Kerala
ലൈഫ് മിഷന്‍: സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ തുടരും; 17ന് വീണ്ടും പരിഗണിക്കും

കൊച്ചി | ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ ഡിസംബര്‍17 വരെ നീട്ടി. അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും സ്‌റ്റേ നീക്കണമെന്നും സിബിഐ കോടതിയില്‍ വാദിച്ചു. എന്നാല്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സ്‌റ്റേ തുടരാന്‍ കോടതി ഉത്തരവിട്ടത്.
രണ്ട് മാസത്തിലേറെയായി അന്വേഷണം നടക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ കൈകള്‍ക്ക് കൂച്ചുവിലങ്ങ് ഇട്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും സിബിഐക്ക് വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ കോടതിയെ അറിയിച്ചു.ഈ കേസിലെ സ്റ്റേ നീക്കണമെന്നും സ്റ്റേ നീക്കിയ ശേഷം എഫ് സിആര്‍എ നിയമലംഘനത്തില്‍ ലൈഫ് മിഷന്‍ സിഇഒ നല്‍കിയിരിക്കുന്ന ഹരജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന നിലപാടാണ് സിബിഐ കോടതിയില്‍ സ്വീകരിച്ചത്.
കേസ് 21ലേക്ക് മാറ്റിവെക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ വി വിശ്വനാഥനന്‍ വാദിച്ചു . എന്നാല്‍ 17 ന് കേസ് കേള്‍ക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. സ്റ്റേ നീക്കണമെന്ന സിബിഐയുടെ ഹരജിയില്‍ 17ന് വിശദമായ വാദം കേള്‍ക്കും.