Connect with us

National

കേന്ദ്രമന്ത്രിയില്‍ നിന്ന് കര്‍ഷക പുരസ്‌കാരം നിരസിച്ച് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തനിക്ക് ലഭിച്ച അവാര്‍ഡ് കേന്ദ്രമന്ത്രിയില്‍ നിന്ന് വാങ്ങാതെ രാജ്യത്തെ മുതിര്‍ന്ന ശാത്രജ്ഞന്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. പഞ്ചാബ് കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രിന്‍സിപ്പല്‍ സോയില്‍ കെമിസ്റ്റായ ഡോ. വരീന്ദര്‍പാല്‍ സിംഗാണ് കേന്ദ്രത്തിനെ പ്രതിഷേധം അറിയിച്ചത്. കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ മുന്‍നിര്‍ത്തി ഫെര്‍ട്ടിലൈസേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് വരീന്ദര്‍പാല്‍ സിംഗിന് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

കേന്ദ്ര മന്ത്രിയടക്കം നിരവധി പ്രമുഖര്‍ അണിനിരന്ന പരിപാടിയില്‍ അവാര്‍ഡിനായി വരീന്ദര്‍പാല്‍ സിംഗിന്റെ പേര് വിളിക്കുകയായിരുന്നു. ഹര്‍ഷാരവത്തോടെ സദസ് അദ്ദേഹത്തെ സ്വീകരിച്ചു. അവാര്‍ഡ് നല്‍കാനായി മന്ത്രി സദാനന്ദ ഗൗഡയും എഴുനേറ്റു. എന്നാല്‍ പുരസ്‌കാരം നിരസിക്കുന്നതായി വരീന്ദര്‍പാല്‍ സിംഗ് വേദിയില്‍ വെച്ച് പറയുകയായിരുന്നു. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത് വേദിയില്‍ സംഘാടകരെ അദ്ദേഹം ഏല്‍പ്പിക്കുകയും ചെയ്തു. ഒപ്പം ജയ് കിസാന്‍ മുദ്രാവാക്യം വിളിച്ച് അദ്ദേഹം തന്റെ ഇരിപ്പിടത്തില്‍ പോയിയിരിക്കുകയായിരുന്നു. പരിപാടിയുടെ സംഘാടകര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചുവെങ്കിലും വിസമ്മതിക്കുകയായിരുന്നു.

നമ്മുടെ കര്‍ഷകര്‍ തെരുവിലിരിക്കുമ്പോള്‍ തന്റെ മനസാക്ഷി ഈ പുരസ്‌കാരം സ്വീകരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയില്‍ ഞങ്ങള്‍ വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ രാജ്യത്തെ കര്‍ഷകര്‍ക്കാണ് സമര്‍പ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് സര്‍ക്കാറിന്റെ പുരസ്‌കാരം സ്വീകരിച്ചാല്‍ അത് ധാര്‍മികമായി ശരിയായിരിക്കില്ല. എന്നിരുന്നാലും കേന്ദ്ര മന്ത്രിയോടും സംഘാടകരോടും ഞാന്‍ എന്റെ കടപ്പാട് രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest