National
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഇടപെടണം; രാഷ്ട്രപതിയെ കണ്ട് പ്രതിപക്ഷ നേതാക്കള്‍

ന്യൂഡല്‍ഹി | കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിച്ചു. രാഹുല്‍ ഗാന്ധി, ശരത് പവാര്‍, സീതാറാം യെച്ചൂരി, ഡി രാജ, ടി കെ എസ് ഇളങ്കോവന്‍ എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘമാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. കൊവിഡ് സ്ഥിതിഗതികള്‍ കണക്കിലെടുത്താണ് അഞ്ചുപേര്‍ മാത്രം രാഷ്ട്രപതിയെ കണ്ടാല്‍ മതിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചത്.
കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കേണ്ടത് അനിവാര്യമാണെന്ന കാര്യം രാഷ്ട്രപതിയെ ധരിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. മായാലോകത്ത് കഴിയുന്നത് അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് രാഹുല്‍ ആവശ്യപ്പെട്ടു. കര്‍ഷകരുമായി ക്രിയാത്മക ചര്‍ച്ചകള്‍ക്കോ ആശയവിനമയത്തി തയാറാകാതെയാണ് കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത്. ഇത് കര്‍ഷകര്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. കര്‍ഷകരെ അധിക്ഷേപിക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് കൊണ്ടാണ് കൊടും തണുപ്പിനെ പോലും വകവെക്കാതെ അവര്‍ പ്രക്ഷോഭ രംഗത്ത് ഉറച്ചു നില്‍ക്കുന്നത്. കാര്‍ഷിക രംഗം പ്രധാന മന്ത്രിയുടെ സുഹൃത്തുക്കള്‍ക്ക് തീറെഴുതി കൊടുക്കാനുള്ള നീക്കമാണ് നടന്നത്. ഇപ്പോള്‍ ഉണര്‍ന്നില്ലെങ്കില്‍ പിന്നെ ഒരിക്കലും ഉണരാന്‍ കഴിയില്ലെന്ന് രാഹുല്‍ കര്‍ഷകരോട് പറഞ്ഞു. “കര്‍ഷകരാണ് രാജ്യത്തിന്റെ ശില്‍പ്പികള്‍. അവരാണ് ഇന്ത്യ. ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കും.”- രാഹുല്‍ പറഞ്ഞു.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് എന്‍ സി പി നേതാവ് ശരത് പവാര്‍ പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും കര്‍ഷകര്‍ തെരുവിലിറങ്ങി സമാധാനപരമായി പ്രതിഷേധിക്കുകയാണ്. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തണമെന്നും ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, ആവശ്യം നിരാകരിച്ച കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്ലുകള്‍ തിരക്കിട്ട് പാസാക്കുകയാണ് ചെയ്തത്. പവാര്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങളും വൈദ്യുതി ഭേദഗതി നിയമവും പിന്‍വലിക്കാന്‍ ഇടപെടണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടതായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.