തമിഴ്‌നാട്ടില്‍ ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് എഐഎഡിഎംകെ

Posted on: November 21, 2020 6:33 pm | Last updated: November 21, 2020 at 6:33 pm

ചെന്നൈ | തമിഴ്‌നാട്ടില്‍ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയും ബിജെപിയും തമ്മിലുള്ള സഖ്യം തുടരുമെന്ന് മുഖ്യമന്ത്രി ഇ പളനി സ്വാമി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ തമിഴ്‌നാട് സന്ദര്‍ശന വേളയിലാണ് പളനിസ്വാമിയുടെ പ്രഖ്യാപനം.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം നിയമസഭയിലും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പത്ത് വര്‍ഷമായി നല്ല ഭരണമാണ് തങ്ങള്‍ കാഴ്ചവെച്ചത്. 2021ലെ തിരഞ്ഞെടുപ്പിലെ തങ്ങളുടെ സഖ്യം വിജയിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലായ്‌പോഴും തമിഴ്‌നാട് പിന്തുണക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത തമിഴ്‌നാട് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ അമിത്ഷാ അഭിനന്ദിച്ചു. കേന്ദ്രത്തിന്റെ റാങ്കിംഗ് അനുസരിച്ച് രാജ്യത്ത് ഏറ്റവും മികച്ച ഭരണം നടക്കുന്നത് തമിഴ്‌നാട്ടിലാണെന്നും അമിത്ഷാ പറഞ്ഞു. കൊവിഡില്‍ ഗര്‍ഭിണികളെ തമിഴ്‌നാട് സര്‍ക്കാര്‍ പരിചരിച്ചതുപോലെ മറ്റൊരു സംസ്ഥാനവും ചെയ്തിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ എഐഎഡിഎംകെക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു.