Connect with us

National

ജഡ്ജിമാര്‍ക്കെതിരെ മോശം പരാമര്‍ശം; ജസ്റ്റിസ് സി എസ് കര്‍ണന്‍ അറസ്റ്റില്‍

Published

|

Last Updated

ചെന്നൈ | സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സി എസ് കര്‍ണനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു.

മോശം പരാമര്‍ശങ്ങള്‍ നിറഞ്ഞ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോകള്‍ നീക്കം ചെയ്യാന്‍മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ജഡ്ജിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരേ അഴിമതി, ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച വീഡിയോകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഒക്ടോബറില്‍ ചെന്നൈ സിറ്റി സൈബര്‍ പോലീസ് ജസ്റ്റിസ് കര്‍ണനെതിരേ കേസെടുത്തിരുന്നു. അഭിഭാഷകയായ എസ് ദേവികയുടെ പരാതിയെ തുടര്‍ന്നായിരുന്നു കേസ്.കര്‍ണനെതിരെ മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയ്ക്ക് പരാതി നല്‍കിയിരുന്നു.

ജസ്റ്റിസ് കര്‍ണന്‍ നടത്തിയ ആരോപണങ്ങള്‍ അത്യന്തം അപകീര്‍ത്തികരമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനാപരമായ ഉയര്‍ന്ന സ്ഥാനം വഹിച്ച ആള്‍ ഇത്തരത്തില്‍ തരംതാഴുന്നത് നിര്‍ഭാഗ്യകരമാണ്. കോടതിയിലെ വനിതാജീവനക്കാര്‍ക്കും വനിതാ അഭിഭാഷകര്‍ക്കുമെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ ഗുരുതരമായ കുറ്റമാണെന്നും കോടതി അഭിപ്രായപ്പെട്ടു. വിവാദ വീഡിയോകള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച കോടതി കേസ് ഡിസംബര്‍ ആറിന് വീണ്ടും പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കേ മറ്റ് ജഡ്ജിമാരില്‍നിന്ന് ജാതിവിവേചനം നേരിടേണ്ടി വന്നുവെന്ന് 2017ല്‍ ജസ്റ്റിസ് കര്‍ണന്‍ വെളിപ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മറ്റ് ജഡ്ജിമാരുടെ പരാതിയെത്തുടര്‍ന്ന് കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ അടക്കം സുപ്രീം കോടതിയിലെ എട്ട് ജഡ്ജിമാര്‍ക്ക് എതിരേ ജസ്റ്റിസ് കര്‍ണര്‍ സ്വമേയധാ കേസെടുത്ത് അഞ്ചുവര്‍ഷം കഠിനതടവു വിധിച്ചു. അടുത്ത ദിവസം ജസ്റ്റിസ് കര്‍ണനെതിരേ കോടതി അലക്ഷ്യത്തിന് സുപ്രീംകോടതി കേസെടുത്തു. കേസില്‍ ആറുമാസം തടവുശിക്ഷ അനുഭവിച്ചതിനുശേഷം 2017 ഡിസംബറിലാണ് ജയില്‍ മോചിതനായത്.

സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ചില ജഡ്ജിമാര്‍ വനിതാ ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നും കര്‍ണന്‍ പുറത്തിറക്കിയ വീഡിയോയില്‍ ആരോപിച്ചിരുന്നു. വനിതാ ജീവനക്കാരുടെ പേരും വെളിപ്പെടുത്തിയിരുന്നു.

Latest