Connect with us

National

ലഡാക്കില്‍ ഇനി കനത്ത മഞ്ഞുവീഴ്ചയുടെ കാലം; സൈനികര്‍ക്ക് അത്യാധുനിക താമസസൗകര്യങ്ങള്‍ സജ്ജമാക്കി

Published

|

Last Updated

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ സൈനികര്‍ക്കായി ഒരുക്കിയ താമസ സൗകര്യം

ന്യൂഡല്‍ഹി | ഇന്ത്യ – ചൈന സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കില്‍ മഞ്ഞുവീഴ്ചയുടെ കാലമായതോടെ സൈനികര്‍ക്ക് അത്യാധുനിക താമസ സൗകര്യങ്ങള്‍ സജ്ജമാക്കി. മൈനസ് 40 ഡിഗ്രിവരെ താപനില താഴുകയും 40 അടി ഉയരത്തില്‍ വരെ മഞ്ഞുവീഴ്ച ഉണ്ടാവുകയും ചെയ്യുന്ന സീസണാണ് കിഴക്കന്‍ ലഡാക്കില്‍ ഇപ്പോള്‍. ഈ ദുര്‍ഘട സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ലഡാക്കില്‍ വരുത്തിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ആറുമാസത്തിലേറെയായി കിഴക്കന്‍ ലഡാക്കില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈനികരുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി, കഠിനമായ ശൈത്യകാലത്തെ അഭിമുഖീകരിക്കുക എന്നതാണ്. ജൂലൈ മുതല്‍ സൈന്യം ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ലഡാക്കില്‍ സേവനമനുഷ്ടിക്കുന്ന സൈനികരുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താന്‍ സ്മാര്‍ട്ട് ക്യാമ്പുകളും തണുപ്പിനെ ചെറുക്കാന്‍ സാധിക്കുന്ന പ്രത്യേകതരം വസ്ത്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ബാരല്‍ ടൈപ്പ് ഷെല്‍ട്ടറുകള്‍, വേഗത്തില്‍ സ്ഥാപിക്കാവുന്ന മോഡുലാര്‍ ഷെല്‍ട്ടറുകള്‍, വെഹികിള്‍ ഷെഡുകള്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ മണ്ണെണ്ണ ഹീറ്ററുകള്‍, മരുന്നുകള്‍, മുറി ചൂടാക്കി നിര്‍ത്തുന്ന ഹീറ്ററുകള്‍ തുടങ്ങിയവയും സംവിധാനിച്ചിട്ടുണ്ട്. അതിശൈത്യത്തില്‍ അണിയുന്ന 11,000 സെറ്റ് പ്രത്യേക വസ്ത്രങ്ങളും അടുത്തിടെ യുഎസില്‍ നിന്ന് എത്തിച്ചിരുന്നു.

മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന സൈനികരെ, വിന്യാസത്തിന്റെ തന്ത്രപരമായ പരിഗണനകളനുസരിച്ച് ചൂടുള്ള കൂടാരങ്ങളില്‍ പാര്‍പ്പിക്കും. കൂടാതെ, സൈനികരുടെ അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മതിയായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയെന്നും ഇന്ത്യന്‍ സൈന്യം പറയുന്നു.

നവംബറിന് ശേഷമാണ് ലഡാക്ക് മേഖലയില്‍ കനത്ത മഞ്ഞുവീഴ്ച ആരംഭിക്കുന്നത്. ഈ സീസണില്‍ 40 അടിവരെ ഉയരത്തില്‍ മഞ്ഞുവീഴ്ച അനുഭവപ്പെടാറുണ്ട്. ഇതോടെ ഇവിടേക്കുള്ള ഗതാഗത സൗകര്യങ്ങളും തടസ്സപ്പെടും. ഗാല്‍വാന്‍, പാങ്കോംഗ്, സൗത്ത് പാങ്കോംഗ് പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ താപനില മൈനസ 25 ഡിഗ്രി വരെ കുറഞ്ഞിട്ടുണ്ട്.

ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയില്‍ 50,000 സൈനികര്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് എല്ലാം ആവശ്യമായ സൗകര്യങ്ങള്‍ മേഖലയില്‍ ഒരുക്കിതയായി സൈന്യം അറിയിച്ചു.

Latest