Kerala
ബുറെവി: കടലില്‍ നിന്നും തിരിച്ചെത്താനുള്ളത് 25 ബോട്ടുകള്‍

കൊല്ലം | ബുറെവി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ശ്രീലങ്കന്‍ തീരം തൊടാനിരിക്കെ കേരളത്തില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ 25 ഓളം ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയില്ല. കൊല്ല നീണ്ടകര, ശക്തികുളങ്ങര ഭാഗത്ത് നിന്നുള്ള മത്സ്യ ബന്ധന ബോട്ടുകളാണ് മടങ്ങിയെത്താനുള്ളത്. ഇവരെ തിരികെ എത്തിക്കാനോ, തൊട്ടടുത്തെ തീരത്ത് എത്തിക്കനോ ഉള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ കോസ്റ്റnd] പോലീസ് തിരികെ വരാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ വിസമ്മതിക്കുന്നതായും ആരോപണമുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ബുറെവി ചുഴലിക്കാറ്റായി മാറിയതോടെയാണ് മത്സ്യതൊഴിലാളികള്‍ക്ക് തിരികെ വരാന്‍ നിര്‍ദ്ദേശം നല്‍കിയത്. കേരള തീരത്തുള്ള മത്സ്യ ബന്ധനവും നിരോധിച്ചിട്ടുണ്ട്. തെക്കന്‍ കേരളം, തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ അതിശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ബുറെവി ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തുകൂടി അറബിക്കടലില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. അടുത്ത 12 മണിക്കൂറിനുള്ളില്‍ ബുറേവി കൂടുതല്‍ ശക്തിപ്രാപിച്ച് ഇന്ന് വൈകീട്ട് ശ്രീലങ്കന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടല്‍. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയുള്ള ചുഴലിക്കാറ്റിന്റെ ഗതി ഇതുവരെ നിശ്ചയിക്കാനായിട്ടില്ല.