National
വര്‍ക്ക് ഫ്രം ഹോമില്‍ ജീവനക്കാര്‍ അധികസമയം ജോലി ചെയ്യുന്നുവെന്ന് പഠനം

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പെടുത്തിയ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ ജീവനക്കാര്‍ അധിക സമയം ജോലി ചെയ്യുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാരായ അറ്റ്‌ലേഷ്യന്‍ 65 രാജ്യങ്ങളിലെ ഡാറ്റകള്‍ വെച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഇന്ത്യയില്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നവര്‍ ദിവസം ശരാശരി 32 മിനുട്ട് അധികം ജോലി ചെയ്യുന്നതായാണ് കണ്ടെത്തിയത്. ഇസ്‌റാഈലില്‍ 47 മിനുട്ടും ദക്ഷിണാഫ്രിക്കയില്‍ 38 മിനുട്ടും ആസ്‌ത്രേലിയയിയിലും അമേരിക്കയിലും 32 മിനുട്ടും ജപ്പാനില്‍ 16 മിനുട്ടും ജീവനക്കാര്‍ അധിക ജോലി ചെയ്യുന്നു. ദക്ഷിണ കൊറിയയാണ് ഈ പട്ടികയില്‍ പിന്നില്‍. അവിടെ ഏഴ് മിനുട്ടാണ് തൊഴിലാളികള്‍ അധികം ജോലി ചെയ്തത്.
രാവിലെയും വൈകുന്നേരവുമാണ് ഉദ്യോഗസ്ഥര്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. ഉച്ചക്ക് ശേഷം ജോലിയില്‍ “അമാന്തം” കാണിക്കുന്നതായും വ്യക്തമായി. സര്‍വേയില്‍ പങ്കെടുത്ത ഡല്‍ഹിയിലെ ഒരു കോര്‍പ്പറേറ്റ് എക്‌സിക്യുട്ടീവ് പറയുന്നത് ദിവസവും 12 മണിക്കൂറിലധികം സമയം വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നുവെന്നാണ്. ഉച്ച ഭക്ഷണത്തിന് മാത്രമാണ് ഇടവേള എടുക്കുന്നതെന്നും ചായകുടി ഉള്‍പ്പെടെ ഒന്നിനും സമയം കിട്ടാറില്ലെന്നും അവര്‍ പറയുന്നു.