National
ഭാരത് ബന്ദിനെ നേരിടാന്‍ വന്‍ തോതില്‍ സേന വിന്യാസവുമായി കേന്ദ്രം

ന്യൂഡല്‍ഹി | പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന ഭാരത് ബന്ദിനെ പ്രതിരോധിക്കാന്‍ വന്‍ തോതില്‍ സുരക്ഷാ സേനകളെ രംഗത്തിറക്കി കേന്ദ്രം. 4,000 ത്തോളം ട്രാഫിക് ഉദ്യോഗസ്ഥരെയും ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് ഡല്‍ഹിയിലും പരിസരത്തും വിന്യസിച്ചിരിക്കുന്നത്. 13 ദിവസമായി സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കരികിലേക്കാണ് വലിയ തോതില്‍ പോലീസിനെ വിന്യസിച്ചിരിക്കുന്നത്.
തങ്ങളുടെ പരമാവധി സന്നാഹവും റോഡുകളിലായിരിക്കുമെന്നും വിപുലമായ ഗതാഗത, സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവ പറഞ്ഞു. നിയമം കൈയ്യിലെടുക്കാന്‍ ഒരാളേയും അനുവദിക്കില്ലെന്നും ശ്രീവാസ്തവ പറഞ്ഞു.
ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിക്കാന്‍ നഗരത്തിലുടനീളം സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ ബന്ദിനോട് മികച്ച പ്രതികരണമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. പല സംസ്ഥാനങ്ങളിലും കട കമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.