ബീഹാര്‍ മന്ത്രിസഭയില്‍ മുസ്ലിം പ്രാതിനിധ്യമില്ല; ചരിത്രത്തില്‍ ആദ്യം

Posted on: November 18, 2020 4:40 pm | Last updated: November 18, 2020 at 6:06 pm

പറ്റ്‌ന | ബീഹാറില്‍ നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അധികാരമേറ്റ എന്‍ഡിഎ മന്ത്രിസഭയില്‍ മുസ്ലിം പ്രാതിനിധ്യമില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് മുസ്ലിം പ്രാതിനിധ്യം ഇല്ലാത്ത മന്ത്രിസഭ ബീഹാറില്‍ അധികാരത്തില്‍ വരുന്നത്. ബീഹാര്‍ ജനസംഖ്യയില്‍ 17 ശതമാനം മുസ്ലീംകളാണ് എന്നിരിക്കെയാണ് മുസ്ലിംകള്‍ക്ക് പ്രാതിനിധ്യമില്ലാത്ത സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്.

14 അംഗ മന്ത്രിസഭയാണ് ബീഹാറില്‍ അധികാരമേറ്റത്. ഇതില്‍ ദളിത്, യാദവ, ഭുമിഹര്‍, ബ്രാഹ്മിണ്‍, രജ്പുത് തുടങ്ങിയ സമുദായങ്ങള്‍ക്ക് എല്ലാം പ്രാതിനിധ്യമുണ്ട്. മുസ്ലിം പ്രതിനിധികള്‍ ആരും മന്ത്രിസഭയിലില്ല. എന്‍ഡിഎയില്‍ മുസ്ലിം എംഎല്‍എമാര്‍ ആരും ഇല്ല എന്നതാണ് ഇതിന് കാരണമായത്. എന്‍ഡിഎ സഖ്യകക്ഷികളില്‍ ജെഡിയു മാത്രമാണ് മുസ്ലീംകളെ മത്സരിപ്പിച്ചിരുന്നത്. എന്നാല്‍ ജെഡിയു സ്ഥാനാര്‍ഥികളായി മത്സരിച്ച 11 മുസ്ലിംകളും പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ തവണ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ന്യൂനപക്ഷ മന്ത്രിയായിരുന്ന ഖുര്‍ഷിദ് അലാമും പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടും. മുസ്ലിം ജനസംഖ്യ കൂടുതലുള്ള സീമാഞ്ചല്‍ മേഖലയിലാണ് ജെഡിയുവിന്റെ ആറ് മുസ്ലിം സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. ഇവിടെ പക്ഷേ അഞ്ചിടങ്ങളില്‍ ഉവൈസിയുടെ സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.

മഹാസഖ്യത്തില്‍ ചേര്‍ന്ന് മത്സരിച്ച നിരവധി മുസ്ലിം സ്ഥാനാര്‍ഥികള്‍ വിജയച്ചിട്ടുണ്ട്. ആര്‍ജെഡിക്ക് എട്ടും കോണ്‍ഗ്രസിന് നാലും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മിന് അഞ്ചും ഇടതുപാര്‍ട്ടികള്‍ക്ക് ഒന്നും മുസ്ലിം എംഎല്‍എമാരുണ്ട്. ബിഎസ്പിയുടെ ഏക എംഎല്‍എയും മുസ്ലിമാണ്.

സോഷ്യലിസ്​റ്റ്​ പാരമ്പര്യത്തിൽ ഉദയം ചെയ്​ത ജെ.ഡി.യുവിൽ മുസ്​ലിം എം.എൽ.എമാരില്ലാത്തത്​ വൻ തിരിച്ചടി തന്നെയാണെന്ന്​ 40 വർഷത്തിലേറെയായി ലാലു പ്രസാദിനും നിതീഷിനുമൊപ്പം പ്രവർത്തിച്ച മുതിർന്ന സോഷ്യലിസ്​റ്റ്​ നേതാവ് ശിവാനന്ദ് തിവാരി ആരോപിച്ചു. ജെ.ഡി.യുവിനെ ബി.ജെ.പി കീഴടക്കുകയാണ്​. സീമാഞ്ചൽ, മിഥില മേഖലകളിലെ തെരഞ്ഞെടുപ്പ്​ പ്രചാരണ യോഗങ്ങൾ ഇതി​െൻറ ഉദാഹരണമാണ്​. പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ് ശ്രീറാം എന്ന് ആക്രോശിക്കു​േമ്പാഴും ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370ൽ ഭേദഗതി വരുത്തിയതിനെ കുറിച്ച്​ സംസാരിക്കു​േമ്പാഴും നിതീഷ് കാഴ്ചക്കാരനായി മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും ജെ.ഡി.യുവും ഒന്നാണെന്ന്​ ന്യൂനപക്ഷങ്ങൾ വിലയിരുത്തിയതാണ് ജെഡിയുവിനെ മുസ്ലിംകൾ കെെയൊഴിയാൻ കാരണമെന്നും ശിവാനന്ദ് തിവാരി പറഞ്ഞു.

മന്ത്രിസഭയില്‍ മുസ്ലിം പ്രാതിനിധ്യം ഇല്ലാതെ പോയതിന് മുസ്ലീംകള്‍ തന്നെയാണ് കാരണക്കാര്‍ എന്ന് ജെഡിയുവിന്റെ ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് തന്‍വീര്‍ അഖ്തര്‍ പറഞ്ഞു. ജെഡിയു നിര്‍ത്തിയ 11 മുസ്ലിം സ്ഥാനാര്‍ഥികളെയും അവര്‍ പിന്തുണച്ചില്ല. ജെഡിയുവിനോട് മുസ്ലിംകള്‍ നീതി കാണിച്ചില്ല. അതിനാല്‍ മുസ്ലീംകളുടെ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് തനിക്ക് നിതീഷ്‌കുമാറിനോട് അഭ്യര്‍ഥിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മെമ്പര്‍ ഓഫ് ലെജിസ്‌ളേറ്റീവ് കൗണ്‍സിലില്‍ (എംഎല്‍സി) നിരവധി മുസ്ലിം പ്രതിനിധികളുണ്ട്. ഭാവിയില്‍ മന്ത്രിസഭ വികസിപ്പിക്കുമ്പോള്‍ ഇവരില്‍ നിന്ന് ആരെയെങ്കിലും ക്യാബിനറ്റില്‍ ഉള്‍പ്പെടുത്താന്‍ നിതീഷ്‌കുമാറിന് സാധിക്കും. അതുണ്ടാകുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

ALSO READ  ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി വെടിയേറ്റു മരിച്ചു