Connect with us

Covid19

വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് രണ്ട് ആഴ്ചക്കകം അപേക്ഷിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

Published

|

Last Updated

പുണെ | കൊവിഡ്- 19നെതിരായ വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കാനുള്ള അപേക്ഷ രണ്ടാഴ്ചക്കകം സമര്‍പ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയും ആസ്ട്രസെനക്കയും വികസിപ്പിച്ച വാക്‌സിന്‍ ഉപയോഗിക്കുന്നതിനാണ് അപേക്ഷ നല്‍കുക. ഈ വാക്‌സിന്‍ വന്‍തോതില്‍ നിര്‍മിക്കുക സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സിറം മേധാവി അദാര്‍ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ എത്ര ഡോസുകള്‍ വാങ്ങുമെന്ന് ഇപ്പോള്‍ നിശ്ചയിച്ചില്ലെങ്കിലും അടുത്ത ജൂലൈ ആകുമ്പോഴേക്കും 30- 40 കോടി ഡോസ് ആകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ നിര്‍മാണ പ്രക്രിയ പരിശോധിക്കുന്നതിന് പ്രധാനമന്ത്രി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചിരുന്നു.

പൗരന്മാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള തയ്യാറെടുപ്പും വെല്ലുവിളികളും അറിയുന്നതിനാണ് സന്ദര്‍ശനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഗുജറാത്തിലെ സൈഡസ് കാഡില പ്ലാന്റ്, കോവാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഹൈദരാബാദിലെ ഭാരത് ബയോ ടെക് ലാബ്, പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് മോദി ഇന്ന് സന്ദര്‍ശിച്ചത്.