Connect with us

Kerala

കോണ്‍ഗ്രസ് ശക്തമായ പ്രതിപക്ഷമല്ല; കപില്‍ സിബലിന്റെ വിമര്‍ശനങ്ങള്‍ തുടരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ബിഹാര്‍ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം തുടര്‍ക്കഥയാക്കി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഏറ്റവും ഒടുവിലത്തെ കടന്നാക്രമണം. കോണ്‍ഗ്രസ് ശക്തമായ ഒരു പ്രതിപക്ഷമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒന്നര വര്‍ഷമായി അധ്യക്ഷനില്ലാതെ തുടരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ താത്പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതോടെ പാര്‍ട്ടിക്ക് അധ്യക്ഷനില്ല. ഇത്രയും കാലം നയിക്കാന്‍ ഒരു നേതാവില്ലാതെ പാര്‍ട്ടിക്ക് എങ്ങിനെയാണ് പ്രവര്‍ത്തിക്കാന്‍ കഴിയുക. കോണ്‍ഗ്രസ് അണികള്‍ക്കാണെങ്കില്‍ എവിടേക്കാണ് പോകേണ്ടതെന്ന് അറിയാത്ത അവസ്ഥയാണ്.

പുതുതായി പുറത്തുവന്ന പോളുകളെല്ലാം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഒരു ഘടകം പോലുമല്ലെന്ന് കാണിക്കുന്നതാണ്. ഗുജറാത്തിലെയും മധ്യപ്രദേശിലെയുമെല്ലാം റിസള്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ളതാണ്. ഗുജറാത്തില്‍ എട്ടു സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടമായി. അവിടെ 65 ശതമാനം വോട്ടുകളും ബി ജെ പിക്കാണ് ലഭിച്ചത്. മധ്യപ്രദേശിലും കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകള്‍ പോലും ഉപതിരഞ്ഞെടുപ്പില്‍ പിടിച്ചെടുക്കാനായില്ല. ബി ജെ പിയുമായി നേരിട്ട് പോരാടന്‍ കോണ്‍ഗ്രസ് ശക്തരല്ല. ചില കാര്യങ്ങള്‍ ശരിയായല്ല പോകുന്നത്. ഇത് തിരുത്തേണ്ടതുണ്ടെന്നും സിബല്‍ പറഞ്ഞു.

Latest