Connect with us

National

കൊവിഡ് വ്യാപനം: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനം വര്‍ധിച്ച സംസ്ഥാനങ്ങളോട് രോഗബാധ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ ഒന്നുമുതല്‍ വിവിധ സംസ്ഥാനങ്ങള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയവും നില്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്

കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജില്ലാ അധികാരികള്‍ കണ്‍ടെയ്ന്‍മെന്റ്സോണുകള്‍ കൃത്യമായി വേര്‍തിരിക്കുന്നുവെന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉറപ്പാക്കണം. കണ്‍ടെയ്ന്‍മെന്റ്സോണുകളുടെ പട്ടിക ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണം. പട്ടിക കേന്ദ്ര – ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കൈമാറുകയും വേണം. കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം.

അവശ്യ സേവനങ്ങള്‍ മാത്രമെ കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ അനുവദിക്കാവൂ. പ്രോട്ടോകോള്‍ പ്രകാരമുള്ള കോവിഡ് പരിശോധനകള്‍ ഉറപ്പാക്കണം. വീടുവീടാന്തരം കയറി ഇറങ്ങിയുള്ള നിരീക്ഷണം ഏര്‍പ്പെടുത്തണം. കോവിഡ് സ്ഥിരീകരിക്കുന്നവരെ ചികിത്സാ കേന്ദ്രത്തിലോ വീട്ടിലോ ഉടന്‍തന്നെ നിരീക്ഷണത്തിലാക്കണം. ചികിത്സാ കേന്ദ്രങ്ങളിലും ക്ലിനിക്കുകളിലും മൊബൈല്‍ യൂണിറ്റുകള്‍ പരിശോധന നടത്തണം.

മാസ്‌ക് ധരിക്കലും കൈ കഴുകലും സാമൂഹ്യ അകലം പാലിക്കലും ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നടപടി സ്വീകരിക്കണം. മാസ്‌ക് ധരിക്കാത്തവരില്‍നിന്ന് പിഴ ഈടാക്കണം. ചന്തകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാന്‍ കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് എല്ലാ കാര്യങ്ങള്‍ക്കും അനുമതി നല്‍കാമെങ്കിലും ചിലകാര്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വേണം. രാജ്യാന്തര വിമാന യാത്രകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ. സിനിമാ ഹാളുകളും തീയേറ്ററുകളും 50 ശതമനം ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാം. നീന്തല്‍ കുളങ്ങള്‍ കായിക താരങ്ങളുടെ പരിശീലനത്തിനുവേണ്ടി മാത്രം ഉപയോഗിക്കാം. എക്സിബിഷന്‍ ഹാളുകള്‍ ബിസിനസ് ടു ബിസിനസ് (ബി2ബി) ആവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാവൂ.

സാമൂഹ്യ, മത, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക പരിപാടികള്‍ ഹാളിന്റെ 50 ശതമാനം ശേഷി മാത്രം ഉപയോഗപ്പെടുത്തി നടത്താം. അടച്ച ഹാളുകളില്‍ 200 പേരെ മാത്രമെ പരമാവധി പങ്കെടുപ്പിക്കാവൂ. തുറസായ സ്ഥലങ്ങളില്‍ സാഹചര്യത്തിന് അനുസരിച്ച് ആളുകളുടെ എണ്ണത്തില്‍ മാറ്റം വരുത്താം. അടച്ച ഹാളുകളില്‍ പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അനുവദനീയമായ ആളുകളുടെ എണ്ണം നൂറോ അതില്‍ താഴേയായോ നിജപ്പെടുത്താം.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് രാത്രി കര്‍ഫ്യൂ പോലെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. എന്നാല്‍ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് സംസ്ഥാന തലത്തിലോ, ജില്ലാ തലത്തിലോ, സബ് ഡിവിഷന്‍ തലത്തിലോ, നഗര പ്രദേശങ്ങളിലോ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കോ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കോ അധികാരം ഉണ്ടാവില്ല. ഓഫീസുകളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സാമൂഹ്യ അകലം ഉറപ്പാക്കണം. പ്രതിവാര കേസ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ അധികമുള്ള നഗരങ്ങളില്‍ ഓഫീസ് സമയം പുനഃക്രമീകരിക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണം.

സംസ്ഥാനത്തിന് അകത്തുള്ള യാത്രകള്‍ക്കും സംസ്ഥാനാന്തര യാത്രകള്‍ക്കും യാതൊരു നിയന്ത്രണവും പാടില്ല. ചരക്ക് ഗതാഗതവും നിയന്ത്രിക്കാന്‍ പാടില്ല. അയല്‍രാജ്യങ്ങളുമായുള്ള വ്യാപാര ഉടമ്പടികള്‍ പ്രകാരമുള്ള ചരക്ക് നീക്കവും നിയന്ത്രിക്കാന്‍ പാടില്ല. യാത്രയ്ക്കോ ചരക്ക് നീക്കത്തിനോ പ്രത്യേക അനുമതിയോ ഇ-പെര്‍മിറ്റോ ആവശ്യമില്ല.

65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ വീടിനുള്ളില്‍തന്നെ കഴിയണം. ചികിത്സയ്ക്കോ അടിയന്തര ആവശ്യങ്ങള്‍ക്കോ മാത്രമെ ഇവര്‍ പുറത്തിറങ്ങാവൂ.

ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest