Connect with us

Articles

ഡിജിറ്റല്‍ മാധ്യമ നിയന്ത്രണം ആരുടെ ആവശ്യം?

Published

|

Last Updated

എന്താണ് ഈ ഒ ടി ടി പ്ലാറ്റ്‌ഫോം? നമ്മള്‍ മുമ്പ് ടി വി കണ്ടിരുന്നത് നേരിട്ടുള്ള ആന്റിന വെച്ച് കൊണ്ടായിരുന്നു. അന്ന് ദൂരദര്‍ശന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് നിരവധി സ്വകാര്യ ചാനലുകള്‍ വന്നതോടെ കേബിള്‍ ടി വി ആയി അതിന്റെ രീതി. ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്നലുകള്‍ ശേഖരിക്കുന്ന ഒരു കേന്ദ്രം. അതില്‍ നിന്ന് കമ്പി വഴി നമ്മുടെ ടി വിയില്‍ എത്തുന്നു. പക്ഷേ, കേബിള്‍ ഇല്ലാത്തിടങ്ങളില്‍ ഡിഷ് ആന്റിന വെച്ചും കാണാം. പക്ഷേ വീടുകളില്‍ ഇന്റര്‍നെറ്റ് വ്യാപകമായതോടെ അതുവഴി നമ്മുടെ വീട്ടിലേക്ക് എത്തിക്കാന്‍ കഴിയുന്ന ചാനലുകള്‍ വന്നു. ഇതിലൂടെ കേബിളും ഉപഗ്രഹവുമെല്ലാം അപ്രസക്തമായി. ഒരു തരത്തില്‍ തലക്കുമുകളില്‍ കൂടി എത്തുന്ന ടി വി ചാനല്‍ ആയി. അതിനെയാണ് ഓവര്‍ ദ ടോപ് (ഒ ടി ടി) എന്ന് വിളിക്കുന്നത്. ഇങ്ങനെ വരുന്നവയില്‍ ഇന്ന് അതിവേഗത്തില്‍ വ്യാപിക്കുന്ന ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട് സ്റ്റാര്‍ മുതലായ വിനോദ ചാനലുകളും നിരവധി വാര്‍ത്താ ചാനലുകളും ഉണ്ട്. ഇന്ത്യയില്‍ കാണിക്കുകയാണെങ്കില്‍ ഈ ചാനലുകളെ മറ്റു പത്ര, ദൃശ്യമാധ്യമങ്ങള്‍ പോലെ 2000ലെ ഐ ടി നിയമത്തിന്റെ കീഴില്‍ കൊണ്ടുവരാനുള്ള നീക്കമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഉണ്ട്. അത് ഒരു അര്‍ധ ജുഡീഷ്യല്‍ സ്ഥാപനമാണ്. ടി വിക്ക് ന്യൂ ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഉണ്ട്. സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് ഉണ്ട്. ടി വി പരിപാടികളെക്കുറിച്ച് പരാതി കേള്‍ക്കാന്‍ ഒരു സ്ഥാപനം ഉണ്ട്. പരസ്യങ്ങളുടെ നിലവാര പരിശോധനക്കുള്ള കൗണ്‍സില്‍ ഉണ്ട്. ടി വി മാധ്യമങ്ങള്‍ നിയമലംഘനം നടത്തിയാല്‍ 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക് നിയന്ത്രണ നിയമം ഉണ്ട്. ഈ മേഖലയില്‍ അതില്ല. ഈ നീക്കം വഴി വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പിന് ഇവരുടെ മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയും. നവംബര്‍ ഒമ്പതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ട് ക്യാബിനറ്റ് സെക്രട്ടറി പ്രസിദ്ധീകരിച്ച ഉത്തരവില്‍ ഇത് വ്യക്തമാക്കുന്നു. അലോക്കേഷന്‍ ഓഫ് ബിസിനസ് റൂള്‍സില്‍ ചില ഭേദഗതികള്‍ വരുത്തുകയാണ് ചെയ്തത്.

