International
പസഫിക് സമുദ്രത്തിലെ ചത്തം ദ്വീപില്‍ തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തു കരയ്ക്കടിഞ്ഞു

വെല്ലിങ്ടണ്‍ | പസഫിക് സമുദ്രത്തിലെ ചത്തം ദ്വീപില്‍ തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തു കരയ്ക്കടിഞ്ഞു. 120ലേറെ തിമിംഗലങ്ങളാണ് ചത്തത്. ഇവയില്‍ 97 പൈലറ്റ് തിമിംഗലങ്ങളും മൂന്ന് ഡോള്‍ഫിനുകളും ഉള്‍പ്പെടും. പ്രതികൂല സാഹചര്യമായതിനാല്‍ പാതി ജീവന്‍ അവശേഷിച്ച 28 പൈലറ്റ് തിമിംഗലങ്ങളെയും മൂന്ന് ഡോള്‍ഫിനുകളെയും ദയാവധത്തിന് വിധേയമാക്കേണ്ടി വന്നുവെന്ന് ന്യൂസിലന്‍ഡ് അധികൃതര്‍ അറിയിച്ചു.
ന്യൂസിലന്‍ഡിന്റെ ഭാഗമാണെങ്കിലും രാജ്യത്തു നിന്ന് 800 കിലോമീറ്റര്‍ കിഴക്കുള്ള ഒറ്റപ്പെട്ട ദ്വീപാണ് ചത്തം. ഒറ്റപ്പെട്ട പ്രദേശമായതിനാലും വൈദ്യുതി ഇല്ലാത്തതിനാലും ഞായറാഴ്ച വൈകീട്ടോടെ മാത്രമാണ് റേഞ്ചര്‍മാര്‍ക്ക് സംഭവസ്ഥലത്ത് എത്തിച്ചേരാന്‍ സാധിച്ചത്. കടല്‍ പ്രക്ഷുബ്ധമായിരുന്നതിനാലും മറ്റു തിമിംഗലങ്ങളുടെ സാന്നിധ്യമുള്ളതിനാലും കരയില്‍ ജീവന്‍ അവശേഷിച്ച തിമിംഗലങ്ങളെ കടലിലേക്ക് തിരിച്ചുവിടാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അതിനാലാണ് അവയെ ദയാവധം ചെയ്യേണ്ടി വന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
600 ല്‍ അധികം മനുഷ്യര്‍ നിവസിക്കുന്ന ദ്വീപാണ് ചത്തം. തിമിംഗലങ്ങളും ഡോള്‍ഫിനുകളും ചത്തടിയുന്ന ഹോട്ട് സ്‌പോട്ടാണ് ഇവിടം. 1918ലാണ് ന്യൂസിലന്‍ഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തിമിംഗലങ്ങള്‍ ചത്തത്. ആയിരത്തോളമാണ് അന്ന് ചത്തത്. സമുദ്രത്തില്‍ ഉരുവപ്പെടുന്ന പ്രതികൂല സാഹചര്യങ്ങള്‍, രോഗബാധ, സഞ്ചാര ദിശ തെറ്റിപ്പോകുന്നത്, ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍, അപ്രതീക്ഷിത വേലിയേറ്റങ്ങള്‍, ശത്രുജീവികളില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള പ്രയാണം, പ്രതികൂല കാലാവസ്ഥ തുടങ്ങിയവയാകും തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചാകുന്നതിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.