കൊവിഡ് വാക്‌സിന്‍: അടിയന്തര ഉപയോഗത്തിന് അനുമതി നേടി ഫൈസര്‍ യുഎസ് എഫ്ഡിഎയെ സമീപിച്ചു

Posted on: November 20, 2020 11:36 pm | Last updated: November 20, 2020 at 11:36 pm

വാഷിംഗ്ടണ്‍ | യുഎസ് മരുന്നു നിര്‍മാതാക്കളായ ഫൈസറും ബയോണ്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി കമ്പനി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ സമീപിച്ചു. വാക്‌സിന്റെ സുരക്ഷിതത്വവും ഗുണനിലവാരവും പരിശോധിച്ച ശേഷം എഫ്ഡിഎ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കും. ഇതിന് എത്ര സമയം എടുക്കുമെന്നത് വ്യക്തമല്ല.

അതേസമയം, ഡിസംബര്‍ ആദ്യപകുതിയില്‍ വാക്‌സിന്‍ ജനങ്ങളിലെത്തിക്കാന്‍ സാധിക്കുമെന്നാണ് യുഎസ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ക്ലിനിക്കല്‍ ട്രയലില്‍ വാക്‌സിന്‍ സുരക്ഷിതവും 94 ശതമാനം ഫലപ്രാപ്തിയും ഉള്ളതായി തെളിഞ്ഞിരുന്നു. ലോകവ്യാപകമായി 41,000 പേരിലാണ് പരീക്ഷണം നടത്തിയിരുന്നത്.

അനുമതി ലഭിച്ചാല്‍ മണിക്കൂറുകള്‍ക്കം തന്നെ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സജ്ജമാണെന്ന് ഫൈസര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. അപകട സാധ്യത കൂടിയ ആരോഗ്യപ്രവര്‍ത്തകര്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്കാകും ആദ്യം വാക്‌സിന്‍ നല്‍കുക.