National
തീവ്ര വര്‍ഗീയ പ്രസ്താവന നടത്തിയ കര്‍ണാടക മന്ത്രിയോട് വെറുപ്പ് തോന്നുന്നു: ഉവൈസി

ഹൈദരാബാദ് | കര്‍ണാടകയിലെ ബെലഗാവി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദു വിഭാഗത്തിലെ ആര്‍ക്ക് സീറ്റ് നല്‍കിയാലും മുസ്ലിംങ്ങള്‍ക്ക് നല്‍കില്ലെന്ന കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പയുടെ പ്രസ്താവന നാണംകെട്ടതും ലജ്ജാകരവുമാണെന്ന് എ ഐ എം ഐ എം നേതാവ് അസുദ്ദീന്‍ ഉവൈസി. ഇത്തരം പ്രസ്താവന നടത്തിയ മന്ത്രിയോട് വെറുപ്പ് തോന്നുന്നു. എന്നാല്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം പിന്തുടരുന്ന വ്യക്തിയായതിനാല്‍ അത്ഭുതമില്ല. ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം രാഷ്ട്രീയഅധികാരം നേടണമെന്നും മറ്റുള്ളവര്‍ അവര്‍ക്ക് അടിമപ്പെട്ട് ജീവിക്കണമെന്നും വിശ്വസിക്കുന്നവരാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പിന്തുടരുന്നത്. ഇവരുടെ ഈ മനോഭാവം രാജ്യത്തെ ഭരണഘടന തത്ത്വങ്ങളുമായി ഒത്തുപോകില്ലെന്നും ഉവൈസി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കെ എസ് ഈശ്വരപ്പ വിവാദ പ്രസ്താവന നടത്തിയത്.
ഹിന്ദുക്കള്‍ ധാരാളമുള്ള പ്രദേശമാണ് ബെലഗാവിയെന്നും അതിനാല്‍ ഹിന്ദു സമുദായാചാരങ്ങള്‍ പിന്തുടരുന്ന ആര്‍ക്കും സീറ്റ് നല്‍കുമെന്നും മുസ്ലിംങ്ങള്‍ക്ക് സീറ്റ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി മുസ്ലിംങ്ങള്‍ക്ക് സീറ്റ് നല്‍കില്ലെന്ന വര്‍ഗീയ പ്രസ്താവന അദ്ദേഹം മുമ്പും നടത്തിയിരുന്നു.