നീടുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഒപ്പമുള്ളവർ പിറകോട്ടടിച്ചെങ്കിലും സംഘടനയിൽ ഉറച്ചു നിന്ന ഹുസൈൻ മടവൂരിനെ പണ്ഡിതസഭയുടെ തലപ്പത്തേക്ക് കൊണ്ടു വരണമെന്ന ആവശ്യം ശക്തമായിരുന്നു.

കേരള നദ്‌വത്തുൽ മുജാഹിദീനിൽ മെമ്പർഷിപ്പ് നൽകാൻ നിവൃത്തിയില്ലെന്നിരിക്കെ പണ്ഡിത സഭയിൽ ഹുസൈൻ മടവൂരിന് ഭാരവാഹിത്വം ലഭിക്കുമെന്ന് അദ്ദേഹത്തോടൊപ്പമുള്ളവർ പ്രതീക്ഷിക്കുകയും ചെയ്തു.
എന്നാൽ, പുതിയ കമ്മിറ്റിയിൽ അദ്ദേഹത്തിനും പ്രാതിനിധ്യം കിട്ടിയിട്ടില്ല. കഴിഞ്ഞ ദിവസം കൊണ്ടോട്ടി പുളിക്കലിൽ നടന്ന ജനറൽ ബോഡി യോഗമാണ് കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
എം. മുഹമ്മദ് മദനി (പ്രസി.) ടി പി അബ്ദുല്ലക്കോയ മദനി, പി മുഹ്‌യിദ്ദീൻ മദനി (വൈസ് പ്രസി) ഹനീഫ് കായക്കൊടി ( സെക്ര.) അബ്ദുർറസാഖ് ബാഖവി, ഡോ എൻ. മുഹമ്മദലി അൻസാരി (അസി. സെക്ര) ഈസ മദനി (ട്രഷ) എന്നിവരാണ് ഭാരവാഹികൾ.

കെ സി മുഹമ്മദ് മൗലവി, വി അബൂബക്കർ മൗലവി, പി ഹംസ ബാഖവി, പി പി മുഹമ്മദ് മദനി, എൻ എ എം ഇസ്ഹാഖ് മൗലവി, എം. സ്വ ലാഹുദ്ദീൻ മദനി, കെ മായിൻ കുട്ടി സുല്ലമി, അബ്ദുർറഹ്‌മാൻ മദനി പാലത്ത്, എം ടി അബ്ദുസ്സമദ് സുല്ലമി, എൻ വി മുഹമ്മദ് സക്കരിയ്യ, എം എം നദ്്വി, ഡോ ഫള്്ലുല്ല, മുഹമ്മദ് സലീം സുല്ലമി, ഡോ:എ ഐ അബ്ദുൽ മജീദ് സ്വലാഹി എന്നിവർ ഭരണസമിതി അംഗങ്ങളാണ്.

---- facebook comment plugin here -----

Latest