യു പിയില്‍ ഏഴ്‌ വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; നാല് പേര്‍ അറസ്റ്റില്‍

Posted on: November 17, 2020 10:01 am | Last updated: November 17, 2020 at 4:51 pm

ലഖ്‌നൗ | ഉത്തര്‍പ്രദേശില്‍ കൊടും ക്രൂരത നിറഞ്ഞ ബലാത്സംഗ കൊലപാതകങ്ങള്‍ തുടരുന്നു. കാണ്‍പുരില്‍ ഏഴ്‌
വയസ്സുകാരിയുടെ മൃതദേഹം കഴിഞ്ഞ ദിവസം വികൃതമായ നിലയില്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. ഗദ്ദംപുര്‍ സ്വദേശികളായ അങ്കുല്‍ കുരില്‍ (20) ബീരന്‍ (31) പരുശുറാം, ഇയാളുടെ ഭാര്യ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

പെണ്‍കുട്ടിയുടെ കൊലപാതകം സംബന്ധിച്ച് പോലീസ് നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ്. അന്ധവിശ്വാസത്തിന്റെ ഭാഗമായി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശരീരം കുത്തിക്കീറി ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരികാവയങ്ങള്‍ പ്രതികള്‍ പുറത്തെടുത്തെന്നും പോലീസ് പറഞ്ഞു.

പ്രതികളായ പരശുറാമിനും ഭാര്യക്കും വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളുണ്ടായിരുന്നില്ല. ഒരു പെണ്‍കുട്ടിയുടെ ശ്വാസകോശം ഉപയോഗിച്ച് ആഭിചാരം നടത്തിയാല്‍ ഭാര്യ ഗര്‍ഭം ധരിക്കുമെന്നും കുഞ്ഞിന് ജന്മം നല്‍കുമെന്നുമായിരുന്നു ഇയാളുടെ വിശ്വാസം. ഇക്കാര്യം ബന്ധുവായ അങ്കുലിനെയും ബീരനെയും അറിയിക്കുകയും ചെയ്തു.തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ ഉപയോഗിച്ച് ആഭിചാരം നടത്താന്‍ തീരുമാനിച്ചത്.

ശനിയാഴ്ച വൈകിട്ടാണ് കടയിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ അങ്കുലും ബീരനും വനത്തിനുള്ളിലേക്ക് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരം കുത്തിക്കീറിയ പ്രതികള്‍ ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരികാവയങ്ങള്‍ പുറത്തെടുത്ത് മൃതദേഹം വനത്തില്‍ തന്നെ ഉപേക്ഷിച്ചു. തുടര്‍ന്ന് ശ്വാസകോശം ആഭിചാര ക്രിയക്ക് കൈമാറുകയായിരുന്നു.കേസില്‍ പ്രതികളായ അങ്കുലിനെയും ബീരാനെയും ഞായറാഴ്ച തന്നെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇവര്‍ നല്‍കിയ വിവരമനുസരിച്ചാണ് പരശുറാമിനെയും ഭാര്യയേയും പിടികൂടിയത്.