Connect with us

National

സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ സിബിഐക്ക് അന്വേഷണം നടത്താനാകില്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡൽഹി | സംസ്ഥാന സർക്കാരുകളുടെ സമ്മതമില്ലാതെ സിബിഐക്ക് കേസന്വേഷണം നടത്താനാകില്ലെന്ന് സുപ്രീം കോടതി. സിബിഐയുടെ അധികാര പരിധി ഒരു സംസ്ഥാനത്തേക്ക് നീട്ടണമെങ്കിലും സംസ്ഥാനത്തിൻെറ അനുമതി ആവശ്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉത്തർപ്രദേശിൽ അഴിമതിക്കേസിൽ പ്രതികളായ ഉദ്യോഗസ്ഥർ സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. സിബിഐക്കുള്ള പൊതുസമ്മതം റദ്ദാക്കിയ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് ഈ വിധി ഏറെ സഹായകമാകും. 

സിബിഐക്ക് ഒരു കേസിൽ അന്വേഷണം നടത്തണമെങ്കിൽ അതത് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണെന്നതാണ് നിയമം. സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ കേന്ദ്രത്തിന് സിബിഐയുടെ അധികാരപരിധി നീട്ടാനും  കഴിയില്ല. നിയമം ഭരണഘടനയുടെ ഫെഡറൽ ഘടനയുമായി യോജിച്ചാണ് നിൽക്കുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സിബിഐയെ നിയന്ത്രിക്കുന്ന ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം പരാമർശിച്ചാണ് ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ബിആർ ഗവായി എന്നിവരടങ്ങിയ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 

സിബിഐയുടെ അധികാരപരിധി കേന്ദ്രഭരണ പ്രദേശങ്ങൾക്കപ്പുറം ഒരു സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കാൻ ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം സെക്ഷൻ 5 കേന്ദ്രസർക്കാരിന് അനുമതി നൽകുന്നുണ്ട്. എന്നാൽ അത്തരം വിപുലീകരണത്തിന് ഒരു സംസ്ഥാനം സമ്മതം നൽകുന്നില്ലെങ്കിൽ അത് സാധ്യമല്ലെന്ന് ഡി‌എസ്‌പി‌ഇ നിയമത്തിലെ ആറാം വകുപ്പ് വ്യക്തമാക്കുന്നതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

ഫെർട്ടികോ മാർക്കറ്റിംഗ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെട്ട കേസിൽ അലഹബാദ് ഹൈക്കോടതി 2019 ഓഗസ്റ്റിൽ പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. കോൾ ഇന്ത്യ ലിമിറ്റഡുമായുള്ള ഇന്ധന വിതരണ കരാർ പ്രകാരം വാങ്ങിയ കൽക്കരി കരിഞ്ചന്തയിൽ വിറ്റതായി ഫെർട്ടിക്കോയിലെ ഫാക്ടറി വളപ്പിൽ നടത്തിയ മിന്നൽ റെയ്ഡിൽ കണ്ടെത്തുകയും സിബിഐ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കേസന്വേഷണത്തിന് സിബിഐക്ക് ഉത്തർപ്രദേശ് സർക്കാറിൻെറ പൊതുസമ്മതം മതിയാകില്ലെന്നും പ്രത്യേക അനുമതി ആവശ്യമാണെന്നും വാദിച്ച് കേസിൽ പ്രതികളായ ഉദ്യോഗസ്ഥർ അലഹബാദ് ഹെെക്കോടതിയെ സമീപിച്ചു. കേസന്വേഷണത്തിന് സംസ്ഥാനത്തിൻെറ പൊതുസമ്മതം ഉണ്ടെന്നും അത് പര്യാപ്തമാണെന്നും ഹെെക്കോടതി വിധിച്ചു. ഇതിന് എതിരെയാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്. 

കേരളത്തിന് പുറമെ രാജസ്ഥാൻ, ബംഗാൾ, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ്, മിസോറാം എന്നീ സംസ്ഥാനങ്ങളും സിബിഐ അന്വേഷണങ്ങൾക്കുള്ള പൊതുസമ്മതം റദ്ദാക്കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളെ സംബന്ധിച്ച് ഏറെ പ്രാധാന്യമർഹിക്കുന്നതാണ് സുപ്രീം കോടതി ഉത്തരവ്. രാഷ്ട്രീയ എതിരാളികളെ ഉപദ്രവിക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഏജൻസിയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ സിബിഐയുടെ പൊതു സമ്മതം റദ്ദാക്കിയത്. ഇതോടെ ഓരോ കേസ് അന്വേഷിക്കാനും സിബിഐക്ക് ഈ സംസസ്ഥാനങ്ങളുടെ പ്രത്യേക അനുമതി ആവശ്യമാണ്.