National
തന്നെ വീണ്ടും തടവില്‍ വെച്ചതായി മെഹബൂബ മുഫ്തി; മകള്‍ വീട്ടുതടങ്കലില്‍

ശ്രീനഗര്‍ | തന്നെ വീണ്ടും തടഞ്ഞുവെച്ചതായി പി ഡി പി നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. മകള്‍ ഇല്‍തിജയും വീട്ടുതടങ്കലിലാണെന്ന് മെഹബൂബ മുഫ്തി ആരോപിച്ചു.
എന്‍ ഐ എ കസ്റ്റഡിയിലുള്ളപി ഡി പി യുവജന വിഭാഗം പ്രസിഡന്റ് വാഹിദ് പരയുടെ പുല്‍വാമയിലുള്ള കുടുംബത്തെ സന്ദര്‍ശിക്കാന്‍ ജമ്മുകശ്മീര്‍ ഭരണകൂടം തന്നെ അനുവദിക്കുന്നില്ല.ബി ജെ പി മന്ത്രിമാരും അവരുടെ കളിപ്പാവകളും ജമ്മു കശ്മീരിന്റെ മുക്കിലും മൂലയിലും സഞ്ചരിക്കുമ്പോള്‍ സുരക്ഷാ പ്രശ്‌നം ഉന്നയിച്ചാണ് തന്നെ തടയുന്നതെന്നും മുഫ്തി ട്വീറ്റ് ചെയ്തു.വീടിന് പുറത്ത് നിലയുറപ്പിച്ച സായുധ പോലീസ് വാഹനങ്ങളുടെ ചിത്രങ്ങള്‍ സഹിതമാണ് മുഫ്തിയുടെ ട്വീറ്റ്.
ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ നവീദ് ബാബു പങ്കാളിയായ ഭീകരാക്രമണ കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബുധനാഴ്ചയാണ് മുഫ്തിയുടെ അടുത്ത അനുയായി കൂടിയായ വാഹിദിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. എന്നാല്‍ അടിസ്ഥാന രഹിതമായ കുറ്റങ്ങള്‍ ചുമത്തിയാണ് വാഹിദിനെ അറസ്റ്റ് ചെയ്തതെന്ന് മുഫ്തി ആരോപിച്ചു.