Connect with us

National

ഭിന്നിപ്പിന്റെ ശക്തികള്‍ വരുന്നുണ്ട്; ഹൈദരാബാദിനെ രക്ഷിക്കണം- ചന്ദ്രശേഖര റാവു

Published

|

Last Updated

ഹൈദരാബാദ് |  ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ബി ജെ പിയെ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കി തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ഹൈദരാബാദിനെ ഭിന്നിപ്പിന്റെ ശക്തികളില്‍ നിന്നും രക്ഷിക്കാന്‍ ജനം രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ഗീയ ചേരി തിരിവ് സൃഷ്ടിച്ച് ഹൈദരാബാദ് കോര്‍പറേഷന്‍ പിടിക്കുകയും ഇതിലൂടെ തെലുങ്കാനയെ തന്നെ ബി ജെ പി ഉന്നംവെക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചന്ദ്രശേഖര റാവുവിന്റെ പ്രതികരണം.

ഭിന്നിപ്പിന്റെ ശക്തികള്‍ ഹൈദരാബാദിലേക്ക് കടക്കാനും ഈ നഗരം തന്നെ താറുമാറാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. നമ്മളത് അനുവദിക്കാന്‍ പാടില്ല. നമ്മള്‍ നമ്മുടെ സമാധാനം തച്ചുടക്കാന്‍ പാടുണ്ടോ? ഹൈദരാബാദിലെ എന്റെ സഹോദരീ സഹോദരന്മാരേ.. തെലങ്കാനയുടെ മുഖ്യമന്ത്രി എന്നനിലയില്‍ ഞാന്‍ നിങ്ങളോട് ആത്മര്‍ഥയോടെ പറയുകയാണ്. ഉയര്‍ന്ന ചിന്താഗതി മുന്നോട്ടുവെക്കുന്ന ടി ആര്‍ എസിന് പിന്തുണ നല്‍കി ഭിന്നിപ്പിന്റെ ശക്തികളില്‍ നിന്നും ഹൈദരാബാദിനെ രക്ഷിക്കൂ- തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ചന്ദ്രശേഖര റാവു പറഞ്ഞു. ബി ജെ പിക്കായി അമിത് ഷാ പ്രചാരണത്തിന് അടുത്ത ദിവസം വരാനിരിക്കെയാണ് ചന്ദ്രശേഖര റാവുവിന്റെ പ്രതികരണം.

ഹൈദരാബാദ് പിടിക്കുക എന്ന ലക്ഷ്യമിമട്ട്, ദേശീയ നേതാക്കളെയെല്ലാം അണിനിരത്തി. കൃത്യമായി ഭിന്നിപ്പിലൂടെ ലക്ഷ്യം കാണാനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നത്. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന പ്രചാരണം ഇതിനായി പുരോഗമിക്കുകയാണ്. ഹൈദരാബാദില്‍ നിന്നും പാകിസ്ഥാനികളേയും റോഹിങ്ക്യകളേയും പുറത്താക്കാന്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തണമെന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബന്ദി സഞ്ജയ് കഴിഞ്ഞ ദിവസം പറഞ്ഞത്. ബി ജെ പി നേതാവും എംപിയുമായ തേജസ്വി സൂര്യ അസദുദ്ദീന്‍ ഉവൈസിയെ പുതുതലമുറയുടെ മുഹമ്മദ് അലി ജിന്നയെന്നാണ് വിശേഷിപ്പിച്ചത്.

Latest