അതില്‍ ചലച്ചിത്രങ്ങളും ദൃശ്യ, ശ്രവ്യ പരിപാടികളും വാര്‍ത്തകളും നല്‍കുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ പെടുന്നു. ഈ മേഖലയില്‍ സ്വയം നിയന്ത്രണം വേണമെന്ന ആവശ്യം കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ മന്ത്രാലയം ഉന്നയിച്ചിരുന്നതാണ്. അതിനായുള്ള കരട് നിയമം കൊണ്ടുവരികയും ചെയ്തിരുന്നു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ മാധ്യമങ്ങളുടെ വ്യാപനം ഇന്ന് വളരെ കൂടുതലായിരിക്കുന്നു. കൂടുതല്‍ കൂടുതല്‍ പേര്‍ പരമ്പരാഗത മാധ്യമങ്ങളില്‍ നിന്ന് ഇവയിലേക്കു മാറുന്നു. അതുകൊണ്ടുതന്നെ ഇവക്കു മേലുള്ള നിയന്ത്രണങ്ങള്‍ അനിവാര്യമായിരിക്കുന്നു. മറ്റു മാധ്യമങ്ങളുടേതു പോലുള്ള നിയന്ത്രണങ്ങള്‍ ഇവക്കു മേല്‍ കൊണ്ടുവരാനുള്ള ഘടനയാണ് ഇപ്പോള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ 56 കോടി ഉപഭോക്താക്കള്‍ ഉണ്ട്. മൊബൈല്‍ ഫോണിന്റെ വ്യാപനമാണ് ഇതിനു കാരണമായത്. ഈ മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ യുവമനസ്സുകളെ കാര്യമായി സ്വാധീനിക്കുന്നു എന്നതിനാല്‍ തന്നെ നിയന്ത്രണം അനിവാര്യമെന്നാണ് സര്‍ക്കാര്‍ നിലപാട്. 2019ല്‍ തന്നെ ഇതില്‍ വരുന്ന നിയന്ത്രിക്കപ്പെടാത്ത ഉള്ളടക്കത്തെ പറ്റി സുപ്രീം കോടതിയിലും മറ്റു ഹൈക്കോടതികളിലുമായി നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കുവെച്ച് 17 കോടി പേര്‍ ഈ രീതിയില്‍ ഒ ടി ടി പ്ലാറ്റ്‌ഫോം ഉപയോഗിച്ച് കാണുന്നുണ്ട്. ഏതാണ്ട് 500 കോടി രൂപയുടെ വ്യാപാരം ഈ മേഖലയില്‍ ഉണ്ട്. അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കകം ഇത് 4,000 കോടി വ്യാപാരമായി വളരുമെന്നും കണക്കാക്കുന്നു. മുമ്പ് മറ്റുള്ളവര്‍ നിര്‍മിക്കുന്ന ദൃശ്യവിഭവങ്ങള്‍ വില്‍ക്കുന്ന ഒന്നായിരുന്നു ഇവയെങ്കില്‍ ഇപ്പോള്‍ അവര്‍ തന്നെ അതിന്റെ നിര്‍മാതാക്കള്‍ ആയിരിക്കുന്നു. നെറ്റ്ഫ്‌ളിക്‌സും ആമസോണും മറ്റും ചലച്ചിത്രങ്ങളും സീരിയലുകളും നിര്‍മിച്ച് കാണിക്കുന്നു. മുന്‍കാലാനുഭവങ്ങള്‍ വെച്ചുകൊണ്ട് പ്രേക്ഷകര്‍ക്ക് ഓരോന്നിലുമുള്ള താത്പര്യങ്ങള്‍ കൃത്രിമബുദ്ധി സംവിധാനങ്ങളില്‍ കൂടി വിലയിരുത്തി കമ്പോളവികാസം സാധ്യമാകുന്നു. മിക്ക പ്ലാറ്റ്ഫോമുകളും ചില പരിപാടികള്‍ സൗജന്യമായി നല്‍കി പ്രേക്ഷകരെ അവരുടെ വലയിലേക്ക് ആകര്‍ഷിക്കുന്നു. ഇവര്‍ നല്‍കുന്നവ മറ്റൊരിടത്തും ലഭ്യമാകില്ല എന്നും ഉറപ്പാക്കുന്നു.

ആദ്യമായി ഇങ്ങനെ ഒരു നിയന്ത്രണം കൊണ്ടുവരുമ്പോള്‍ ഇങ്ങനെയുള്ള പ്ലാറ്റ്ഫോമുകള്‍ക്ക് രജിസ്‌ട്രേഷന്‍ വേണ്ടിവരും. ഇതിനെതിരെ എതിര്‍പ്പ് ഉയര്‍ന്നുവരും എന്ന് തീര്‍ച്ചയാണ്. സ്വയം നിയന്ത്രണമെന്ന രീതിയില്‍ ഇത്തരം ഒരാവശ്യം സര്‍ക്കാര്‍ ഉയര്‍ത്തിയപ്പോള്‍ ഐ എ എം എ ഐ (ഇന്ത്യയിലെ ഇന്റര്‍നെറ്റ് മൊബൈല്‍ സംഘടന) വെച്ച ഒരു നിര്‍ദേശമായിരുന്നു ഡിജിറ്റല്‍ ക്യൂറേറ്റഡ് കണ്ടന്റ് പരാതി സെല്‍ എന്നത്. എന്നാല്‍ സര്‍ക്കാറിന് ഇത് സ്വീകാര്യമായില്ല. കാരണം ഇതിന്റെ ഉള്ളടക്കം ഒരു മൂന്നാം കക്ഷി പരിശോധിക്കുന്നില്ല. അതിന് കൃത്യമായി നിര്‍വചിക്കപ്പെട്ട എത്തിക്‌സ് കോഡ് ഇല്ല. എന്താണ് നിരോധിക്കപ്പെടേണ്ടത് എന്ന് വ്യക്തമല്ല എന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ വരുമ്പോള്‍ എന്താകും സംഭവിക്കുക? അവര്‍ പുറത്തുവിടുന്ന വിനോദ വാര്‍ത്താ പരിപാടികളുടെ ഉള്ളടക്കത്തിനുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാക്കും എന്നതാണ് പ്രധാന പ്രശ്‌നം. ഇവയെ കേന്ദ്ര മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ ആക്കുന്നതോടെ അവര്‍ പുറത്തുവിടാന്‍ ഉദ്ദേശിക്കുന്ന ഉള്ളടക്കങ്ങള്‍ മുന്‍കൂര്‍ പരിശോധനക്ക് നല്‍കി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടി വരും. ഇതില്‍ തന്നെ ചില വൈരുധ്യങ്ങള്‍ ഉണ്ടാകും. അവര്‍ കാണിക്കുന്ന പലതും മറ്റു ഏജന്‍സികളുടെ പരിശോധനകള്‍ കഴിഞ്ഞവ ആയിരിക്കും. ഉദാഹരണത്തിന്, സിനിമകള്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കിട്ടിയവയാണ്. അവ വീണ്ടും പരിശോധിക്കണോ? മറ്റൊരു രീതിയിലും ഈ നിയന്ത്രണങ്ങളെ ചോദ്യം ചെയ്യേണ്ടി വരാം. ഈ പ്ലാറ്റ്ഫോമുകളില്‍ കൂടി പുറത്തുവരുന്ന വാര്‍ത്ത, ഡോക്യുമെന്ററികള്‍ മുതലായവ പലപ്പോഴും കൃത്യമായ രാഷ്ട്രീയ താത്പര്യങ്ങള്‍ ഉള്ളവയാകാം. അങ്ങനെയുള്ളവക്കുമേല്‍ എന്തുതരം നിയന്ത്രണങ്ങളാകും കൊണ്ടുവരിക എന്നതും പ്രധാനമാണ്. ഡിജിറ്റല്‍ വാര്‍ത്തകളുടെ കാര്യത്തില്‍ ശൂന്യാകാശത്തുള്ള ചില സ്ഥാപനങ്ങള്‍ പത്ര, മാധ്യമങ്ങള്‍ക്ക് സമാനമായി കണക്കാക്കപ്പെടും. ഒരു തരം സെന്‍സറിംഗ് തന്നെയാണിത്. ഇതിന്റെ ചട്ടങ്ങള്‍ രൂപപ്പെടുമ്പോള്‍ മാത്രമേ കൂടുതല്‍ വ്യക്തത വരൂ. ഇതെങ്ങനെ ആയിരിക്കുമെന്നതിനെപ്പറ്റി വകുപ്പിലെ ഉന്നതര്‍ക്ക് പോലും വ്യക്തതയില്ല. അസത്യ വാര്‍ത്തകള്‍ തടയണം എന്ന പൊതു നിലപാടാണ് വകുപ്പുമന്ത്രി പ്രകാശ് ജാവദേക്കര്‍ എടുത്തിട്ടുള്ളത്.

നിലവില്‍ തന്നെ ഒരു സിനിമക്ക് സെന്‍സറിംഗ് കഴിഞ്ഞേ പ്രദര്‍ശനം സാധ്യമാകൂ. എന്നാല്‍ ടി വി സീരിയലിന്റെ കാര്യത്തില്‍ അതില്ല. മറിച്ച് അവിടെ ചാനലിന്റെ അംഗീകാരം മാത്രം മതി. പ്രക്ഷേപണത്തിന് ശേഷമുള്ള സെന്‍സര്‍ഷിപ്പാണ് കേബിള്‍ ആന്‍ഡ് ടി വി നിയമത്തില്‍ ഉള്ളത്. ഇപ്പോള്‍ മുടങ്ങിക്കിടക്കുന്ന ഒരു നിയമനിര്‍മാണം ഇതിനായുണ്ട്, പി ആര്‍ ബി ഭേദഗതി നിയമം. ഇതിലൂടെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ പത്ര, ദൃശ്യ മാധ്യമങ്ങളുടെ രീതിയില്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിയും എന്ന് വിദഗ്ധര്‍ പറയുന്നു. ഇപ്പോഴത്തെ നീക്കം കൂടുതല്‍ വ്യക്തത നല്‍കുന്നു. ആര്‍ക്കായിരിക്കണം ഇതിന്റെ നിയന്ത്രണം എന്ന കാര്യത്തില്‍ ശക്തമായ അഭിപ്രായവ്യത്യാസം ഉന്നതങ്ങളില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്‍ ഒരു ദിശ ഉണ്ടായിരിക്കുന്നു. വാര്‍ത്താവിതരണ വകുപ്പിനാകും നിയന്ത്രണം.
സുദര്‍ശന്‍ ടി വി പ്രക്ഷേപണം ചെയ്യുന്ന അതിവര്‍ഗീയതക്കെതിരെ സുപ്രീം കോടതിയില്‍ വന്ന കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ സെപ്തംബറില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഈ ദിശ വ്യക്തമാക്കിയിരുന്നു. ഒരു മുസ്‌ലിം ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നു എന്ന രീതിയില്‍ യു പി എസ് സി ജിഹാദ് എന്ന പരിപാടിക്കെതിരെയായിരുന്നു വര്‍ഗീയതാ വ്യാപനത്തിനെതിരെയുള്ള കേസ്. സിവില്‍ സര്‍വീസില്‍ നുഴഞ്ഞുകയറാനുള്ള ഗൂഢപദ്ധതി തുറന്നു കാട്ടുന്നു എന്നായിരുന്നു അവകാശവാദം. ഇതിലെ സര്‍ക്കാറിന്റെ നിലപാട് അത്ഭുതകരമായിരുന്നു. ഈ പരിപാടി നിര്‍ത്തിവെക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടതുമാണ്. വര്‍ഗീയത വ്യാപിക്കുന്നത് തടയുകയാണ് ലക്ഷ്യമെങ്കില്‍ ടി വി മാധ്യമങ്ങള്‍ക്കു മുമ്പേ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കു മേലാണ് നിയന്ത്രണം വേണ്ടതെന്നാണ് അതില്‍ പറഞ്ഞത്. ടി വികളെ നിയന്ത്രിക്കാന്‍ ഇപ്പോള്‍ തന്നെ നിയമങ്ങള്‍ ഉണ്ട് എന്നും. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വ്യാപനനിരക്ക് ടി വിയുടെ ആയിരക്കണക്കിന് മടങ്ങാണ് എന്നതാണ് ഇതിന് കാരണമായി പറഞ്ഞത്. ഈ വിജ്ഞാപനം വെച്ചുകൊണ്ട് ഇനി നിയമം ഉണ്ടാക്കാന്‍ സര്‍ക്കാറിന് കഴിയും.

