Gulf
ദുബൈ വേൾഡ് എക്സ്പോ: സഊദി അറേബ്യയുടെ പവലിയൻ നിർമ്മാണം പൂർത്തിയായി

റിയാദ് /ദുബൈ| ദുബൈ വേൾഡ് എക്സ്പോയിലെ സഊദി അറേബ്യയുടെ പവലിയന്റെ നിർമാണം പൂർത്തിയായതായി
സഊദി പവലിയൻ കമ്മീഷണർ ജനറലും പ്രോജക്ട് ഡയറക്ടറുമായ ഡോ. ഫഹദ് ബിൻ അബ്ദുല്ല അൽ യാബിസ് പറഞ്ഞു, രണ്ട് ഫുട്ബോൾ മൈതാനങ്ങൾക്ക് തുല്യമായ 13,069 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സഊദി അറേബ്യയുടെ പവലിയന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ തനത് പൈതൃകത്തേയും സംസ്കാരത്തേയും ഉൾക്കൊണ്ട് വാനോളമുയരുന്ന ഭാവി സ്വപ്നങ്ങളെ പവലിയൻ പ്രതിനിധാനം ചെയ്യുന്നത്
2019 ഫെബ്രുവരിയിയിലാണ് സഊദി അറേബ്യ പവലിയൻ നിർമ്മാണം ആരംഭിച്ചത്. 1,320 ചതുരശ്ര മീറ്റർ ചരിഞ്ഞ പ്രതലത്തിൽ പ്രത്യേക വാട്ടർ ഫീച്ചർ ഇൻസ്റ്റാളേഷനോടെയും 2,030 ക്രിസ്റ്റലുകൾ ഉൾക്കൊള്ളുന്ന ആർട്ട് ഇൻസ്റ്റാളേഷൻ മോഡലിലുമാണ് നിർമ്മാണം പൂർത്തിയാക്കിയത്. സമ്പന്നമായ പാരമ്പര്യത്തിൽ നിന്ന് തുടങ്ങി രാജ്യത്തിൻറെ ആധുനിക സാങ്കേതികതയിലേക്ക് വാതിൽ തുറക്കുന്ന കാഴ്ചകളാണ് ആറ് നിലകളിലുള്ള പവിലിയനിൽ ഒരുക്കുന്നത്
കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി വേള്‍ഡ് എക്‌സ്‌പോ 2021 ഒക്ടോബറിലേക്ക് നീട്ടിവെക്കാൻ ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്‍സ് (ബി ഐ ഇ) എക്‌സ്‌ക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നടക്കുന്ന ആദ്യ എക്സ്പോ എന്ന പ്രത്യേകത കൂടിയുണ്ട് എക്സ്പോക്ക്. 2021 ഒക്ടോബർ മുതൽ 2022 മാർച്ച് വരെയാണ് വേൾഡ് എക്സ്പോക്ക് ദുബൈ ആദിത്യമരുളുന്നത്