Kerala
പോലീസ് ആക്ട് ഭേദഗതി പ്രകാരം നടപടി വേണ്ട; സര്‍ക്കുലര്‍ പുറപ്പെടുവിച്ച് ഡി ജി പി

കൊച്ചി | വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കിയ കേരള പോലീസ് ആക്ട് ഭേദഗതി പ്രകാരം നടപടി എടുക്കേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഡി ജി പി പുറപ്പെടുവിച്ചു. പരാതി കിട്ടിയാല്‍ ഉടനെ വിവാദ നിയമപ്രകാരം നടപടിയെടുക്കരുതെന്നാണ് ഡി ജി പിയുടെ പുതിയ സര്‍ക്കുലറില്‍ പറയുന്നത്. മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായി പരാതി ലഭിച്ചാല്‍ പോലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണമെന്നും സെല്ലില്‍ നിന്നുള്ള നിര്‍ദേശം കിട്ടിയ ശേഷം മാത്രമേ തുടര്‍ നടപടി സ്വീകരിക്കാന്‍ പാടുള്ളൂവെന്നും സര്‍ക്കുലറില്‍ പറയുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, പോലീസ് നിയമ ഭേദഗതി പരിഷ്‌കരിക്കാന്‍ തീരുമാനമെടുത്തതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പുതിയ നിയമത്തിനെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണും സമര്‍പ്പിച്ച ഹരജികള്‍ ഡിവിഷന്‍ ബഞ്ച് പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇതറിയിച്ചത്. നിയമം പരിഷ്‌ക്കരിക്കും വരെ പുതിയ നിയമം നിലനില്‍ക്കും. എന്നാല്‍ അതിന്റെ പരിധിയില്‍ വരുന്ന കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ല. ഹരജികള്‍ നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും.