National
ഏതാനും സംഘടനകളെ മാത്രം ഉള്‍പ്പെടുത്തി ചര്‍ച്ച നടത്താനുള്ള കേന്ദ്ര നീക്കം പാളുന്നു

ന്യൂഡല്‍ഹി | ആറാം ദിവസത്തിലേക്ക് കടന്ന കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ഏതാനും സംഘടനകളെ മാത്രം ഇന്ന് ചര്‍ച്ചക്ക് ക്ഷണിച്ച കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിന് തിരിച്ചടി. 32 കര്‍ഷക സംഘടനകളെ ചര്‍ച്ചക്ക് ക്ഷണിച്ച് തിരിക്കിട്ട് സമരം അവസാനിപ്പിക്കാമെന്നായിരുന്നു കേന്ദ്രം കണക്ക് കൂട്ടിയത്. എന്നാല്‍ സമരത്തില്‍ ഏര്‍പ്പെടുന്ന മുഴുവന്‍ സംഘടന പ്രതിനിധികളേയും ചര്‍ച്ചക്ക് വിളിക്കണമെന്ന് കര്‍ഷകര്‍ നിലപാട് എടുത്തതോടെയാണ് കേന്ദ്ര നീക്കം പാളിയത്. 500ല്‍ കൂടുതല്‍ സംഘടനകള്‍ കര്‍ഷക സമരത്തിനുണ്ടെന്നും ഇവരുടെ പ്രതിനിധികളെ എല്ലാം വിളിച്ചില്ലെങ്കില്‍ ചര്‍ച്ചക്കില്ലെന്ന് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയുടെ തവന്‍ സുഖ്വീന്ദര്‍ എസ് സബ്രാന്‍ പ്രതികരിച്ചു.
ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് കേന്ദ്രം ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ പങ്കെടുക്കണമോ എന്ന് തീരുമാനിക്കുന്നതിനായി ഇപ്പോള്‍ കര്‍ഷക സംഘടനകള്‍ യോഗം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ഡിസംബര്‍ മൂന്നിനായിരുന്നു കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കര്‍ഷക സമരം കരുത്താര്‍ജിക്കുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് തന്നെ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ പറയുകയായിരുന്നു. പോലീസിനെ ഉപയോഗിച്ച് കര്‍ഷക പ്രതിഷേധം തടയാന്‍ കേന്ദ്രം ശ്രമം നടത്തുന്നുണ്ടെങ്കിലും കര്‍ഷക സമരങ്ങളെ പിന്തുണച്ച് ഡല്‍ഹിയിലേക്ക് നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.