Connect with us

Editorial

പാരമ്പര്യ ചികിത്സകളിൽ ശസ്ത്രക്രിയ നടത്തുമ്പോൾ

Published

|

Last Updated

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയയടക്കം നടത്താന്‍ അനുമതി നല്‍കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ). സങ്കര ചികിത്സയെ പ്രോത്സാഹിപ്പിക്കുന്ന നയമാണിത്. ഇന്ത്യയിലെ മെഡിക്കല്‍ ബിരുദങ്ങള്‍ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന സ്വീകാര്യതയെ ഇത് ബാധിക്കും. ആയുര്‍വേദ ചികിത്സയുടെയും ആധുനിക ചികിത്സയുടെയും അസ്തിത്വത്തെ തന്നെ തകര്‍ക്കും എന്നൊക്കെയാണ് ഐ എം എ പറയുന്നത്. നിയമപരമായും അല്ലാതെയും സാധ്യമായ എല്ലാ രീതിയിലും കേന്ദ്ര നീക്കത്തെ പ്രതിരോധിക്കുമെന്ന് അലോപ്പതി ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഈ മാസം 19നാണ് ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുര്‍വേദ എജ്യുക്കേഷന്‍) റെഗുലേഷന്‍ 2016ല്‍ ഭേദഗതി വരുത്തി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ സര്‍ജറി പഠനം കൂടി ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ഇതോടെ ബിരുദാനന്തര ബിരുദമുള്ള ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഇ എന്‍ ടി, എല്ല്, തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്ക് ശസ്ത്രക്രിയ നടത്താനാകും. ശല്യതന്ത്ര, ശാലാക്യതന്ത്ര എന്നിവയില്‍ പി ജി ചെയ്യുന്ന ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ സംബന്ധമായ തിയറി പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇക്കാര്യത്തില്‍ പ്രായോഗിക പരിശീലനം നല്‍കിയിരുന്നില്ല. പുതിയ ഉത്തരവ് അനുസരിച്ച് പ്രായോഗിക പരിശീലനവും കൂടി നല്‍കും. ശല്യതന്ത്രയില്‍ പൈല്‍സ്, മൂത്രക്കല്ല്, ഹെര്‍ണിയ, വെരിക്കോസ് വെയിന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട 34 ശസ്ത്രക്രിയകള്‍ക്കാണ് അനുമതി. ശാലാക്യതന്ത്രയില്‍ തിമിര ശസ്ത്രക്രിയ, പല്ലിലെ റൂട്ട് കനാല്‍ തെറാപ്പി തുടങ്ങി 15 ചികിത്സകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 25 വര്‍ഷത്തിലേറെയായി ആയുര്‍വേദ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഈ ശസ്ത്രക്രിയകള്‍ ചെറിയ തോതില്‍ നടന്നു വരുന്നുണ്ട്. ഇത് നിയമപരമാണെന്ന് വ്യക്തമാക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ് ഇപ്പോഴത്തെ വിജ്ഞാപനമെന്നും ആയതിനാല്‍ ഐ എം എയുടെ എതിര്‍പ്പിന് യാതൊരു അടിസ്ഥാനവുമില്ലെന്നുമാണ് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ പറയുന്നത്.

ശസ്ത്രക്രിയ തുടങ്ങി മോഡേന്‍ മെഡിസിന്റെ ഭാഗമെന്ന് അലോപ്പതി വിഭാഗം അവകാശപ്പെടുന്ന ചികിത്സാ രീതികളെ യൂനാനി, ആയുര്‍വേദം തുടങ്ങിയ പാരമ്പര്യ ചികിത്സാ വിഭാഗങ്ങളിലും ഹോമിയോപ്പതിയിലും ഉള്‍പ്പെടുത്തുന്നതിനോട് ഐ എം എ നേരത്തേയും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് (എം സി ഐ) ബദലായി നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍ എം സി) കരടു ബില്ലിന് അംഗീകാരം നല്‍കിയപ്പോള്‍ അലോപ്പതി വിഭാഗം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് മോഡേണ്‍ മെഡിസിനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ കോഴ്‌സുകളിലെ പഠനത്തിന് ആയുഷ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാകുന്ന അവസ്ഥ സൃഷ്ടിക്കുമെന്നതായിരുന്നു എതിര്‍പ്പിനു കാരണം. എന്നാല്‍ ശസ്ത്രക്രിയ പോലുള്ള മോഡേണ്‍ മെഡിസിന്റേതെന്നു അവകാശപ്പെടുന്ന പല ചികിത്സാ രീതികളും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് അറബ്, യൂനാനി, ആയുര്‍വേദ വൈദ്യങ്ങളില്‍ നിലനിന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. നാഡി ശസ്ത്രക്രിയക്കും നേത്ര ചികിത്സക്കും തുടക്കം കുറിച്ചത് പന്ത്രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന അബൂബക്കര്‍ റാസി (ക്രി. 865-923)യായിരുന്നു. ഔഷധ നിര്‍മാണത്തില്‍ പ്രഥമമായി രാസവസ്തുക്കള്‍ ഉപയോഗിച്ചതും റാസിയാണ്. ഖലീഫ അല്‍ഹാകിം രണ്ടാമന്റെ കൊട്ടാര വൈദ്യനായിരുന്ന അബുല്‍ഖാസിം ഖലഫുബ്‌നു അബ്ബാസ് സഹ്‌റാവി (ക്രി. 936-1013)യുടെ “അത്തസ്വ്‌രീഫു ലിമന്‍ അജസ അനിത്തഅ്‌ലീഫ്” എന്ന ഗ്രന്ഥത്തില്‍ 200 ശസ്ത്രക്രിയാ ഉപകരണങ്ങളെ പറ്റി വിവരിക്കുന്നുണ്ട്. യൂറോപില്‍ ഓപറേഷന്‍ പഠന പുരോഗതിക്ക് ഏറ്റവും ഉപകരിച്ച രചനയാണിത്. ശസ്ത്രക്രിയാനന്തരം ആമാശയ ഭാഗങ്ങള്‍ സ്റ്റിച്ച് ചെയ്യാനായി മൃഗങ്ങളുടെ ആമാശയങ്ങളില്‍ നിന്നെടുക്കുന്ന നൂലുകള്‍ ഉപയോഗിച്ചിരുന്ന സംവിധാനത്തിന്റെ ഉപജ്ഞാതാവും സഹ്‌റാവിയാണ്. പൗരാണിക ഇന്ത്യയിലെ വൈദ്യശാസ്ത്ര നിപുണനായിരുന്ന സുശ്രുതന്‍ രചിച്ച ശസ്ത്രക്രിയകളെക്കുറിച്ച് വിവരിക്കുന്ന “സുശ്രുതസംഹിത” എന്ന ഗ്രന്ഥം പ്രസിദ്ധമാണ്. 300 തരം ശസ്ത്രക്രിയാ രീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട് ഈ ഗ്രന്ഥത്തില്‍.

