Kerala
തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് ജാഗ്രതാ നിര്‍ദേശം; കേരളം കേന്ദ്ര സഹായം തേടി

തിരുവനന്തപുരം | തെക്കന്‍ കേരളത്തിന് ചുഴലിക്കാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേത്തുടര്‍ന്ന് സംസ്ഥാനം കേന്ദ്ര സേനയുടെ സഹായം തേടി
അടിയന്തര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുവാന്‍ നേവിയോടും കോസ്റ്റ്ഗാര്‍ഡിനോടും കേരള തീരത്ത് നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കപ്പലുകള്‍ സജ്ജമാക്കി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
വ്യോമസേനയോട് ഹെലികോപ്ടറും ഫിക്‌സഡ് വിംഗ് എയര്‍ക്രാഫ്റ്റും സജ്ജമാക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് ടീമുകളെ കൂടി അധികമായി ആവശ്യപ്പെടുകയും ചെയ്തു.
സ്ഥിതിഗതികള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇത് സംബന്ധിച്ച് പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ അതീവ ഗൗരവമായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.