Connect with us

Kerala

കെ എസ് എഫ് ഇയിലെ വിജിലന്‍സ് പരിശോധന; ധനമന്ത്രിയെ തള്ളി സി പി എം

Published

|

Last Updated

തിരുവനന്തപുരം | കെ എസ് എഫ് ഇയില്‍ വിജിലന്‍സ് പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസകിനെ തള്ളി സി പി എം. വിഷയത്തില്‍ പരസ്യ പ്രസ്താവന നടത്തിയ ധനമന്ത്രിയുടെ നടപടി ശരിയായില്ലെന്നും അത് ഒഴിവാക്കണമായിരുന്നു എന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ധനമന്ത്രിയുടെ പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും പ്രചാരണത്തിനും ഇടയാക്കിയെന്നും പ്രസ്താവനയില്‍ പറഞ്ഞു. അവൈലബിള്‍ സെക്രട്ടേറിയറ്റ് ചേര്‍ന്നാണ് കെ എസ് എഫ് ഇ വിവാദം ചര്‍ച്ച ചെയ്തത്.

അതേസമയം, പരിശോധന സംബന്ധിച്ച് സി പി എമ്മിനും സര്‍ക്കാരിനും വ്യത്യസ്ത അഭിപ്രായം ഉണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിക്കുകയാണെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു. അത്തരം ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല. വിജിലന്‍സ് പരിശോധന സാധാരണ ഗതിയിലുള്ളതാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

മികച്ച നിലയിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഇടത് സര്‍ക്കാരിന് പൊതു സമൂഹത്തിലുള്ള സ്വീകാര്യത ഇല്ലാതാക്കുക ലക്ഷ്യം വച്ചാണ് എതിരാളികള്‍ നിരന്തരം വിവാദം ഉണ്ടാക്കുന്നത്. ഇത്തരം ജനാധിപത്യ വിരുദ്ധ സമീപനങ്ങള്‍ എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.