Connect with us

National

നിയന്ത്രണരേഖ കടന്നാല്‍ ജീവനോടെ തിരിച്ചുപോകില്ല; നുഴഞ്ഞുകയറ്റക്കാര്‍ക്ക് താക്കീത് നല്‍കി കരസേനാ മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി | നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ പിന്നെ ജീവനോടെ അവര്‍ തിരിച്ചുപോകില്ലെന്ന് താക്കീത് നല്‍കി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരാവനെ. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നവരുടെ വിധി നഗ്രോട്ടയില്‍ കൊല്ലപ്പെട്ടവരുടെത് തന്നെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നഗ്രോട്ടയില്‍ നാല് തീവ്രവാദികളെ വധിച്ചത് സംബന്ധിച്ച് ഇന്ത്യാ ടുഡേക്ക് നല്‍കിയ പ്രതികരണത്തിലാണ് നരാവനെ സ്വരം കടുപ്പിച്ചത്.

ആപ്പിള്‍ കയറ്റിവന്ന ട്രക്കില്‍ ഒളിഞ്ഞിരുന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെ വകവരുത്തിയ സൈനികരെ ജനറല്‍ നരാവനെ അഭിനന്ദിച്ചു. ഇന്ത്യന്‍ സേനക്കും ജമ്മു കാശ്മീര്‍ പോലീസിനും അര്‍ധ സൈനിക വിഭാഗത്തിനുമിടയില്‍ ശക്തമായ കൂട്ടായ്മ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് നഗ്രോട്ടയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. തീവ്രവാദികള്‍ ഒളിച്ചിരുന്ന ട്രക്ക് സൈന്യം തടയുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ വധിക്കുകയുമായിരുന്നു. ഒരു പോലീസുകാരനും ഓപ്പറേഷനില്‍ പരുക്കേറ്റു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യത്തിന്റെ ഓപ്പറേഷന്‍.

തീവ്രവാദികള്‍ എത്തിയ ട്രക്കില്‍ നിന്ന് 11 എ കെ 47 തോക്കുകളും മൂന്ന് പിസ്റ്റളുകളും 29 ഗ്രനേഡുകളും കണ്ടെടുത്തിരുന്നു. ശക്തമായ ആക്രമണത്തിന് പദ്ധതിയിട്ടാണ് ഇവര്‍ എത്തിയത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്ന് സൈനിക കേന്ദ്രങ്ങള്‍ പറഞ്ഞു.

Latest