Connect with us

Kerala

സന്ദേശത്തിലെ ശബ്ദം സ്വപ്‌നയുടേത് തന്നെ; റെക്കോഡ് ചെയ്തത് ജയിലില്‍നിന്നല്ലെന്ന് ജയില്‍ ഡി ഐ ജി

Published

|

Last Updated

കൊച്ചി |  സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന്റെ പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്‌നയുടേത് തന്നെയെന്ന് സ്ഥിരീകരണം. അതേ സമയം സന്ദേശം ജയിലില്‍വെച്ച് റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ജയില്‍ ഡി ഐ ജി അജയകുമാര്‍ വ്യക്തമാക്കി. സ്വപ്ന സുരേഷിനെ പാര്‍പ്പിച്ചിട്ടുള്ള അട്ടക്കുളങ്ങര ജയിലില്‍ പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയില്‍ ഡി ഐ ജി.

ശബ്ദം തന്റേതാണെന്ന് ഡി ഐ ജി അജയകുമാറിനോട്സ്വപ്ന പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. അതേ സമയം എപ്പോഴാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍മ്മയില്ലെന്നാണ് സ്വപ്ന പറഞ്ഞതെന്നും ഡി ഐ ജി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ശബ്ദസന്ദേശം പുറത്തുവന്നത് സംബന്ധിച്ച അന്വേഷണത്തിന് ഡി ഐ ജി അജയകുമാറിനെ ചുമതലപ്പെടുത്തിയത്. ഇന്നു തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. ഇ ഡിയും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ഇതിന് പിന്നിലുണ്ടോയെന്നാണ് ഇ ഡി പരിശോധിക്കുകയാണ്.

മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നായിരുന്നു പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ സ്വപ്ന സുരേഷ് പറഞ്ഞിരുന്നത്. ഒരു വാര്‍ത്താ പോര്‍ട്ടലാണ് സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ ശബ്ദസന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞുവെന്നും ശബ്ദ സന്ദേശത്തിലുണ്ട്.

---- facebook comment plugin here -----

Latest