Connect with us

Kerala

സ്വദേശി ജാഗരൺ മഞ്ച്: വർഗീയ വിത്തിട്ട് തുടക്കം, കേരളത്തിലാദ്യം കോഴിക്കോട്

Published

|

Last Updated

കോഴിക്കോട് | കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ച കിഫ്ബിയെ സംശയത്തിന്റെ പുകമറയിൽ നിർത്തി ദുരൂഹത പടർത്താൻ മുന്നിട്ടിറങ്ങിയ സ്വദേശി ജാഗരൺ മഞ്ചിന്റെ വേര് കേരളത്തിൽ വർഗീയതയുടെ ആദ്യ വിത്തു വീണ കാലത്തോളം.

ദത്തോപാന്ത് ഠേംഗ്ടി എന്ന ആർ എസ് എസ് പ്രചാരകനാണ് ഈ സംഘടനയുടെ സ്ഥാപകൻ. ഭാരതത്തിൽ സ്വദേശീ സങ്കൽപ്പത്തിന്റെ ഉന്നതി ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സാംസ്‌കാരിക സംഘടന എന്ന് സ്വയം പരിചയപ്പെടുത്തി 1991 നവംബർ 22 നാണ് സംഘടനക്ക് രൂപം നൽകിയത്. കേരളത്തിൽ ആർ എസ് എസ് പ്രവർത്തനം ആരംഭിക്കാൻ നിയോഗിക്കപ്പെട്ട ആദ്യത്തെ പ്രചാരകനായിരുന്നു ഠേംഗ്ഡി. കേരളത്തിലാദ്യമായി കോഴിക്കോട് ജില്ലയിൽ ആർ എസ് എസ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത് അദ്ദേഹമാണ്. ഹിന്ദു- മുസ്‌ലിംകൾ ഐക്യത്തോടെ കഴിഞ്ഞിരുന്ന വെള്ളയിൽ പ്രദേശം കേന്ദ്രീകരിച്ച് ഹിന്ദുക്കളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു കോഴിക്കോട്ട് ആർ എസ് എസ് സാന്നിധ്യം അറിയിച്ചത്.

ദത്തോപാന്ത് ഠേംഗ്ഡിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് നവംബർ 10ന് സ്വദേശി ജാഗരൺ മഞ്ച് കേരളാ ഘടകം സംഘടിപ്പിച്ച വെബിനാറിനെ തുടർന്നാണ് കേരളത്തിന്റെ മുഖച്ഛായമാറ്റിയ വികസന പ്രവർത്തനങ്ങളുടെ വേരറുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതെന്നാണ് വിവരം. ആർ എസ് ലക്ഷ്യമിടുന്ന ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി അധികാരം പരിമിതപ്പെടുത്തി സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ ആശ്രിതരാക്കി മാറ്റണം എന്ന അഭിപ്രായം ആർ എസ് എസ് ബുദ്ധിജീവികൾ നേരത്തേ ഉയർത്തുന്നുണ്ട്.

ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങളുടെ അധികാരത്തിൻ കീഴിൽ വരുന്ന വിഷയങ്ങളിൽപ്പോലും വിവിധ നിയമ നിർമാണങ്ങളിലൂടെ ഇടപെടാനുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. ചരക്ക് സേവന നികുതി (ജി എസ് ടി) നടപ്പാക്കിയതോടെ സംസ്ഥാനങ്ങൾക്ക് സ്വന്തമായി വിഭവ സമാഹരണം നടത്തുന്നതിനുള്ള സ്വാതന്ത്ര്യം ഇല്ലാതായി. അതിന് പിന്നാലെ കൃഷി, ക്രമസമാധാനം, ജലവിഭവം തുടങ്ങി സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്ന വിവിധ വിഷയങ്ങളിൽ കേന്ദ്രം ഇടപെടുകയാണ്. യു എ പി എ, എൻ ഐ എ നിയമങ്ങൾ ഭേദഗതി ചെയ്ത് നീതിന്യായ രംഗത്ത് സംസ്ഥാനങ്ങളുടെ അനുമതി കൂടാതെ ഇടപെടാനുള്ള അവസരം സൃഷ്ടിച്ചു.

കേന്ദ്ര സർക്കാർ നേരിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ എണ്ണം കൂട്ടി സംസ്ഥാന സർക്കാറുകളുടെ പ്രസക്തി ഇല്ലാതാക്കുകയാണ് ഇതിൽ പ്രധാനം. ഉജ്ജ്വല, പി എം കിസാൻ, സ്വച്ച് ഭാരത്, ആയുഷ്മാൻ ഭാരത് തുടങ്ങിയ കേന്ദ്ര പദ്ധതികൾ തയാറാക്കുന്നത് ഇതിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് റോഡ്, പാലം, ഫ്ളൈ ഓവറുകൾ, ഹൈവേകൾ, ആശുപത്രി, ഹൈടെക് സ്‌കൂളുകൾ തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് കേന്ദ്ര ആശ്രിതത്വമില്ലാതെ കേരളം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കിയത്. കേരളം സ്വന്തം നിലയിൽ മുന്നേറുന്നത് സംഘ്പരിവാർ കേന്ദ്രങ്ങളെ അലോസരപ്പെടുത്തിയിരുന്നതായി വെബിനാർ ചർച്ചകളിൽ സൂചനയുണ്ടായിരുന്നു.

അതിന്റെ ഫലമായാണ് കിഫ്ബിയുടെ വായ്പയെടുക്കൽ ഭരണഘടനാ വിരുദ്ധമെന്ന അഭിപ്രായം ഉരുത്തിരിഞ്ഞുവന്നത്. തുടർന്ന് ഹൈക്കോടതിയിൽ ഹരജിക്കായി നീങ്ങുകയായിരുന്നു എന്നാണ് വിവരം. ആസൂത്രിതമായാണ് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. മാത്യു കുഴൽനാടൻ വഴി സ്വദേശി ജാഗരൺ മഞ്ച് നേതാവ് ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തതെന്നാണ് സൂചന.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest