Connect with us

National

പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയവരെ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തി സോണിയയുടെ നയതന്ത്രം

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയവരെ സുപ്രധാന കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തി സോണിയയുടെ നയതന്ത്രം. പാര്‍ട്ടിക്കെതിരെ പരസ്യമായി നിലപാടെടുക്കുകയും അഭിപ്രായ പ്രകടനം നടത്തുകയും ചെയ്ത മുതിര്‍ന്ന നാല് നേതാക്കളെയാണ് ദേശീയസുരക്ഷ, വിദേശകാര്യങ്ങള്‍, സമ്പദ്വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തിയത്. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗോവയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് സോണിയയുടെ നിര്‍ണായക നീക്കം.

പരസ്യമായി പാര്‍ട്ടിയെ വിമരശിച്ച കപില്‍ സിബല്‍, പി ചിദംബരം, ആനന്ദ് ശര്‍മ, ശശി തരൂര്‍ എന്നിവര്‍ക്കാണ് പുതിയ ചുമതലകള്‍ നല്‍കിയത്. ചിദംബരത്തെ സാമ്പത്തിക കാര്യ സമിതിയിലും ആനന്ദ് ശര്‍മ, ശശി തരൂര്‍ എന്നിവരെ വിദേശകാര്യ സമിതിയിലും ഗുലാം നബി ആസാദ് വീരപ്പ മൊയ്ലി എന്നിവരെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കമ്മിറ്റിയിലുമാണ് ഉള്‍പ്പെടുത്തിയത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മൂന്ന് കമ്മിറ്റികളിലും അംഗമാണ്.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും അതിനുള്ള പരിഹാരവും കോണ്‍ഗ്രസിന് അറിയാമെന്നും എന്നാല്‍ അത് അംഗീകരിക്കുന്നില്ലെന്നും കപില്‍ സിബല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നലകിയ അഭിമുഖത്തില്‍ തുറന്നടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കോണ്‍ഗ്രസിന് താഴെ തട്ടില്‍ സംഘടനാ സാന്നിധ്യം നഷ്ടപ്പെട്ടുവെന്ന് തുറന്നടിച്ച് ചിദംബരം രംഗത്ത് വന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ അഞ്ച് മുന്‍ മുഖ്യമന്ത്രിമാര്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍ അടക്കം 23 പേര്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചതും വിവാദമായിരുന്നു. ആനന്ദ് ശര്‍മ അടക്കം നേതാക്കള്‍ ഒപ്പുവെച്ച കത്തില്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിച്ചിരുന്നത്.

കപില്‍ സിബല്‍ ഉള്‍പ്പെടെ നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി രൂക്ഷമായി പ്രതികരിച്ചിരുന്നു. പാര്‍ട്ടിയെ വിമര്‍ശിക്കുന്നവര്‍ക്ക് വേറെ പാര്‍ട്ടിയില്‍ ചേരുകയോ സ്വന്തമായി പാര്‍ട്ടി തുടങ്ങുകയോ ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് പരാജയത്തിന് പല കാരണങ്ങളും ഉണ്ടെന്നും ആഭ്യന്തര പ്രശ്‌നങ്ങള്‍ പുറത്ത് പറയേണ്ടതില്ലെന്നും അശോക് ഗെഹലോട്ടും അഭിപ്രായപ്പെട്ടിരുന്നു.

Latest