Connect with us

Editorial

ക്യാമറകള്‍ കൊണ്ട് തടയാനാകുമോ മൂന്നാംമുറ?

Published

|

Last Updated

പോലീസിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മനുഷ്യാവകാശ ലംഘനങ്ങളും അധികാര ദുര്‍വിനിയോഗങ്ങളും തടയാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന കര്‍ശന ഉത്തരവ് നല്‍കിയിരിക്കുകയാണ് സുപ്രീം കോടതി. രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സി ബി ഐ, എന്‍ ഐ എ, ഇ ഡി തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ പ്രതികളെ ചോദ്യം ചെയ്യുന്ന ഓഫീസുകളിലും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ്, എസ് എഫ് ഐ ഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) ഓഫീസുകളിലും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് ജസ്റ്റിസ് റോഹിംഗ്ടന്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബഞ്ചിന്റെ നിര്‍ദേശം.

സി സി ടി വിയുടെ പരിധിയില്‍ വരാത്ത ഒരു ഭാഗവും പോലീസ് സ്‌റ്റേഷനില്‍ ഉണ്ടാകരുത.് സ്‌റ്റേഷന് അകത്തേക്ക് പ്രവേശിക്കുന്ന വഴികളിലും പുറത്തേക്ക് പോകുന്ന വഴികളിലും, റിസപ്ഷന്‍, ലോക്കപ്പ്, വരാന്ത, ഇന്‍സ്‌പെക്ടറുടെ മുറി, ശുചിമുറികളുടെ പുറംഭാഗം തുടങ്ങിയ ഇടങ്ങളിലും സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചിരിക്കണം. രാത്രി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്നതുമായിരിക്കണം ക്യാമറകള്‍. ചോദ്യം ചെയ്യുന്ന ഓഫീസുകളില്‍ എവിടെയെങ്കിലും വൈദ്യുതി കണക്്ഷനോ ഇന്റര്‍നെറ്റ് കണക്്ഷനോ ഇല്ലെങ്കില്‍ അവ എത്രയും വേഗം ഉറപ്പാക്കണമെന്നും സര്‍ക്കാറുകളോട് കോടതി ആവശ്യപ്പെടുന്നു. സി സി ടി വിയിലെ ദൃശ്യങ്ങള്‍ 18 മാസം സൂക്ഷിക്കണം. നിലവില്‍ വിപണിയില്‍ 18 മാസം ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന സി സി ടി വികള്‍ ഇല്ലെങ്കില്‍ പരമാവധി സമയം സൂക്ഷിക്കാന്‍ കഴിയുന്ന ക്യാമറകള്‍ സ്ഥാപിക്കാനും കോടതി ഉത്തരവില്‍ നിര്‍ദേശമുണ്ട്.

മൂന്നാംമുറ കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും വനിതാ പോലീസ് സ്റ്റേഷനുകളിലടക്കം ഈ കിരാത രീതി രാജ്യത്തെങ്ങും ഇപ്പോഴും സാര്‍വത്രികമാണ്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരെ അതിക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായത് അടുത്തിടെയാണ്. മൂന്നാംമുറ പ്രയോഗിച്ചതായി തെളിഞ്ഞാല്‍ നിയമപരമായും വകുപ്പുതലത്തിലും ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പി ലോക്‌നാഥ് ബെഹ്‌റയും ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും കേരളത്തിലും അരങ്ങേറുന്നു പ്രതികള്‍ക്കു നേരേ പോലീസ് പീഡനം. ഇതുസംബന്ധിച്ച് കോടതികളില്‍ നിരന്തരം പരാതികള്‍ വന്നതിനെ തുടര്‍ന്ന് എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നതാണ്. തുടര്‍ന്ന് ഏതൊക്കെ പോലീസ് സ്‌റ്റേഷനുകളില്‍ എവിടെയൊക്കെ എത്രയൊക്കെ സി സി ടി വി ക്യാമറകള്‍ വെച്ചു എന്ന് അറിയിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാറുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. ഭൂരിഭാഗം സംസ്ഥാനങ്ങളും കോടതിക്ക് കൃത്യമായ മറുപടി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

