Connect with us

Socialist

ക്രെഡിറ്റ് കാര്‍ഡില്‍ ക്രെഡിറ്റ് പരിധി ഉയര്‍ത്തല്‍ തട്ടിപ്പ് വ്യാപകം; ഒ ടി പി തെറ്റിപ്പറഞ്ഞതിനാല്‍ മാത്രം രക്ഷപ്പെട്ട അനുഭവം വായിക്കാം

Published

|

Last Updated

ക്രെഡിറ്റ് കാര്‍ഡില്‍ ക്രെഡിറ്റ് പരിധി ഉയര്‍ത്താന്‍ അനുവാദം ചോദിച്ച് തട്ടിപ്പ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രണ്ടാം തവണ പറഞ്ഞുകൊടുത്ത ഒ ടി പി തെറ്റായതിനാല്‍ കഷ്ടിച്ച് രക്ഷപ്പെട്ട അനുഭവം പറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍ ടി സി രാജേഷ് സിന്ധു. യാതൊരു സംശയത്തിനും ഇടനല്‍കാത്ത വിധമായിരുന്നു ഫോണില്‍ വിളിച്ചയാളുടെ സംസാരം.

ഫേസ്ബുക്കിലാണ് അദ്ദേഹം അനുഭവം പങ്കുവെച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം:

