Connect with us

National

പശുക്കള്‍ക്കായി ഗവേഷണ കേന്ദ്രം; കൗ ക്യാബിനറ്റ് തീരുമാനങ്ങള്‍ ഇങ്ങനെ

Published

|

Last Updated

ഭോപ്പാല്‍ | പശുക്കള്‍ക്കായി ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ മധ്യപ്രദേശില്‍ പുതുതായി രൂപവത്കരിച്ച പശു ക്യാബിനറ്റിന്റെ ആദ്യ തീരുമാനം. അഗറിലെ സാലാരിയയിലെ ഗോ സാങ്ച്വറിയില്‍ നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. അഗറിലാണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുക. പശുക്കളുടെ സംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ രൂപവത്കരിച്ച പശു ക്യാബിനറ്റിന്റെ ആദ്യ യോഗമാണ് ഇന്ന് ഭോപ്പാലില്‍ ചേര്‍ന്നത്.

സംസ്ഥാനത്തെ സ്വയം പര്യപ്തമാക്കാന്‍ ഗോദാന്‍ പദ്ധതി, ഗോശാലകളെ സ്വയം പര്യപ്തമാക്കും, ചാണകവും മൂത്രവും എങ്ങനെ ഉപയോഗിക്കാം എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ പഠനങ്ങള്‍ നടത്തും, സംസ്ഥാനത്ത് കൂടുതല്‍ ഗോശാലകള്‍ നിര്‍മിക്കും തുടങ്ങിയ തീരുമാനങ്ങളും പശു ക്യബിനറ്റിലുണ്ടായി.

പശു സംരക്ഷണത്തിനായി പശു നികുതി ചുമത്തുന്ന കാര്യവും ആലോചിക്കുന്നുണ്ട്. ഇതിനായി രജിസ്‌ട്രേഷന്‍, വാഹനങ്ങള്‍, മദ്യം എന്നിവക്ക് പ്രത്യേകം സെസ് ഏര്‍പെടുത്തുവാനാണ് നീക്കം. നേരത്തെ കമല്‍നാഥ് സര്‍ക്കാര്‍ ഗോശാലകള്‍ക്കായി പണം കണ്ടെത്താന്‍ ആഡംബര കാറുകളുടെ നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, ടോള്‍ പിരിവ് എന്നിവ വര്‍ധിപ്പിച്ചിരുന്നു.

ഇപ്പോള്‍ മദ്യപ്രദേശില്‍ 1500ഓളം ഗോശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ 1.80 ലക്ഷം പശുക്കളെ പരിപാലിക്കുന്നു.