ഇന്ത്യക്കാര്‍ക്ക് ചെലവഴിക്കാന്‍ കൂടുതല്‍ ഇഷ്ടം വിനോദത്തിനും പ്രീമിയത്തിനും

Posted on: November 18, 2020 5:39 pm | Last updated: November 18, 2020 at 5:39 pm

മുംബൈ | വീഡിയോ, ഓഡിയോ ഗുണമേന്മ കൂടുതലുള്ള പ്രീമിയം സബ്‌സ്‌ക്രിപ്ഷന് പണം ചെലവഴിക്കാനാണ് ഇന്ത്യക്കാര്‍ ഇഷ്ടപ്പെടുന്നതെന്ന് സര്‍വേ ഫലം. ഡോള്‍ബി ലാബിന് വേണ്ടി വേക്ഫീല്‍ഡ് റിസര്‍ച്ച് നാല് രാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ മാസം ഒന്നിനും 16നും ഇടയിലാണ് സര്‍വേ നടത്തിയത്.

ഇന്ത്യ, ചൈന, ഫ്രാന്‍സ്, യു എസ് എന്നീ രാജ്യങ്ങളിലാണ് സര്‍വേ നടത്തിയത്. ഇന്ത്യയില്‍ ആയിരം പേരാണ് പ്രതികരിച്ചത്. ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ് നഗരങ്ങളിലാണ് പഠനം നടത്തിയത്.

മഹാമാരി കാലത്ത് ഉപഭോക്തൃ സ്വഭാവം മാറുന്നത് മനസ്സിലാക്കാനാണ് പഠനം നടത്തിയത്. വീട്ടില്‍ ദീര്‍ഘ നേരം ചെലവഴിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതിനാലാകാം ഇന്ത്യന്‍ ഉപഭോക്താക്കള്‍ മികച്ച അനുഭവത്തിന് മുന്‍ഗണന നല്‍കുന്നതെന്ന് പഠനത്തില്‍ പറയുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ വിനോദത്തിനുള്ള ഉപകരണങ്ങള്‍ പരിഷ്‌കരിക്കാന്‍ 96 ശതമാനം ഇന്ത്യക്കാരും ആഗ്രഹിക്കുന്നതായും സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്.