ക്രെഡിറ്റ് കാർഡിൽ ഇന്നലെ വീണ്ടും എട്ടിന്റെ പണി കിട്ടേണ്ടതായിരുന്നു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചെറുതല്ലാത്ത മണ്ടത്തരം ഞാനും കാണിച്ചു എന്നതാണ് സത്യം.
പതിവുപോലെ ക്രെഡിറ്റ് ലിമിറ്റ് ഉയർത്താനുള്ള അനുവാദത്തിനായാണെന്നു പറഞ്ഞാണ് വിളിവന്നത്. 7653088224 എന്ന നമ്പറിൽ നിന്നായിരുന്നു വിളി. സാധാരണ ഇത്തരം കോളുകൾ വരുമ്പോൾ അച്ചുവിന്റെ കൈയ്യിൽകൊടുത്ത് സംസാരിപ്പിക്കുകയാണ് പതിവ്. ഇന്നലെ അവൻ മുറിയിലില്ലാതിരുന്നതിനാൽ ഞാൻതന്നെ കൈകാര്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. യാതൊരു സംശയത്തിനുമിടനൽകാത്തവിധത്തിൽ കോൾ സെന്റർ എക്‌സിക്യൂട്ടീവിന്റെ ചാരുതയോടെയായിരുന്നു യുവാവിന്റെ ഇംഗ്ലീഷിലുള്ള സംസാരം.
നിലവിലെ കാർഡിന്റെ ലിമിറ്റിൽ നാലിലൊന്നുപോലും ഉപയോഗിക്കുന്നില്ലെങ്കിലും കുറച്ചുകൂടി ക്രെഡിറ്റ് ചുമ്മാ ഇരിക്കട്ടെയെന്നു തോന്നിയത് ആദ്യത്തെ മണ്ടത്തരവും അഹങ്കാരവും. അതുകൊണ്ട് ക്രെഡിറ്റ് ലിമിറ്റ് ഉയർത്താൻ അനുവാദം കൊടുത്തു. കാർഡ് വെരിഫൈ ചെയ്യാൻ അവസാനത്ത എട്ട് അക്കം അടുത്ത ചോദ്യം. അതു പറഞ്ഞുകൊടുത്തതേ കാലാവധിയും ജനനത്തിയതിയും ചോദിച്ചു. വിവരങ്ങൾ വെരിഫൈ ചെയ്യുന്നതിനായി ഏതാനും സെക്കന്റുകൾ ഹോൾഡ് ചെയ്യാൻ പറഞ്ഞപ്പോൾ അതും അനുസരിച്ചു. അൽപസമയം നിശ്ശബ്ദതയ്ക്കുശേഷം, ഒരു ആറക്ക വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ടെന്നും അതൊന്നു പറയാനുമായി. സംസാരത്തിനിടയിൽ മൊബൈലിൽ നോക്കിയപ്പോൾ നോട്ടിഫിക്കേഷൻ കിടപ്പുണ്ട്- “യുവർ കോഡ് ഈസ്…” (സാധാരണയായി അക്കങ്ങളുള്ള മെസേജ് വരുമ്പോൾ ഫോണിൽ പ്രത്യക്ഷപ്പെടുന്ന, മെസേജ് തുറക്കാതെ വായിക്കാനാകുന്ന ഈ നോട്ടിഫിക്കേഷൻ എത്രമാത്രം അപകടകരമാണെന്ന് ഇന്നലെയാണ് മനസ്സിലായത്.) സംശയത്തിനടനൽകാൽ ആറക്ക കോഡ് പറഞ്ഞുകൊടുത്തു. അവർ കോഡ് റിപ്പീറ്റ് ചെയ്തപ്പോൾ ഒരക്കം മാറിപ്പോയി. അപ്പോഴാണ് വെളിപാടുപോലെ ഒരു സംശയമുണ്ടായത്. തട്ടിപ്പുകോളാണോ എന്ന് തിരികെച്ചോദിച്ചു. അല്ലെന്നും ക്രെഡിറ്റ് ലിമിറ്റുയർത്താൻ എസ്ബിഐയിൽ നിന്നാണ് വിളിക്കുന്നതെന്നും എക്‌സിക്കുട്ടന്റെ മാന്യമായ മറുപടി. ഹോൾഡ് ചെയ്യാൻ പറഞ്ഞ് മെസേജ് ബോക്‌സ് തുറന്നപ്പോൾ സംഗതി ഒ.ടി.പി ആണ്. ആരുമായും പങ്കിടരുതെന്ന വാചകം അവസാനമുണ്ടുതാനും.
തട്ടിപ്പു മണത്ത ഉടനെ അച്ചുവിനെ വിളിച്ചുവരുത്തി ഫോൺ കൊടുത്തു. അവരോട് ഹോൾഡ് ചെയ്യാനാണ് അച്ചു ആദ്യം ആവശ്യപ്പെട്ടത്. എസ്ബിഐയിൽ നിന്നുള്ള ഔദ്യോഗിക കോളാണെങ്കിൽ ഹോൾഡ് ചെയ്യുമ്പോൾ റിക്കാഡ് ചെയ്തുവച്ച നന്ദി സന്ദേശം വന്നുകൊണ്ടിരിക്കുമെന്നും തട്ടിപ്പു കോളിൽ അതുണ്ടാകില്ലെന്നും അവൻ പറയുന്നു. ഞാൻ ആദ്യം കോൾ ഹോൾഡു ചെയ്തപ്പോൾ ഒരു സന്ദേശവുമുണ്ടായിരുന്നില്ലെന്നും പൂർണ നിശ്ശബ്ദതയായിരുന്നെന്നും അപ്പോഴാണ് ഓർത്തത്. അച്ചു ആവശ്യപ്പെട്ടിട്ടും അവർ ഹോൾഡ് ചെയ്യാൻ തയ്യാറായില്ല. എന്നാൽപിന്നെ മറ്റൊരു എക്‌സിക്യൂട്ടീവിന് കൈമാറാനായി അവൻ. അതും അവർ ചെയ്തില്ല. കോൾ വന്നിരിക്കുന്നത് ഒരു മൊബൈൽ നമ്പറിൽ നിന്നാണല്ലോ എന്നു പറഞ്ഞപ്പോൾ എസ്ബിഐയുടെ ഔദ്യോഗിക നമ്പറിൽ നിന്നു വിളിക്കാമെന്നു പറഞ്ഞ് അവർ ഫോൺ വച്ചു.
മിനിട്ടുകൾക്കുള്ളിൽ വീണ്ടും കോൾ വന്നു. 18004253800 എന്ന നമ്പറിൽ നിന്ന് കോൾ വന്നപ്പോൾ സംഗതി ഒറിജിനലാണെന്ന് അവനും ആദ്യം വിശ്വസിച്ചു. 180യിൽ തുടങ്ങുന്ന നമ്പറുകൾ ഔദ്യോഗിക കോൾസെന്ററുകളുടേതാണല്ലോ. പക്ഷേ, അവരുടെ സംസാരത്തിൽ സംശയം തോന്നി വീണ്ടും നോക്കിയപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി പിടികിട്ടിയത്. ആ നമ്പറിനു മുന്നിൽ ഒരു + ചിഹ്നം കൂടിയുണ്ടായിരുന്നു. +1 അത് അമേരിക്കയിൽ നിന്നുള്ള കോളുകളുടെ കോഡാണ്. അവര് വിളിച്ചിരിക്കുന്ന യഥാര്ഥ നമ്പര് 8ല് തുടങ്ങുന്ന പത്തക്ക നമ്പറാണ്. ഇപ്പോൾ എവിടെ നിന്നും ആർക്കും ഇങ്ങനെ പറ്റിച്ച് വിളിക്കാവുന്ന ചില മൊബൈൽ ആപ്പുകളുണ്ട്. അതിൽ പണം കൊടുത്താൽ ഇഷ്ട നമ്പറും കിട്ടും. അങ്ങനെ എടുത്ത നമ്പറിലൂടെയാണ് തെറ്റിദ്ധാരണയുണ്ടാക്കി പണിതരാൻ ഇവർ ശ്രമിച്ചത്. ആ നമ്പർ ട്രാക്ക് ചെയ്യാനാകില്ലത്രെ. എന്തായാലും അച്ചു അവന്മാരെ നന്നായി കൈകാര്യം ചെയ്തുവിട്ടതിനാൽ രക്ഷപ്പെട്ടു.
പിന്നെ ട്രൂ കോളറിൽ നോക്കിയപ്പോൾ ആദ്യ നമ്പർ “കാർഡ് സ്‌കാം” എന്ന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോണിൽ ഉപയോഗിക്കുന്നത് മൊബൈൽ ഡേറ്റയായതിനാൽ കോൾ വന്നപ്പോൾ നെറ്റ് കട്ടായതിനാല് ട്രൂകോളർ മെസേജ് തെളിഞ്ഞിരുന്നില്ല. തെളിഞ്ഞിരുന്നെങ്കിൽ ഞാൻ കോൾ പോലും അറ്റൻഡു ചെയ്യില്ലായിരുന്നു. എന്തായാലും ബാങ്കിന്റെ കസ്റ്റമർ കെയറിലും സൈബർ സെല്ലിലും വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തട്ടിപ്പുകാർക്ക് ആദ്യം പറഞ്ഞുകൊടുത്ത ഒ.ടി.പി തെറ്റിപ്പോയില്ലായിരുന്നെങ്കിൽ ഇന്നലെ എത്രരൂപയ്ക്ക് പണികിട്ടുമായിരുന്നുവെന്നോർക്കുമ്പോൾ ഒരു വിറയൽ ഇപ്പോഴുമുണ്ട്.

Latest