Connect with us

Kerala

സ്പ്രിന്‍ക്ലര്‍ ഇടപാട്: പുതിയ അന്വേഷണ സമിതിയെ നിയോഗിച്ചത് ആദ്യ റിപ്പോര്‍ട്ട് അട്ടിമറിക്കാനെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | സ്പ്രിന്‍ക്ലര്‍ ഇടപാട് അന്വേഷിക്കുന്നതിന് പുതിയ സമിതിയെ നിയോഗിച്ചത് നേരത്തെയുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അസാധാരണമായ നടപടിയാണ് സര്‍ക്കാരിന്റെത്. മാധവന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ആദ്യ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും എല്ലാ വാദങ്ങളും പൊളിക്കുന്നതായിരുന്നു.

ആ റിപ്പോര്‍ട്ട് പുറത്തുവിടാതെയാണ് മറ്റൊരു കമ്മിറ്റിയെ ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. സര്‍ക്കാരിന് അനുകൂലമായ റിപ്പോര്‍ട്ട് വരണമെന്ന താത്പര്യത്തിന്റെ ഭാഗമായാണ് ഈ നടപടി. ആദ്യ കമ്മിറ്റി പരിഗണിച്ച കാര്യങ്ങള്‍ തന്നെയാണ് പുതിയ കമ്മിറ്റിയും പരിഗണിക്കുന്നത്. അത് അംഗീകരിക്കാനാകില്ല. ആദ്യ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണം. ജനങ്ങള്‍ അത് ചര്‍ച്ച ചെയ്യട്ടെ. ആരോഗ്യ വകുപ്പുമായോ നിയമ വകുപ്പുമായോ ഒരു കൂടിയാലോചനയും നടത്താതെയാണ് കൊവിഡ് പ്രതിരോധവുമായി നേരിട്ട് ബന്ധമുള്ള കാര്യങ്ങള്‍ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.