പി ആര്‍ ബി ഭേദഗതി നിയമത്തിലെ സൂചനകളും നിര്‍ണായകമാണ്. ഈ നിയമമനുസരിച്ച് ഒരു വെബ്സൈറ്റ് ഇനിമേല്‍ പത്രങ്ങള്‍ പോലെ രജിസ്റ്റര്‍ ചെയ്യേണ്ടി വരും. പക്ഷേ, യൂട്യൂബും ഫേസ്ബുക്കും ഇതിനു കീഴില്‍ വരില്ല. അത് എങ്ങനെ നിയന്ത്രിക്കും എന്നറിയില്ല. തങ്ങളുടെ പത്രാധിപരായി വിദേശ പൗരനെ നിയമിക്കാന്‍ പാടില്ല. നിയമ വിരുദ്ധ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള ശിക്ഷ തടവില്‍ നിന്ന് പിഴയിലേക്ക് മാറ്റുന്നു. മറ്റൊരു വ്യത്യസ്ത നീക്കത്തിലൂടെ, പത്രങ്ങള്‍ക്കുള്ളത് പോലെ ഡിജിറ്റല്‍ വെബ്സൈറ്റുകളിലും ഉടമസ്ഥതയുടെ 26 ശതമാനം വരെ മാത്രമേ വിദേശ മൂലധന പങ്കാളിത്തം അനുവദിക്കൂ എന്നാക്കിയിരിക്കുന്നു. പ്രമുഖ സിനിമാ നിര്‍മാതാവായ ഹന്‍സാല്‍ മേത്ത ഇതിനെ അതിനിശിതമായി വിമര്‍ശിക്കുന്നു. “സ്വതന്ത്ര ആശയ പ്രകാശനത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കൂച്ചുവിലങ്ങിടാനുള്ള നിരാശാജനകമായ ശ്രമം തന്നെയാണിത്. ഞാന്‍ തീര്‍ത്തും നിരാശനാണ്.” മുമ്പ് പറഞ്ഞ സുദര്‍ശന്‍ കേസില്‍ സര്‍ക്കാര്‍ തന്നെ പറഞ്ഞത് പുതിയ നിയമങ്ങള്‍ ഉണ്ടാക്കാനായി ഒരു സമിതിയെ നിയോഗിക്കണം എന്നാണ്. തര്‍ക്കങ്ങള്‍ തുടരട്ടെ. പക്ഷേ ഒന്നുണ്ട്, ഇന്ന് ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട മാധ്യമ പ്രവര്‍ത്തനം നടക്കുന്നത് ഡിജിറ്റല്‍ രീതിയിലാണ്. മുഖ്യധാരയില്‍ മറ്റുള്ളവരേക്കാള്‍ നട്ടെല്ലുണ്ടെന്ന് അവര്‍ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അമിതാധികാര കേന്ദ്രീകരണത്തിന്റെ ഈ കാലത്ത് സ്വതന്ത്ര മാധ്യമ സാധ്യതകള്‍ പ്രധാനമാണ് ജനങ്ങള്‍ക്ക്. അതുപോലെ തന്നെ അതില്ലാതാക്കുകയെന്നത് ഭരണകൂടത്തിനും പ്രധാനമാണ്. ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കു മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതിനെ സംശയ ദൃഷ്ടിയോടെ കാണേണ്ടിവരും.