Connect with us

Editorial

കര്‍ഷകരെ കേള്‍ക്കണം; നിയമം പിന്‍വലിക്കണം

Published

|

Last Updated

ജനാധിപത്യത്തിന്റെ സൗന്ദര്യം കുടികൊള്ളുന്നത് അതിന്റെ തിരുത്തല്‍ ശേഷിയിലാണ്. ഭൂരിപക്ഷം സീറ്റുകള്‍ കിട്ടി അധികാരത്തില്‍ വരുന്ന സര്‍ക്കാറിന് എന്തും ചെയ്യാനുള്ള ലൈസന്‍സല്ല കരഗതമാകുന്നത്. പാര്‍ട്ടി പൊളിറ്റിക്‌സില്‍ ഏറ്റവും വലിയ കക്ഷിയുടെയോ സഖ്യത്തിന്റെയോ ഇംഗിതങ്ങള്‍ അപ്പടി നടപ്പാക്കാനുള്ള സമ്മതിയാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ജനാധിപത്യമെന്തെന്ന് അറിയില്ലെന്നേ പറയാനാകൂ. ഏത് ഘട്ടത്തിലും ഭരിക്കുന്നവര്‍ ഭരിക്കപ്പെടുന്നവരോട് വിധേയപ്പെടണമെന്നതാണ് ജനാധിപത്യ വ്യവസ്ഥയുടെ അന്തസ്സത്ത. അങ്ങനെയല്ലെങ്കില്‍ സ്വേച്ഛാധിപത്യവുമായി ഈ ഭരണക്രമത്തിന് എന്ത് വ്യത്യാസമാണുള്ളത്? നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നടത്തുന്ന ചലോ ഡല്‍ഹി പ്രക്ഷോഭം തിരുത്തല്‍ ശക്തിയാകാനുള്ള ജനങ്ങളുടെ കരുത്താണ് വിളിച്ചോതുന്നത്. സമരം ചെയ്യാനും ഭരണകൂടത്തെ വിമര്‍ശിക്കാനും സംഘം ചേരാനുമുള്ള അവകാശത്തെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് അടിച്ചമര്‍ത്തിയാല്‍ എല്ലാവരും പേടിച്ച് പിന്‍മാറുമെന്ന് ഭരണകര്‍ത്താക്കള്‍ ധരിച്ചുവശായിട്ടുണ്ടെങ്കില്‍ ഡല്‍ഹി- ഹരിയാനാ അതിര്‍ത്തിയില്‍ കര്‍ഷകര്‍ കാണിച്ച പോരാട്ട വീര്യം ഒന്ന് മനസ്സിരുത്തി മനസ്സിലാക്കുന്നത് നന്ന്. കൃഷി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് എന്നാണല്ലോ പറയാറുള്ളത്. ഡല്‍ഹി ചലോ മാര്‍ച്ചിലൂടെ കര്‍ഷകര്‍ ജനാധിപത്യ വ്യവസ്ഥയുടെ തന്നെ നട്ടെല്ലാണെന്ന് തെളിയിച്ചിരിക്കുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പ്രകടനമായി നീങ്ങിയത്. സമരം നിര്‍വീര്യമാക്കാന്‍ എന്തെല്ലാം തന്ത്രങ്ങളും മര്‍ദനോപാധികളുമാണ് സര്‍ക്കാര്‍ പുറത്തെടുത്തത്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് അതിര്‍ത്തിയില്‍ നിരവധി ബാരിക്കേഡുകളും കമ്പിവേലികളും സ്ഥാപിച്ച് തടസ്സം സൃഷ്ടിച്ചു. സായുധസേന ഉള്‍പ്പെടെയുള്ള വന്‍ സുരക്ഷാ സന്നാഹത്തെയാണ് കര്‍ഷക മാര്‍ച്ച് തടയാന്‍ ഒരുക്കിയത്. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ കര്‍ഷകര്‍ക്ക് നേരേ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സമരക്കാരെ തടയാന്‍ ഡല്‍ഹിയിലെ എട്ട് മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു. ജലപീരങ്കി പ്രയോഗിച്ചു. അതിര്‍ത്തികളില്‍ സൈനിക ഓപറേഷനുകളിലെ സംവിധാനമായ ട്രഞ്ചുകള്‍ വരെ പോലീസ് ഒരുക്കി. എന്നാല്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒന്നും തടസ്സമല്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ച് നിന്നതോടെ സര്‍ക്കാറിന് അയയേണ്ടി വന്നു. ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചു. മൂന്നിന് ചര്‍ച്ചക്ക് വിളിച്ചിരിക്കുകയാണ് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. അത്രയും പരിഗണിക്കുമ്പോള്‍ ഈ പ്രക്ഷോഭം പാതി വിജയിച്ചുവെന്ന് പറയാവുന്നതാണ്. ഫാസിസ്റ്റ് പ്രവണതകളിലൂടെ കടന്നു പോകുന്ന ഒരു ഭരണകൂടത്തിന് മുന്നില്‍ ഇത്തരം പ്രതിരോധങ്ങള്‍ മാത്രമാണല്ലോ പോംവഴി.