ശസ്ത്രക്രിയയുടെ കുത്തക ഒരു വിഭാഗത്തിനും സ്വന്തമായി അവകാശപ്പെടാനാകില്ലെന്നും അലോപ്പതി ചികിത്സ വരുന്നതിനു മുമ്പേ പാരമ്പര്യ ചികിത്സാ രീതികള്‍ സര്‍ജറിയില്‍ ഉള്‍പ്പെടെ വന്‍ മുന്നേറ്റം നടത്തിയിരുന്നുവെന്നുമാണ് ഈ ചരിത്ര സത്യങ്ങള്‍ വിളിച്ചോതുന്നത്. ആധുനിക ചികിത്സയുടെ മുന്നേറ്റത്തിന് സഹായകമായത് പാരമ്പര്യ വൈദ്യശാസ്ത്രങ്ങളാണ്. പരസ്പരം സഹകരിച്ചും അംഗീകരിച്ചുമുള്ള സമീപനമാണ് വൈദ്യശാസ്ത്ര രംഗത്ത് ഇന്നാവശ്യം. അലോപ്പതിക്കില്ലാത്ത ചില ഗുണങ്ങള്‍ ആയുര്‍വേദത്തിനും യൂനാനിക്കുമുണ്ട്. ഇവക്കില്ലാത്ത ഗുണങ്ങള്‍ അലോപ്പതിക്കുമുണ്ട്. പെട്ടെന്ന് പരിഹാരം കാണേണ്ട രോഗങ്ങള്‍ക്ക് അലോപ്പതിയാണ് കൂടുതല്‍ പ്രയോജനകരമെങ്കില്‍ ദീര്‍ഘകാല ചികിത്സ ആവശ്യമായ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദമോ യൂനാനിയോ ആണ് കൂടുതല്‍ ഫലപ്രദമായി അനുഭവപ്പെടുന്നത്. പല അലോപ്പതി ഡോക്ടര്‍മാരും വിദ്യാസമ്പന്നരും തങ്ങളുടെയും കുടുംബത്തിന്റെയും രോഗചികിത്സക്ക് ആയുര്‍വേദം പോലുള്ള പാരമ്പര്യ ചികിത്സാ രീതികള്‍ അവലംബിച്ചു വരുന്നുണ്ട്. നാച്ചുറോപ്പതി പ്രചാരകനായിരുന്നു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി. അലോപ്പതി ചികിത്സാരംഗത്ത് വന്‍ മുന്നേറ്റം നടത്തിയ വികസിത രാജ്യങ്ങളില്‍ നിന്ന് ആയുര്‍വേദ, യൂനാനി ചികിത്സ തേടി ധാരാളം പേര്‍ ഇന്ത്യയിലേക്ക് വരുന്നുണ്ട.് വൈദ്യശാസ്ത്ര രംഗത്ത് വിവിധ രീതികളുടെ സമന്വയം ഇന്ന് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടു വരികയുമാണ്. വ്യത്യസ്ത ചികിത്സാ രീതികള്‍ സമന്വയിപ്പിച്ച് ചികിത്സ നടത്തുന്ന ആശുപത്രികള്‍ പോലും രംഗപ്രവേശം ചെയ്തു തുടങ്ങിയിട്ടുണ്ട് ലോകത്ത്. പാരമ്പര്യ ചികിത്സാ രീതികളെ പാടേ നിരാകരിക്കുകയോ തള്ളിപ്പറയുകയോ ചെയ്യാതെ ശാസ്ത്രീയമായ അടിത്തറയുള്ള എല്ലാ വൈദ്യശാഖകളെയും പരസ്പരം അംഗീകരിക്കാന്‍ സന്നദ്ധമായാല്‍ വൈദ്യശാസ്ത്ര മേഖലയുടെ വളര്‍ച്ചക്ക് അത് ഗതിവേഗം കൂട്ടും.

---- facebook comment plugin here -----

Latest