എന്നാല്‍ പോലീസ് സ്റ്റേഷനുകളില്‍ സി സി ടി വി ക്യാമറ സ്ഥാപിച്ചതു കൊണ്ട് തടയാനാകുമോ കസ്റ്റഡി പീഡനങ്ങള്‍? പീഡന സമയങ്ങളില്‍ ക്യാമറ ഓഫ് ചെയ്യുകയും ക്യാമറകള്‍ കേടുവരുത്തി ഇടിവെട്ടിനെ പഴിചാരുകയും ചെയ്യുന്ന വിരുതന്മാരാണ് പോലീസ് ഉദ്യോഗസ്ഥരില്‍ പലരും. നേരത്തേ ക്യാമറകള്‍ സ്ഥാപിച്ച പല സ്റ്റേഷനുകളിലും അവ പ്രവര്‍ത്തനരഹിതമാണ്. ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരിയില്‍ തെരുവുകളില്‍ സ്ഥാപിച്ച സി സി ടി വി ക്യാമറകള്‍ പോലീസ് തല്ലിത്തകര്‍ക്കുന്ന ദൃശ്യം പുറത്തു വന്നിരുന്നു. ഡല്‍ഹി ഖുറേജിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഗ്യാസ് സ്റ്റേഷനു സമീപമുള്ള പോസ്റ്റിലെ സി സി ടി വി ക്യാമറ പോലീസ് ഉദ്യോഗസ്ഥര്‍ ലാത്തി കൊണ്ട് അടിച്ചുതകര്‍ക്കുന്ന രംഗമാണ് ആരോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പുറത്തു വിട്ടത്. ഷോപ്പുകള്‍ക്ക് മുമ്പിലുണ്ടായിരുന്ന ക്യാമറകളും അന്ന് പോലീസ് നശിപ്പിച്ചതായി കടയുടമകള്‍ പരാതിപ്പെടുകയുണ്ടായി. ഡല്‍ഹിയില്‍ പ്രതിഷേധ സമരക്കാര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്ന സംഘ്പരിവാര്‍ ഗുണ്ടകളെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന ആരോപണത്തെ സാധൂകരിക്കുന്നതായിരുന്നു പോലീസിന്റെ ഈ ചെയ്തി.

മനുഷ്യാവകാശ ലംഘനങ്ങളും കസ്റ്റഡി പീഡനങ്ങളും നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കുന്നതില്‍ ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും പരാജയമാണ് രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ നിര്‍ബാധം തുടരാന്‍ കാരണം. മൂന്നാംമുറയെ തുടര്‍ന്ന് ഒരു വ്യക്തി മരണപ്പെടുകയും പൊതുസമൂഹത്തില്‍ പ്രതിഷേധത്തിനിടയാക്കുകയും ചെയ്താല്‍ അതിനുത്തരവാദിയായ ഉദ്യോഗസ്ഥനെ അന്വേഷണാത്മകമായി സസ്‌പെന്‍ഡ് ചെയ്യുന്നതിലൊതുങ്ങുന്നു അധികൃതരുടെ ഭാഗത്തു നിന്നുള്ള നടപടി. കസ്റ്റഡി പീഡനക്കേസിലെ പ്രതികളായ പോലീസുദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെട്ട സംഭവം രാജ്യത്ത് അപൂര്‍വമാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2019ല്‍ 85 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. ഇതില്‍ എട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒരു ഉദ്യോഗസ്ഥന്‍ പോലും ശിക്ഷിക്കപ്പെട്ടില്ല. 2017-2019 കാലത്ത് 255 കസ്റ്റഡി മരണങ്ങള്‍ നടന്നപ്പോള്‍ ശിക്ഷിക്കപ്പെട്ടത് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മാത്രം. കസ്റ്റഡി മരണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നിര്‍ബന്ധമാക്കി കോടതി ഉത്തരവ് വന്നിട്ടുണ്ട്. ഇതും പാലിക്കപ്പെടാറില്ല. മിക്കപ്പോഴും സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ കേസ് അവസാനിപ്പിക്കുന്നു. പാവപ്പെട്ടവരും നിസ്സഹായരുമാണ് മൂന്നാംമുറക്ക് വിധേയമാകുന്നവരില്‍ ബഹുഭൂരിഭാഗവും. സാമ്പത്തിക പരാധീനത മൂലം ഇവരില്‍ ഏറെ പേര്‍ക്കും അഭിഭാഷകരെ വെച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ കഴിയാറില്ല. കസ്റ്റഡി മരണത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്ന ഡോക്ടര്‍മാര്‍ സ്വാധീനത്തിന്റെയും സമ്മര്‍ദത്തിന്റെയും ഫലമായി ഇതിനെ ആത്മഹത്യയായോ സ്വാഭാവിക മരണമായോ രേഖപ്പെടുത്തുന്നതും പതിവാണ്. നിയമത്തെ കൊഞ്ഞനം കുത്തി ഉദ്യോഗസ്ഥര്‍ക്ക് അഴിഞ്ഞാടാനും മനുഷ്യാവകാശ ലംഘനത്തിനുമുള്ള അവസരം ഇല്ലാതാക്കുകയും കസ്റ്റഡി പീഡനം നടത്തുന്ന പോലീസുകാര്‍ക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്‌തെങ്കിലേ മൂന്നാംമുറ ഇല്ലായ്മ ചെയ്യാനാകൂ.

---- facebook comment plugin here -----

Latest