Connect with us

National

രാജ്യ തലസ്ഥാനത്ത് എത്തിയ കര്‍ഷകര്‍ക്ക് ഭക്ഷണം ഒരുക്കി മുസ്ലിം പള്ളികള്‍

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ കര്‍ഷക നയങ്ങള്‍ക്കെതിരെ ഐതിഹാസിക സമരവുമായെത്തിയ കര്‍ഷകര്‍ക്ക് ഭക്ഷണം ഒരുക്കി ഡല്‍ഹിയിലെ മുസ്ലിം പള്ളികള്‍. ഡല്‍ഹിയിലെ നിരവധി പള്ളികളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ കര്‍ഷകര്‍ക്കായി ഭക്ഷണം വിളമ്പുകയാണ്. കര്‍ഷകര്‍ക്കായി പള്ളികള്‍ക്ക് മുന്‍പില്‍ ഭക്ഷണമൊരുക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം വൈറലായിട്ടുണ്ട്. രാജ്യത്തിന് അന്നം നല്‍കുന്ന കര്‍ഷകരെ ഊട്ടുന്നതിലൂടെ ഏറ്റവും വലിയ മനുഷ്യത്വമാണ് പ്രകടിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

കര്‍ഷകര്‍ക്ക് ഭക്ഷണത്തിന് ബന്ധപ്പെടേണ്ട നമ്പറുകളും എത്തേണ്ട സ്ഥലങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. സാഹചര്യം ആവശ്യപ്പെടുന്നിടത്തോളം കാലം കര്‍ഷകര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുമെന്നും ഇവര്‍ പറയുന്നു.

സി എ എക്കും എന്‍ ആര്‍ സിക്കുമെതിരെ സമരം നടന്നപ്പോള്‍ കൂടെ നിന്നവരാണ് കര്‍ഷകരെന്നും അവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഭക്ഷണം ഒരുക്കുന്നതിന്റെ ചിത്രം പങ്കുവെച്ച് മുഹമ്മദ് അജ്മല്‍ ഖാന്‍ എന്നയാള്‍ ട്വറ്ററില്‍ പറഞ്ഞു. മനുഷ്യരാശിക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഞങ്ങളുടെ അവസരമാണ് ഇത്. ഈ അനുകമ്പയും ഐക്യവുമാണ് അസഹിഷ്ണുതയുള്ള ഭരണാധികാരികളെ അലട്ടുന്നതെന്നും മുഹമ്മദ് അജ്മല്‍ ഖാന്‍ പറയുന്നു.

Latest