Gulf
നവയുഗം തുണയായി; നട്ടെല്ല് തകർന്നു കിടപ്പിലായ യുവാവ് നാട്ടിലേക്ക് മടങ്ങി

ദമാം | ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ നട്ടെല്ല് തകർന്ന് ദമാം മുവാസത്ത് ആശുപത്രിയിൽ ഒരു വർഷത്തോളമായി കിടപ്പിലായ യുവാവ് നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരം സ്വദേശി ഐഡൻ പാസ്കൽ ആണ് ആശുപത്രിയിൽ കഴിഞ്ഞിരുന്നത്.
ഒരു വർഷമായി ചികിത്സ നടത്തിയിട്ടും എഴുന്നേൽക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് നാട്ടിലേക്ക് കൊണ്ട് പോകാൻ സഹായം ആവശ്യപ്പെട്ടു സുഹൃത്ത് നവയുഗം ജീവകാരുണ്യ വിഭാഗത്തെ സമീപിക്കുകയായിരുന്നു.
ഒരു മാസത്തെ പരിശ്രമത്തിനൊടുവിൽ നവയുഗം പ്രവർത്തകരായ പദ്മനാഭൻ മണിക്കുട്ടനും മഞ്ജു മണിക്കുട്ടനും ഇക്കാര്യമേറ്റെടുക്കുകയും ആശുപത്രി അധികൃതർ, ഇദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനി, ഇന്ത്യൻ എംബസി എന്നിവയുമായി ബന്ധപ്പെട്ട് രേഖകൾ തയ്യാറാക്കുകയുമായിരുന്നു. ദമാമിൽ നിന്നും കൊച്ചിയിലേക്കുള്ള ഇൻഡിഗോ ഫ്‌ളൈറ്റിലാണ് നാട്ടിൽ എത്തിച്ചത്. സൃഹൃത്ത് ഷാനവാസ് കൂടെ പോകാൻ തയ്യാറായി. സാമൂഹിക പ്രവർത്തകനായ അസ്‌ലമും സഹായങ്ങളുമായി രംഗത്ത് ഉണ്ടായിരുന്നു