ഇതൊക്കെ തന്നെയാണ് നീതി!

Posted on: November 19, 2020 6:08 am | Last updated: November 19, 2020 at 6:13 am

ഭരണകൂടങ്ങള്‍ മനുഷ്യാവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യവും നിഷേധിക്കുമ്പോള്‍ അവ സംരക്ഷിക്കാനുള്ള അധികാരം നമ്മുടെ ഭരണഘടനാ കോടതികള്‍ക്കുണ്ട്. ഭരണഘടനയിലെ 32, 226 എന്നീ അനുഛേദങ്ങള്‍ എക്കാലത്തും പ്രസക്തമാകുന്നത് അതിനാലാണ്. മൗലികാവകാശങ്ങള്‍ ലിഖിത രേഖയായിരിക്കുന്നത് കൊണ്ട് മാത്രം എന്ത് ഗുണം. ധ്വംസിക്കപ്പെടുന്ന അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള അവസരം വേണം. പ്രസ്തുത മൗലികാവകാശമാണ് സകല മൗലികാവകാശങ്ങളുടെയും പൂര്‍ണത. 32ാം ഭരണഘടനാനുഛേദത്തെ ഭരണഘടനയുടെ ഹൃദയവും മജ്ജയുമെന്ന് ഡോ. ബി ആര്‍ അംബേദ്കര്‍ വിശേഷിപ്പിച്ചത് അതുകൊണ്ടാണ്.

ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ശ്രദ്ധേയ നിയമ വ്യവഹാരങ്ങളിലൊന്നാണ് 1973ലെ കേശവാനന്ദ ഭാരതി കേസ്. ഭരണഘടനയുടെ മൗലിക ഘടനാ സിദ്ധാന്തത്തിന് പ്രസ്തുത വ്യവഹാരത്തിലൂടെ രൂപം ലഭിച്ചപ്പോള്‍ മൗലികാവകാശങ്ങളും മൗലിക ഘടനയുടെ ഭാഗമാണെന്ന വിധിയെഴുത്തുണ്ടായി. ഭരണഘടനയുടെ ഒഴിച്ചു കൂടാനാകാത്ത ഭാഗമാണ് മൗലികാവകാശങ്ങള്‍ വിശദീകരിക്കുന്ന മൂന്നാം ഖണ്ഡം. തുല്യനീതിയും ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശവും ഭരണഘടന എല്ലാവര്‍ക്കും ഉറപ്പ് നല്‍കുന്നുണ്ട്. അതൊരിക്കലും ധനികനും ശക്തനും മാത്രമുള്ളതല്ല. എന്നാല്‍ സമ്പത്തും സ്വാധീനവുമുള്ളവര്‍ക്ക് ശരവേഗത്തില്‍ നീതി ലഭ്യമാകുകയും പല വിധേനെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് മുമ്പില്‍ നീതിയുടെ കവാടങ്ങള്‍ കൊട്ടിയടക്കപ്പെടുകയും ചെയ്യുന്ന പ്രവണത പരസ്യമായി പല്ലിളിച്ചുകാട്ടുന്ന വര്‍ത്തമാനകാലത്ത് ഇതൊക്കെ തന്നെയാണ് നീതിയെന്ന് വ്യംഗ്യമായി പറയുക കൂടി ചെയ്യുന്നുണ്ട് നമ്മുടെ പരമോന്നത നീതിപീഠം.
2018ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക് ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് രണ്ടാഴ്ച മുമ്പ് മഹാരാഷ്ട്ര പോലീസ് റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഹേബിയസ് കോര്‍പസ് ഹരജിയുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചതില്‍ ഹരജി തള്ളിയപ്പോഴാണ് അര്‍ണബ് ഗോസ്വാമി സുപ്രീം കോടതിയില്‍ ഇടക്കാല ജാമ്യ ഹരജി ഫയല്‍ ചെയ്തത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ഇന്ദിരാ ബാനര്‍ജിയുമടങ്ങുന്ന വെക്കേഷന്‍ ബഞ്ച് അടിയന്തരമായി വാദം കേട്ടാണ് അര്‍ണബിന് ജാമ്യത്തിനുള്ള വഴിയൊരുക്കിയത്. ഫലത്തില്‍ നവംബര്‍ ഒമ്പതിന് ബോംബെ ഹൈക്കോടതിയുടെ ജാമ്യ നിഷേധ വിധിയിലെ ഹരജിയില്‍ നവംബര്‍ 11ന് വൈകുന്നേരത്തോടെ അര്‍ണബ് ഗോസ്വാമിക്ക് ജയിലില്‍ നിന്ന് പുറത്തു കടക്കാന്‍ വേണ്ട വിധി സുപ്രീം കോടതി കൈവെള്ളയില്‍ വെച്ചു കൊടുത്തു എന്ന് പറഞ്ഞാല്‍ തെറ്റാകില്ല. സുപ്രീം കോടതി സെക്രട്ടറി ജനറലിന് മുതിര്‍ന്ന അഭിഭാഷകനും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ദുഷ്യന്ത് ദവെ എഴുതിയ പ്രതിഷേധ കത്തില്‍, ഇഷ്ടക്കാര്‍ക്ക് ആവശ്യമായ നീതി തളികയില്‍ വെച്ചുകൊടുക്കാന്‍ പാകത്തില്‍ അസാധാരണമായും കൃത്യമായി തിരഞ്ഞെടുത്തും കേസ് ലിസ്റ്റ് ചെയ്യുന്നതിനെ ചോദ്യം ചെയ്യുന്നുണ്ട്. അന്നേദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ മാരത്തോണ്‍ വാദം കേള്‍ക്കല്‍ നടത്തിയാണ് അര്‍ണബിന് ബഹുമാന്യ ന്യായാധിപര്‍ നീതി ലഭ്യമാക്കിയത്.

മുമ്പും അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി പരമോന്നത നീതിപീഠം സടകുടഞ്ഞെഴുന്നേറ്റ് പ്രവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ മതദ്വേഷം വളര്‍ത്തുന്ന പരാമര്‍ശം നടത്തിയതില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി കേസുകളാണ് അര്‍ണബിനെതിരെ രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് ഭീതിയില്‍ സുപ്രീം കോടതിയെ സമീപിച്ച കുറ്റാരോപിതന് വേണ്ടി അടിയന്തരമായി കേസ് ലിസ്റ്റ് ചെയ്തു സുപ്രീം കോടതി രജിസ്ട്രാര്‍. രാജ്യം കൊവിഡ് 19 മഹാമാരിയുടെ ആശയക്കുഴപ്പത്തിലകപ്പെട്ട വേളയില്‍ കോടതികളുടെ പ്രവര്‍ത്തനം താളം തെറ്റിയപ്പോള്‍ നീതിയുടെ പ്രകാശ ദൂരത്തില്‍ നിരാശരായ ആയിരങ്ങള്‍ ജയിലുകളില്‍ ഇനിയെന്ത് എന്നാലോചിച്ച് നാളുകളെണ്ണിയിരിക്കുമ്പോഴാണ് സ്വിച്ചിടുന്ന വേഗത്തില്‍ അടുത്ത ദിവസത്തേക്ക് കേസ് ലിസ്റ്റ് ചെയ്ത് അടിയന്തരമായി പരിഗണിച്ച് അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല സംരക്ഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടത്. അര്‍ണബിന്റെ വ്യക്തി സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഉയര്‍ത്തിക്കാട്ടിയായിരുന്നു അത്. ഇന്നിപ്പോള്‍ ഭരണഘടനയുടെ 21, 22 അനുഛേദങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അതേ നീതിപീഠം അര്‍ണബിന് സംരക്ഷണ കവചമൊരുക്കുന്നത്.

ALSO READ  കുരുന്നുകുരുതികളുടെ രാഷ്ട്രീയമിതാണ്

അര്‍ണബ് ഗോസ്വാമി അര്‍ഹിക്കുന്ന പൗരാവകാശങ്ങള്‍ ലഭിക്കാതെ പോകട്ടെ എന്നാഗ്രഹിക്കുന്നില്ല. മൗലികാവകാശങ്ങളുടെ ലംഘനം ബോധ്യപ്പെട്ടതില്‍ സുപ്രീം കോടതി ഇടപെടല്‍ നടത്തിയത് നല്ലത് തന്നെ. അന്വേഷണം പാതിവഴിയില്‍ നില്‍ക്കെ പണവും അധികാര രാഷ്ട്രീയ സ്വാധീനവുമുള്ള അര്‍ണബിനെപ്പോലെയുള്ള ഒരാള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സ്വാഭാവികമായി കടന്നു വരേണ്ടതാണ്. അസാധാരണ തിടുക്കത്തോടെ കേസ് ലിസ്റ്റ് ചെയ്തത് മുതല്‍ വിധിതീര്‍പ്പ് വരെ അസ്വാഭാവികമായും അസാമാന്യ വേഗത്തിലും കൈകാര്യം ചെയ്യുമ്പോള്‍ നീതിപീഠം കാണാതെ പോകുന്ന ഭാഗ്യഹീനരെ പ്രതി ആവലാതിപ്പെടുക മാത്രമാണ് നാം ചെയ്യുന്നത്.

മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് പോലും കിട്ടാതെ പോയ നീതിയാണ് അര്‍ണബ് ഗോസ്വാമിക്ക് ലഭിക്കുന്നത്. അര്‍ണബിനെ രാഷ്ട്രീയമായി വേട്ടയാടുകയായിരുന്നെന്നും അതില്‍ നിന്ന് സംരക്ഷിക്കല്‍ നീതിപീഠത്തിന്റെ കടമയാണെന്നും ഇടക്കാല ജാമ്യമനുവദിച്ചു കൊണ്ടുള്ള വിധിയില്‍ സൂചിപ്പിക്കുന്നുണ്ട്. ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കുക വഴി ജമ്മു കശ്മീരിന്റെ സവിശേഷ പദവി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്ക് പിന്നാലെ നൂറുകണക്കിന് പൗരന്‍മാരെ ഭരണകൂടം വീട്ടുതടങ്കലിലും ജയിലിലുമാക്കി. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അവരുടെ റിട്ട് ഹരജികള്‍ സുപ്രീം കോടതിയിലും ജമ്മു കശ്മീര്‍ ഹൈക്കോടതിയിലും കെട്ടിക്കിടക്കുന്നുണ്ട്. അവരും രാഷ്ട്രീയമായി വേട്ടയാടപ്പെട്ടവരായിരുന്നു. സമീപകാലത്തെ ക്രൂരമായ ഭരണകൂട വേട്ടയുടെ ഇരയായിരുന്നു ഡോ. കഫീല്‍ ഖാന്‍. ദേശീയ സുരക്ഷാ നിയമം (എന്‍ എസ് എ) ഉള്‍പ്പെടെ ഗുരുതര കുറ്റങ്ങള്‍ തരംപോലെ ചുമത്തി യോഗി ആതിദ്യനാഥിന്റെ യു പി പോലീസ് പിന്തുടര്‍ന്ന് വേട്ടയാടുകയായിരുന്നു അദ്ദേഹത്തെ. അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവറയില്‍ അഴിയെണ്ണുന്ന, അര്‍ണബ് ഗോസ്വാമി അവകാശപ്പെടുന്ന അതേ മാധ്യമ സ്വാതന്ത്ര്യം അര്‍ഹിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ തന്നെയും ഭരണകൂട ഭീകരതയുടെ ഇരയായി ഹരജികളില്‍ തീര്‍പ്പുകാത്ത് നില്‍പ്പുണ്ടിവിടെ. അതൊന്നും നീതിപീഠങ്ങള്‍ക്ക് പരിഗണനീയ വിഷയങ്ങളായി വരാത്തതില്‍ പ്രതിഷേധിക്കുന്നവരെ സന്ദേഹവാദികളാക്കിയാല്‍ അവസാനിക്കുന്നതല്ല പ്രശ്‌നം.

ഭരണഘടനാ ശില്‍പ്പികള്‍ ഇന്ത്യന്‍ ഭരണഘടനയുടെ മര്‍മമെന്ന് വിശേഷിപ്പിച്ച 32ാം ഭരണഘടനാനുഛേദത്തെ കുറിച്ച്, അനുഛേദം 32 പ്രകാരമുള്ള ഹരജികള്‍ നിരുത്സാഹപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഈ വാരത്തില്‍ രണ്ട് തവണയാണ് പറഞ്ഞത്. മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കവെ തിങ്കളാഴ്ചയാണ് അത്തരമൊരു പരാമര്‍ശം അദ്ദേഹം നടത്തിയത്. ഒരു തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് തൊട്ടടുത്ത ദിവസം മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറയോടും ചീഫ് ജസ്റ്റിസ് അക്കാര്യം ആവര്‍ത്തിക്കുകയുണ്ടായി. താങ്ങാനാകാത്ത ജോലി ഭാരമാകാം പ്രസ്തുത പരാമര്‍ശത്തിന് നിദാനമെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ അടുപ്പക്കാരായ അര്‍ണബ് ഗോസ്വാമിയെപ്പോലുള്ളവര്‍ വിചാരിക്കുന്ന മാത്രയില്‍ നീതിപീഠം കനിയുന്ന പരിതസ്ഥിതിയില്‍ നിയമ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങള്‍ അസ്ഥാനത്തല്ല. അത് അര്‍ണബിനുള്ള സന്ദേശമാണോ അല്ലെങ്കില്‍ നീതി കാത്ത് കഴിയുന്ന രാജ്യത്തെ ഹതാശരായ പൗരന്‍മാര്‍ക്കുള്ള മുന്നറിയിപ്പാണോ എന്നതാണ് ചിന്താവിഷയം.

ALSO READ  ജനാധിപത്യത്തിന് വിലയിടുന്ന സംഘ്പരിവാര്‍ രാജ്യദ്രോഹം