ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; മാര്‍ക്കറ്റുകള്‍ അടച്ചിടാന്‍ അനുമതി തേടി

Posted on: November 17, 2020 3:43 pm | Last updated: November 17, 2020 at 5:57 pm

ന്യൂഡല്‍ഹി | കൊവിഡ് കേസുകള്‍ നാള്‍ക്കുനാള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയിലെ ജനത്തിരക്കേറിയ മാര്‍ക്കറ്റുകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി നേടിയതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പെടുത്തില്ലെന്ന് കഴിഞ്ഞ ദിവസം കെജരിവാള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊവിഡ് ഹോട്‌സ്‌പോട്ടായി മാറുന്ന മാര്‍ക്കറ്റുകള്‍ കുറച്ചുദിവസം അടച്ചിടുകയല്ലാതെ വഴയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മാര്‍ക്കറ്റുകളില്‍ സാമൂഹിക അകലം ഉള്‍പ്പെടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും കെജരിവാള്‍ പറഞ്ഞു.

വിവാഹപാര്‍ട്ടികളില്‍ 200 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കിയത് 50 ആയി ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കാന്‍ ലഫ്. ഗവര്‍ണറുടെ അനുമതി തേടിയതായി മുഖ്യമന്ത്രി അറിയിച്ചു.

പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സഹായങ്ങള്‍ക്ക് കെജരിവാള്‍ നന്ദി അറിയിച്ചു. ആളുകള്‍ മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കൊവിഡിനെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും മറ്റു ഏജന്‍സികളും അശ്രാന്ത പരിശ്രമമാണ് നടത്തുന്നത്. ഇത് നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും സുരക്ഷക്ക് വേണ്ടിയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

നവംബര്‍ മൂന്നിന് ശേഷം ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണ്. നവംബര്‍ ആറിന് അത് ആദ്യമായി ഏഴായിരം കടന്നു. ഇതോടെ ഡല്‍ഹിയില്‍ 12 ഇന പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസഥാനത്ത് ഇതുവരെ 4.89 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.