Connect with us

National

കർഷക പ്രക്ഷോഭം: ഇന്ന് നിർണായക ചർച്ച; ഡൽഹിയിൽ തിരക്കിട്ട നീക്കം

Published

|

Last Updated

ന്യൂഡൽഹി | വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകളുമായി കേന്ദ്ര സർക്കാറിന്റെ നിർണായക ചർച്ച ഇന്ന്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള ക്ഷണപ്രകാരം വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടിരുന്നു. ഇന്നത്തെ ചർച്ചയും പരാജയപ്പെട്ടാൽ പ്രക്ഷോഭം ഡൽഹിയിൽ ശക്തമാക്കുന്നതോടൊപ്പം രാജ്യവ്യാപകമാക്കാനും കർഷക സംഘടനകൾ ആലോചിക്കുന്നുണ്ട്. ചർച്ചയുടെ മുന്നോടിയായി കേന്ദ്ര സർക്കാറും കർഷക സംഘടനകളും ഇന്നലെ അടിയന്തര യോഗങ്ങൾ ചേർന്നു. കേന്ദ്ര സർക്കാറിന്റെ യോഗം അമിത് ഷായുടെ വസതിയിൽ ചേർന്നു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും വാണിജ്യ മന്ത്രി പീയൂഷ് ഗോയലും യോഗത്തിൽ പങ്കെടുത്തു.

അതേസമയം, സിങ്കു അതിർത്തിയിൽ ചേർന്ന യോഗത്തിന് പിന്നാലെ കർഷക സംഘടനകൾ കൂടുതൽ കടുത്ത നിലപാടുമായി രംഗത്തെത്തി. കാർഷിക നിയമങ്ങൾ റദ്ദാക്കാൻ പാർലിമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ദേശീയ തലസ്ഥാനത്തെ മറ്റ് റോഡുകൾ തടയുമെന്നും കർഷക സംഘടനാ നേതാക്കൾ ഭീഷണി മുഴക്കി. ആവശ്യങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ടിവരുമെന്ന് കർഷക നേതാവ് ഗുർനാം സിംഗ് ചദോനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രക്ഷോഭം തുടരുന്നു

ഒരാഴ്ച പിന്നിട്ട കർഷക പ്രക്ഷോഭം ശക്തമായി തുടരുകയാണ്. സിങ്കു, തിക്രി അതിർത്തികൾ ഇന്നലെയും അടച്ചിട്ടു. ഡൽഹി- നോയിഡ അതിർത്തിയിൽ തുടർച്ചയായ രണ്ടാം ദിവസവും കർഷകർ കുത്തിയിരിപ്പ് സമരം തുടർന്നതോടെ ഈ റോഡും അടച്ചു. രാജ്യ തലസ്ഥാനത്തെ സുപ്രധാന റോഡുകളിലൊന്നാണിത്. വൈകുന്നേരത്തോടെ പ്രതിഷേധക്കാരെ പോലീസ് താത്കാലികമായി മാറ്റി റോഡ് തുറന്നു.

ഉത്തർപ്രദേശിന്റെ അതിർത്തി റോഡായ ഗാസിപൂരിലും റോഡ് ഉപരോധിച്ച് പ്രതിഷേധം അരങ്ങേറി. സമരത്തെ കൂടുതൽ ശക്തിപ്പെടുത്താനുറച്ച് ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ വാഹനങ്ങളിൽ കർഷകർ ഡൽഹിയിലേക്കെത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.

പിന്തുണയേറുന്നു

ട്രാക്ടറുകളിലും മറ്റ് വാഹനങ്ങളിലുമായി ഓരോ വീട്ടിൽ നിന്നും ഒരംഗമെങ്കിലും ഡൽഹിയിലേക്ക് പുറപ്പെടണമെന്ന ആഹ്വാനവും പല ഭാഗങ്ങളിൽ നിന്നുണ്ടായിട്ടുണ്ട്.
പഞ്ചാബിൽ അഭിനേതാക്കൾ, എഴുത്തുകാർ, ഗായകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ളവർ കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്.
അതേസമയം, കർഷക സമരത്തിന് പിന്നിൽ ശഹീൻബാഗിൽ നിന്നുള്ളവരാണെന്നുള്ള ആരോപണം ബി ജെ പി വൃത്തങ്ങൾ ശക്തിപ്പെടുത്താൻ തുടങ്ങി. ശഹീൻ ബാഗിലെ സി എ എ വിരുദ്ധ സംഘത്തിൽ നിന്നുള്ളവർ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

അതിനിടെ, കർഷക വിഷയത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും ഏറ്റുമുട്ടി. കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക നയങ്ങൾ ഡൽഹിയിൽ നടപ്പാക്കാൻ കെജ്‌രിവാൾ മുൻകൈയെടുത്തുവെന്ന അമരീന്ദർ സിംഗിന്റെ പ്രസ്താവനക്കെതിരെ ഡൽഹി മുഖ്യമന്ത്രി രംഗത്തെത്തുകയായിരുന്നു. രാജ്യം ഇത്രയും പ്രതിസന്ധി നേരിടുന്ന സമയത്ത് എങ്ങനെ ഇത്തരം തരംതാണ രാഷ്ട്രീയം കളിക്കാൻ കഴിയുന്നതെന്നു കെജ്‌രിവാൾ ചോദിച്ചു.

Latest