ലോകത്ത് കൊവിഡ് കേസുകളും മരണങ്ങളും വീണ്ടും വലിയ തോതില്‍ ഉയരുന്നു

Posted on: November 18, 2020 7:33 am | Last updated: November 18, 2020 at 11:33 am

ന്യൂയോര്‍ക്ക് |  കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധി ലോകരാജ്യങ്ങളില്‍ വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ അഞ്ചര ലക്ഷത്തോളം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍. 5,59,26,537 പേര്‍ക്ക് ഇതിനകം വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം 13,42,805 ജീവനുകളും വൈറസ് മൂലം ഇതിനകം നഷ്ടപ്പെട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം 3,89,29,744 ആയി ഉയര്‍ന്നു. അമേരിക്കയിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും സ്ഥിതി വീണ്ടും ആശങ്ക ഉണര്‍ത്തുന്നാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഒന്നരലക്ഷത്തിലധികം പുതിയ കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ 1,16,93,013 കേസുകളും 2,54,250 മരണങ്ങളും ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. എഴുപത് ലക്ഷത്തിലധികം പേര്‍ സുഖം പ്രാപിച്ചു. എന്നാല്‍ രോഗവ്യാപനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ കേസുകള്‍ കുറയുകയാണ്.

ബ്രസീലില്‍ ഇതുവരെ 59,11,758 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,83,423 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,66,743 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഫ്രാന്‍സാണ് നാലാം സ്ഥാനത്ത്. രാജ്യത്ത് ഇരുപത് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 46,273 പേര്‍ മരിച്ചു. റഷ്യയിലും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്.19,71,013 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 33,931 മരണങ്ങളും റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.