National
പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്തിയ 'ട്രബിള്‍ഷൂട്ടര്‍'

ന്യൂഡല്‍ഹി | പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്തിയ “ട്രബിള്‍ ഷൂട്ടറെ”യാണ് അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. പാര്‍ട്ടിക്ക് വേണ്ടി സദാസമര്‍പ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിട്ടു പോലും ഒരു മന്ത്രിസഭയിലും അദ്ദേഹം അംഗമായില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ച് ഒരു അച്ചുതണ്ടായി അദ്ദേഹം നിലകൊണ്ടു.
രാജീവ് ഗാന്ധിയായിരുന്നു അദ്ദേഹത്തിന്റെ റോള്‍ മോഡല്‍. പകല്‍ മുഴുവന്‍ സര്‍ക്കാര്‍ കാര്യങ്ങള്‍, രാത്രി സംഘടനാകാര്യം – രാജീവിന്റെ ഈ ശൈലിയാണ് പട്ടേലും പിന്തുടര്‍ന്നത്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച പട്ടേല്‍ യുപിഎ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാകുമ്പോഴെല്ലാം തീരുമാനമെടുക്കാന്‍ സോണിയ സമീപിച്ചിരുന്നത് പട്ടേലിനെയായിരുന്നു. അടിയന്തര സാഹചര്യങ്ങളെ കണിശതയോടെ നേരിടാനുള്ള അദ്ദേഹത്തിന്റെ മിടുക്ക് തന്നെയായിരുന്നു അതിന് കാരണം. പ്രശ്‌നങ്ങള്‍ വിശദമായി കേട്ട ശേഷം ശരിയായി ആലോചിച്ചാണ് അദ്ദേഹം തീര്‍പ്പ് കല്‍പ്പിച്ചിരുന്നത്.
രാജീവ് ഗാന്ധിയും പ്രതിസന്ധി ഘട്ടങ്ങളില്‍ പട്ടേലിന്റെ സഹായം തേടിയിരുന്നു. നെഹ്‌റുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സ്മാരകം നിര്‍മിക്കുന്നത് അനന്തമായി വൈകിയപ്പോള്‍ അതിന്റെ ചുമതല രാജീവ് ഗാന്ധി പട്ടേലിനെ ഏല്‍പിച്ചു. ക്രിക്കറ്റ് ഏകദിന മല്‍സരങ്ങള്‍ അടക്കം സംഘടിപ്പിച്ച് ഫണ്ട് സ്വരൂപിച്ച് ഒറ്റവര്‍ഷം കൊണ്ടു ഡല്‍ഹിയിലെ ജവഹര്‍ഭവന്‍ നിര്‍മിച്ചുനല്‍കിയാണ് അന്ന് പട്ടേല്‍ രാജീവിന് പിന്തുണ നല്‍കിയത്. മൂന്നുതവണ ലോക്‌സഭയിലേക്കും അഞ്ചുതവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട പട്ടേല്‍ എഐസിസി ട്രഷറര്‍ സ്ഥാനത്തിരിക്കെയാണ് വിടവാങ്ങുന്നത്.
ഗുജറാത്തിലെ ബറൂച്ചില്‍ 1949 ഓഗസ്റ്റ് 21നായിരുന്നു ജനനം. 1977ല്‍ 28ാം വയസില്‍ ബറൂച്ചില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് പട്ടേല്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമായത്. അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി. രണ്ടുതവണ കൂടി ലോക്‌സഭയിലേക്ക് ജയിച്ച പട്ടേല്‍ 1990 ല്‍ തോറ്റു. പക്ഷേ രാജ്യസഭ ടിക്കറ്റ് നല്‍കി പാര്‍ട്ടി അദ്ദേഹത്തെ വീണ്ടും പാര്‍ലിമെന്റിലെത്തിച്ചു. അഞ്ചുതവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2017ലാണ് ഒടുവില്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് പട്ടേലിനെ തഴയാന്‍ അമിത്ഷാ എല്ലാ കരുനീക്കങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. എംഎല്‍എമാരെ ചാക്കിട്ടുപിടിച്ചിട്ടുപോലും അതിനെ മറികടന്ന് അദ്ദേഹം രാജ്യസഭാംഗമായി. പട്ടേല്‍ വിടവാങ്ങുമ്പോള്‍ കോണ്‍ഗ്രസില്‍ വലിയൊരു ശൂന്യതയാകും രൂപപ്പെടുക.