പാര്‍ലിമെന്റ് പാസ്സാക്കിയ നിയമങ്ങള്‍ക്കെതിരെ ഇത്ര രൂക്ഷമായ സമരങ്ങള്‍ അരങ്ങേറിയിട്ടും അര്‍ഥവത്തായ ചര്‍ച്ചക്കോ തിരുത്തലുകള്‍ക്കോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നത് ഖേദകരമാണ്. ഭരണസഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് പുറമേ പ്രതിപക്ഷത്തെ ചില പാര്‍ട്ടികള്‍ പോലും ബില്ലുകളെ അംഗീകരിച്ചതോടെയാണ് അവ പാര്‍ലിമെന്റ് കടന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നയരാഹിത്യവും കോര്‍പറേറ്റ് പക്ഷപാതവും ഒരിക്കല്‍ കൂടി വ്യക്തമാകുകയായിരുന്നു. എന്‍ ഡി എയിലെ ഘടക കക്ഷിയായിരുന്ന ശിരോമണി അകാലിദള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്ത് കടന്നത് പോലും ആത്മാര്‍ഥമായ നീക്കമാണെന്ന് പറയാനാകില്ല. കാര്‍ഷിക ഉത്പാദന വ്യാപാര വാണിജ്യ (പ്രോത്സാഹന) ബില്‍, പാട്ട കൃഷിക്ക് പ്രോത്സാഹനം നല്‍കുന്ന കര്‍ഷക വില സ്ഥിരതാ കാര്‍ഷിക സേവന കരാര്‍ ബില്‍, അവശ്യ സേവന നിയമ (ഭേദഗതി) ബില്‍ എന്നിവയാണ് വിവാദ ബില്ലുകള്‍. രാജ്യത്തെ കര്‍ഷകര്‍ക്ക് ബില്‍ ഗുണം ചെയ്യുമെന്നും ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും ന്യായവില ലഭ്യമാക്കാനും കര്‍ഷകരെ ഇവ സഹായിക്കുമെന്നുമാണ് സര്‍ക്കാര്‍ വാദം.

സര്‍ക്കാറിന് വില നിയന്ത്രിക്കാനും പൂഴ്ത്തിവെപ്പ് തടയാനും അധികാരം നല്‍കുന്നതാണ് അവശ്യ വസ്തു നിയമം. അവശ്യ വസ്തുക്കള്‍ സ്വകാര്യ വ്യക്തികള്‍ പരിധിയില്‍ കൂടുതല്‍ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാനായി 1955ല്‍ കൊണ്ടുവന്ന ഈ നിയമം കാലാഹരണപ്പെട്ടതായി കഴിഞ്ഞ സാമ്പത്തിക സര്‍വേ അഭിപ്രായപ്പെടുകയും നിയമം ഭേദഗതി ചെയ്യുമെന്ന് കൊറോണ പ്രതിരോധ സാമ്പത്തിക പാക്കേജില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിയമ ഭേദഗതിയോടെ വിളകള്‍ എത്രയും സംഭരിക്കാനും രജിസ്‌ട്രേഡ് അല്ലാത്ത വ്യാപാരികള്‍ക്ക് നല്‍കാനും സാധിക്കും. വിതക്കുന്ന സമയത്ത് തന്നെ വില നിശ്ചയിച്ച് ഉത്പന്നങ്ങള്‍ വാങ്ങാനും സംഭരിക്കാനും കഴിയും. ഏത് ഭാഗത്ത് നിന്നും എവിടേക്ക് വേണമെങ്കിലും ഉത്പന്നങ്ങള്‍ കടത്താം. ഇ വ്യാപാരത്തിനും അനുമതി നല്‍കും.

ഇത് പഞ്ചസാര പൊതിഞ്ഞ വിഷമാണ്. വന്‍കിടക്കാര്‍ക്ക് മേഖല കൈയടക്കി വില നിയന്ത്രണം കൈപ്പിടിയിലൊതുക്കാനുള്ള സാധ്യത ബില്ലില്‍ ഒളിഞ്ഞുകിടപ്പുണ്ട്. മൊത്തക്കച്ചവടക്കാര്‍, കയറ്റുമതിക്കാര്‍, സംസ്‌കരണ രംഗത്തുള്ളവര്‍ എന്നിവര്‍ക്ക് തങ്ങളുടെ വ്യാപാരത്തിനനുസരിച്ച് കാര്‍ഷികോത്പന്നങ്ങള്‍ സൂക്ഷിക്കാനുള്ള അവസരമൊരുക്കിക്കൊണ്ടാണ് നിയമം ഭേദഗതി ചെയ്തത്. വിളവിറക്കുമ്പോള്‍ തന്നെ വില നിശ്ചയിച്ച് കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ മൊത്തമായി വാങ്ങാനുള്ള സാഹചര്യം ആര്‍ക്കാണ് ഗുണം ചെയ്യുക? അന്തര്‍സംസ്ഥാന കടത്തിനുള്ള നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റുന്നതിന്റെ ഗുണഭോക്താവ് ആരായിരിക്കും? കോര്‍പറേറ്റുകള്‍ എന്നാണ് ഉത്തരം. കര്‍ഷകന്റെ വിലപേശല്‍ ശേഷി ഇടിയും. വിളകള്‍ സംഭരിച്ച ശേഷം വില യഥേഷ്ടം കൂട്ടി വില്‍ക്കുകയായിരിക്കും കോര്‍പറേറ്റുകള്‍ ചെയ്യുക. കൊവിഡ് പ്രതിസന്ധിയില്‍ കൂലിയും വേലയും നഷ്ടപ്പെട്ട കര്‍ഷകര്‍ അടക്കമുള്ള ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം പകരേണ്ട സര്‍ക്കാര്‍ ഈ അവസരം ഉപയോഗിച്ച്, ഒരു ആലോചനയുമില്ലാതെ ഇത്തരം നിയമങ്ങള്‍ പടച്ചു വിടുന്നത് എത്ര ക്രൂരമാണ്. അതുകൊണ്ട് കര്‍ഷക ദ്രോഹ നിയമങ്ങള്‍ ഭേദഗതി ചെയ്യണം. അതിന് മുമ്പ് കര്‍ഷകര്‍ക്ക് പറയാനുള്ളത് തുറന്ന മനസ്സോടെ സര്‍ക്കാര്‍ കേള്‍ക്കണം.

Latest