Connect with us

National

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി അന്തരിച്ചു

Published

|

Last Updated

ഗുവാഹത്തി | അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി അന്തരിച്ചു. 86 വയസ്സായിരുന്നു. കൊവിഡാനന്തര ചികിത്സയിലിരിക്കെ ഗുവാഹത്തിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈകിട്ട് 5.34 നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് തകരാര്‍ ഉണ്ടായിരുന്നതായി ആശഉപത്രി വൃത്തങ്ങള്‍ അറിയിച്ചു.

അസമിലെ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ആഗസ്റ്റ് 25നാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് മാസത്തെ ചികിത്സക്ക് ശേഷം കൊവിഡ് നെഗറ്റീവായി അദ്ദേഹം ആശുപത്രി വിട്ടിരുന്നു.

എന്നാല്‍ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് നവംബര്‍ രണ്ടിന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്റര്‍ പരിചരണത്തിലായിരുന്ന അദ്ദേഹത്തിന്റെ നില ശനിയാഴ്ചയോടെ കൂടുതല്‍ വഷളാവുകയും തിങ്കളാഴ്ച മരണം സംഭവിക്കുകയുമായിരുന്നു.

അസമിലെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ഗോഗോയ് 1934 ഏപ്രിൽ 1 നാണ് ജനിച്ചത്. 2001 മുതൽ 2016 വരെ അസം മുഖ്യമന്ത്രിയായിരുന്നു. തുടർച്ചയായ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗോഗോയ് വിജയിച്ചു.

ആറ് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . 1971 മുതൽ 1985 വരെ മൂന്നു തവണ ജോർഹത്ത് പാർലമെന്റ് അംഗമായിരുന്നു. 1991-96, 1998-2002 കാലഘട്ടങ്ങളിൽ കലിബോറിൽ നിന്ന് എംപിയായി. നിലവിൽ അദ്ദേഹത്തിന്റെ മകൻ ഗൗരവ് ഗോഗോയ് ആണ് ഇവിടെ എംപി. 1991 മുതൽ 1995 വരെ നരസിംഹറാവു സർക്കാറിൽ ഭക്ഷ്യവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

Latest