Connect with us

Ongoing News

പ്രചാരണം അവസാന ലാപ്പിലേക്ക്; യു ഡി എഫിന് ഊരാക്കുടുക്കായി ജമാഅത്തെ ഇസ്‌ലാമി ബന്ധം

Published

|

Last Updated

കോഴിക്കോട് | തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് പ്രവേശിച്ചിരിക്കെ ജമാഅത്തെ ഇസ്്ലാമി ബന്ധം കനത്ത തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞതോടെ കോൺഗ്രസ് ആശങ്കയിൽ.
കേരളത്തിൽ മുന്നണിക്ക് പുറത്തുള്ള ആരുമായും സഖ്യം സാധ്യമല്ലെന്ന നിലപാടുമായി കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി നേതാവ് താരിഖ് അൻവറും രംഗത്ത് വന്നതോടെയാണ് കോൺഗ്രസ് പ്രതിസന്ധിയിലായത്.
ഇതോടെ ലീഗിനെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. മുസ്‌ലിം ലീഗാണ് ആദ്യഘട്ടത്തിൽ ജമാഅത്തുമായുള്ള സഖ്യത്തിന് നീക്കം നടത്തിയത്. പിന്നീട് മുന്നണി കൺവീനർ എം എം ഹസൻ ജമാഅത്തെ ഇസ്്ലാമി അമീറുമായി കൂടിക്കാഴ്ച നടത്തിയതോടെ സഖ്യ നീക്കം യു ഡി എഫിന് കൈമാറി ലീഗ് പിൻവലിയുകയായിരുന്നു. ലീഗിനെ പിന്തുണക്കുന്ന ഇ കെ സമസ്ത, മുജാഹിദ് വിഭാഗങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് ലീഗ,് ജമാഅത്ത് ചർച്ചയുടെ നേതൃസ്ഥാനം ഒഴിഞ്ഞത്. എന്നാൽ രഹസ്യമായ നീക്കുപോക്കിന് തങ്ങളില്ലെന്നും പരസ്യമായ സഖ്യം തന്നെ വേണമെന്നുമുള്ള നിലപാടിലായിരുന്നു ജമാഅത്തെ ഇസ്്ലാമി നേതൃത്വം. ലീഗ് രഹസ്യമാക്കി വെച്ച സഖ്യ ചർച്ചകൾ വെൽഫയർ പാർട്ടി നേതാക്കൾ തന്നെയാണ് പരസ്യമാക്കിയത്. ഇപ്പോൾ, ലീഗ് നേതൃത്വം മുന്നണിക്ക് പുറത്ത് ആരെങ്കിലുമായി നീക്കുപോക്ക് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ കോൺഗ്രസിന് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കൈയൊഴിയാനാണ് കോൺഗ്രസ് നീക്കം.

പ്രാദേശികമായി ജമാഅത്തുമായി നീക്കുപോക്കുണ്ടാക്കുകയും മുന്നണിക്ക് പുറത്ത് ഒരു സഖ്യവുമില്ലെന്ന് പരസ്യമായി പറയുകയും ചെയ്യുക എന്ന തന്ത്രമായിരുന്നു കോൺഗ്രസ് ആസൂത്രണം ചെയ്തത്. എന്നാൽ കെ മുരളീധരനും എം എം ഹസനും ഈ രഹസ്യ നീക്കം പരസ്യമാക്കിയതോടെ കോൺഗ്രസ് ചക്രവ്യൂഹത്തിലായി. കോൺഗ്രസിന്റെ മതേതരമുഖത്തിന് ഹാനിവരുത്തുന്ന മുന്നണി ബാഹ്യ സഖ്യത്തിന് യു ഡി എഫ് കനത്ത വില നൽകേണ്ടി വരുമെന്ന് വിവിധ സമുദായ സംഘടനകൾ ലീഗിനും കോൺഗ്രസിനും വളരെ നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest