Connect with us

Editorial

കിഫ്ബിയും സി എ ജിയുടെ പൊറാട്ട് നാടകവും

Published

|

Last Updated

മുതിര്‍ന്ന നിരവധി ഐ എ എസ് ഉദ്യോഗസ്ഥരെ മറികടന്ന് നരേന്ദ്ര മോദി, ഗിരീഷ് ചന്ദ്ര മുര്‍മുവിനെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായി (സി എ ജി) നിയമിച്ചതെന്തിനായിരുന്നു? കേരളത്തിലെ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയുള്ള വികസന പദ്ധതികള്‍ക്കെതിരായ സി എ ജിയുടെ കരുനീക്കങ്ങള്‍ അതിനുള്ള വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. മൂന്നര പതിറ്റാണ്ടായി മോദിയുടെ വലംകൈയായി പ്രവര്‍ത്തിക്കുന്ന ഗിരീഷ് ചന്ദ്ര മുര്‍മു തന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും ഇഷ്ടാനിഷ്ടങ്ങള്‍ മാനിക്കുന്നതിലും ഏറ്റവും വിശ്വസ്ഥനാണ് എന്നതാണ് അദ്ദേഹത്തിന്റെ നിയമനത്തിന് മോദി ആധാരമാക്കിയ ഒന്നാമത്തെ ഘടകം. രാജ്യത്തെ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ വരവുചെലവ് കണക്കുകള്‍ പരിശോധിക്കുന്നതിനും ഇക്കാര്യത്തില്‍ ആവശ്യമായ ഭരണഘടനാ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമുള്ള ഭരണഘടനാ സ്ഥാപനത്തിന്റെ അധിപനാണ് സി എ ജി. എന്നാല്‍ മോദിക്കാവശ്യം ഈ പദവി ഉപയോഗപ്പെടുത്തി ബി ജെ പി ഇതര സര്‍ക്കാറുകളെ വേട്ടയാടാന്‍ സന്നദ്ധനായ ഒരാളെയായിരുന്നു. ഇക്കാര്യത്തില്‍ തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഗിരീഷ് ചന്ദ്ര മുര്‍മു.

1985ലെ ഗുജറാത്ത് കേഡര്‍ ഓഫീസറായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്നു മുര്‍മു. 2002ലെ വംശീയഹത്യയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മുമ്പാകെയുള്ള കേസുകളും അമിത് ഷായുടെ കാര്‍മികത്വത്തില്‍ അരങ്ങേറിയ വ്യാജ ഏറ്റുമുട്ടല്‍ കേസുകളും കോടതിയില്‍ ഫലപ്രദമായി അവതരിപ്പിക്കാനുള്ള ചുമതല അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി മുര്‍മുവിനെയാണ് ഏല്‍പ്പിച്ചത്. ആ കേസുകളില്‍ നിന്നെല്ലാം അദ്ദേഹം മോദി സര്‍ക്കാറിനെയും ഷായെയും രക്ഷപ്പെടുത്തി. മോദി കേന്ദ്രത്തില്‍ അധികാരത്തിലേറിയതിനു പിന്നാലെ മുര്‍മുവിനെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഡല്‍ഹിയിലെത്തിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ ജമ്മു കശ്മീരില്‍ അതീവ സംഘര്‍ഷാവസ്ഥ നിലനില്‍ക്കവെ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിക്കപ്പെട്ടതും മുര്‍മുവാണ്. അദ്ദേഹമായിരുന്നു അന്ന് കശ്മീരില്‍ ഇന്റര്‍നെറ്റ് റദ്ദ് ചെയ്തതുള്‍പ്പെടെയുള്ള പല ജനദ്രോഹ നടപടികള്‍ക്കു പിന്നിലും. മോദി ആഗ്രഹിക്കുന്ന ഒരു സി എ ജിക്ക് ഇതിലപ്പുറം എന്ത് യോഗ്യതയാണ് വേണ്ടത്?

കിഫ്ബിയുമായി ബന്ധപ്പെട്ട് സി എ ജി സംസ്ഥാനത്തിന് നല്‍കിയ കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത നാല് പേജ് ഡല്‍ഹിയില്‍ വെച്ച് കൂട്ടിച്ചേര്‍ത്തുവെന്നും ഇടതു സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ക്ക് തുരങ്കം വെക്കുകയാണ് ഇതിലൂടെ സി എ ജിയും കേന്ദ്ര സര്‍ക്കാറും ലക്ഷ്യമാക്കുന്നതെന്നുമാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറയുന്നത്. കിഫ്ബിയുടെ മസാല ബോണ്ട് അടക്കമുള്ള ധനസംബന്ധമായ രീതികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്ന സി എ ജി റിപ്പോര്‍ട്ടിലെ നാല് പേജ് കരട് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. സാധാരണയില്‍ ഓഡിറ്റ് ഉദ്യോഗസ്ഥരും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും കൂടിയിരുന്ന് പരിശോധന നടത്തുകയും, ഓഡിറ്റ് ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ വിശദീകരണം കേള്‍ക്കുകയും ചെയ്ത ശേഷമാണ് റിപ്പോര്‍ട്ടിംഗിലേക്ക് കടക്കുക. കിഫ്ബിയുടെ കാര്യത്തില്‍ ഈ പതിവു ചട്ടങ്ങളൊന്നും പാലിക്കാതെയാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നാല് പേജുള്ള കിഫ്ബിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒരു ഘട്ടത്തിലും സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് സംസ്ഥാന ധനമന്ത്രാലയം പറയുന്നത്.

കേരളത്തിന്റെ വികസനത്തില്‍ കിഫ്ബിക്ക് വലിയ പ്രാധാന്യമുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ശമ്പളവും പെന്‍ഷനും പിന്നാക്കക്കാര്‍ക്കുള്ള ക്ഷേമപദ്ധതികളും മുന്‍കാല വായ്പകളുടെ പലിശയും കഴിച്ചാല്‍ വികസന പദ്ധതികള്‍ക്കുള്ള മൂലധനച്ചെലവ് നന്നേ കുറവാണ് സംസ്ഥാനത്ത്. കഴിഞ്ഞ ഏഴ് വര്‍ഷമായി കേരളത്തിന്റെ ചെലവുകള്‍ ശരാശരി 16 ശതമാനം കണ്ട് ഉയരുകയാണ്. വരുമാനം പത്ത് ശതമാനമേ ഉയരുന്നുള്ളൂ. ഈ വിടവ് പബ്ലിക് അക്കൗണ്ട് വഴിയുള്ള വായ്പ വഴിയും മറ്റുമാണ് നികത്തിയിരുന്നത്. അതേസമയം ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനത്തിനു തുല്യമായ പണം മാത്രമേ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വായ്പയെടുക്കാനാകൂ. ഇത് മറികടക്കാനാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴിയുള്ള കടമെടുപ്പ് പദ്ധതി ആവിഷ്‌കരിച്ചത്. കേരളത്തിന് വലിയൊരു ആശ്വാസമാണിത്. കിഫ്ബിയില്‍ നിന്നുള്ള കടം സ്വീകരിക്കാനുള്ള വഴിയടഞ്ഞാല്‍ സ്‌കൂളുകളുടെ ഹൈടെക് വികസനം, താലൂക്കാശുപത്രികളുടെ പുനര്‍നിര്‍മാണം, ആയിരക്കണക്കിന് കിലോമീറ്റര്‍ നീളം വരുന്ന റോഡുകളുടെ നിര്‍മാണം, പുനരുദ്ധാരണം, കെ ഫോണ്‍ പദ്ധതി, കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമായി ആവിഷ്‌കരിച്ച ട്രാന്‍സ്ഗ്രിഡ് വ്യവസായ പാര്‍ക്കുകള്‍ തുടങ്ങിയ പദ്ധതികളെല്ലാം അവതാളത്തിലാകും.

വികസനത്തില്‍ ഇതര സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ് കേരളം. ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്‌സ് പ്രസിദ്ധീകരിക്കുന്ന മികച്ച ഭരണം കാഴ്ച വെക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ നാല് വര്‍ഷമായി തുടര്‍ച്ചയായി ഒന്നാം സ്ഥാനത്താണ് കേരളം. നിതി ആയോഗ് പുറത്തിറക്കിയ ആരോഗ്യഫല സൂചികാ റിപ്പോര്‍ട്ട് അനുസരിച്ച് ആരോഗ്യ സുരക്ഷയിലും കേരളമാണ് മുമ്പില്‍. അതേസമയം, ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ ഈ മേഖലകളിലെല്ലാം വളരെ പിന്നിലും. ഇത് ബി ജെ പി നേതൃത്വത്തെയും കേന്ദ്ര സര്‍ക്കാറിനെയും വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. സംസ്ഥാനം മാറിമാറി ഭരിച്ച ഇടതു മുന്നണിക്കും ഐക്യജനാധിപത്യ മുന്നണിക്കും അവകാശപ്പെട്ടതാണ് കേരളത്തിന്റെ ഈ നേട്ടങ്ങള്‍. സംസ്ഥാനത്ത് അടിത്തറ ശക്തിപ്പെടുത്താനുള്ള ബി ജെ പിയുടെ അടവുകളെല്ലാം മതേതര ശക്തികളുടെ പ്രതിരോധത്തിനു മുമ്പില്‍ പരാജയപ്പെടുകയാണ്. ഇപ്പോള്‍ ഏറ്റവും ഒടുവിലായി വെടക്കാക്കി തനിക്കാക്കുക എന്ന അടവാണ് അവര്‍ സ്വീകരിച്ചു വരുന്നത്. സി എ ജി കിഫ്ബിയില്‍ കയറിപ്പിടിച്ചതിന്റെ പിന്നിലെ ലക്ഷ്യമിതാണെന്നാണ് നിരീക്ഷകരുടെ പക്ഷം. മറ്റു ബി ജെ പി ഇതര സംസ്ഥാനങ്ങളിലും നടന്നു വരുന്നുണ്ടല്ലോ അന്വേഷണ ഉദ്യോഗസ്ഥരെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തിയുള്ള കരുനീക്കങ്ങള്‍.

Latest