ഹൈന്ദവ ചടങ്ങില്‍ പങ്കെടുത്തതിന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം മാപ്പ് പറഞ്ഞു

Posted on: November 17, 2020 3:54 pm | Last updated: November 17, 2020 at 3:54 pm

ധാക്ക | കൊല്‍ക്കത്തയില്‍ ഒരു ഹൈന്ദവ ചടങ്ങില്‍ പങ്കെടുത്തത് വിവാദമായ സാഹചര്യത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാകിബ് ഹസ്സന്‍ മാപ്പ് പറഞ്ഞു. താന്‍ ഒരു ബോധമുള്ള മുസ്ലിമാണെന്നും അത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നും ഇതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിമായ താന്‍ എല്ലായ്‌പോഴും മതപരമായ ആചാരങ്ങള്‍ പിന്തുടരുന്നയാളാണ്. രണ്ട് മിനുട്ട് നേരം മാത്രമാണ് പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ താന്‍ ആണ് ആ ചടങ്ങ് ഉദ്ഘാടനം ചെയ്തത് എന്ന മട്ടിലാണ് പ്രചാരണം നടക്കുന്നത്. അത് ശരിയല്ല. പക്ഷേ അവിടെ താന്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു. താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കണം – ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ അദ്ദേഹം വ്യക്തമാക്കി.

പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഷാക് ഹസനെതിരെ വധഭീഷണി വരെ ഉയര്‍ന്നിരുന്നു. ഫേസ്ബുക്കില്‍ വധഭീഷണി ഉയര്‍ത്തിയ ആള്‍ പിന്നീട് മാപ്പ് പറയുകയും ഒളിവില്‍ പോകുകയും ചെയ്തു.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ മികച്ച റാങ്കില്‍ നില്‍ക്കുന്ന താരമാണ് ഷാകിബ്. എന്നാല്‍ അഒഴിമതി ആരോപണത്തിന്റെ പേരില്‍ 2019ല്‍ അദ്ദേഹത്തിന് രണ്ട് വര്‍ഷം ഐസിസി വിലക്കേര്‍പ്പെടുത്തിയിരുന്നു.