Connect with us

Pathanamthitta

പള്ളി ഏറ്റെടുക്കുന്നതിനെതിരെ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം

Published

|

Last Updated

പത്തനംതിട്ട | വള്ളിക്കോട്  കോട്ടയം സെന്റ് മേരീസ് കത്തീഡ്രല്‍ ഏറ്റെടുക്കുന്നതിനെതിരെ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം. യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ദേവാലയം സുപ്രീം കോടതി വിധി പ്രകാരം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുവദിച്ച് ഹൈക്കോടതി ഉത്തരവായിരുന്നു. ഇതേത്തുടര്‍ന്ന് പള്ളി ഏറ്റെടുത്തു നല്‍കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ജില്ലാ ഭരണകൂടത്തിനു കോടതി നിര്‍ദേശവും ലഭിച്ചിരുന്നു.

രാവിലെ ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും സഹായത്തോടെ ഓര്‍ത്തഡോക്‌സ് വൈദികന്‍ പള്ളിയില്‍ പ്രവേശിക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് യാക്കോബായ വിശ്വാസികള്‍ സ്ഥലത്തു സംഘടിച്ചത്. തലേന്നു രാത്രി മുതല്‍ പള്ളിയില്‍ സംഘടിച്ചെത്തിയവര്‍ ജെ സി ബി ഉപയോഗിച്ച് പള്ളികവാടത്തിലും മുറ്റത്തും കുഴികള്‍ തീര്‍ത്തു. മുറ്റത്തെ ടൈല്‍സ് ഇളക്കിമാറ്റി. ദേവാലയത്തിനകത്തെ മാര്‍ബിളുകളും പൊളിച്ചുമാറ്റി.

ദേവാലയത്തിന്റെ കതകുകള്‍ അടക്കം നേരത്തെ മാറ്റിയിരുന്നു. ദേവാലയ നവീകരണത്തിന്റെ ഭാഗമായാണ് ഇതു നീക്കിയതെന്ന് യാക്കോബായ വിഭാഗം വികാരി ഫാ.ഡേവിസ് പി തങ്കച്ചന്‍ പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കിത്തരണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം ജില്ലാ ഭരണകൂടത്തിന് കത്തു നല്‍കിയിരുന്നു. 21ന് തങ്ങള്‍ ദേവാലയത്തിലെത്തുമെന്നും സംരക്ഷണം നല്‍കണമെന്നും ഇതില്‍ പരാമര്‍ശമുണ്ടായിരുന്നതായി പറയുന്നു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി മുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു.

ആര്‍ ഡി ഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. എന്നാല്‍ സംഘര്‍ഷത്തിലൂടെ പള്ളിയില്‍ പ്രവേശിക്കാനില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. കോടതി ഉത്തരവ് നടപ്പാക്കിത്തരുന്നതിനുവേണ്ടി വീണ്ടും നിയമനടപടികളിലേക്കു കടക്കാനാണ് അവരുടെ തീരുമാനം.

നിലവില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികളാരും തന്നെ ഇടവകയില്‍ ഇല്ലെന്ന് യാക്കോബായ  തുന്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു. 1907ല്‍ സ്ഥാപിതമായതാണ് പള്ളി. ഇടവകയില്‍ 1934ലെ സഭാ ഭരണഘടന അംഗീകരിച്ച് മുന്‌പോട്ടു പോകാന്‍ താത്പര്യമുള്ള നിരവധി വിശ്വാസികള്‍ വള്ളിക്കോട് കോട്ടയം ദേവാലയത്തിലുണ്ടെന്നും പള്ളിയുടെ സാമഗ്രികള്‍ നശിപ്പിച്ചതിനെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും നീതി നടപ്പാക്കാനുള്ള പോരാട്ടം തുടരുമെന്നും ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി ഫാ.ടൈറ്റസ് ജോര്‍ജ് പറഞ്ഞു.

Latest